സിനിമാ മേഖലയിൽ നിന്ന് ലൈംഗിക ചൂഷണത്തിന് ഇരയായ സ്ത്രീകൾ നൽകിയ പരാതികളിൽ ഇതുവരെ ഇരുപതോളം കേസുകൾ രജിസ്റ്റർ ചെയ്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള ചലച്ചിത്ര മേഖലയിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തി നിരവധി സ്ത്രീകളാണ് രംഗത്തെത്തിയത്.
സംവിധായകൻ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച ബംഗാളി നടിയാണ് ആദ്യം പോലീസിൽ പരാതിപ്പെട്ടത്. പിന്നാലെ സിദ്ദിഖിനെതിരെ വെളിപ്പെടുത്തൽ നടത്തിയ നടിയും പരാതി നൽകി. മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു, ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന അഡ്വ.വി.എസ് ചന്ദ്രശേഖരൻ എന്നിവർക്കതിരെ മറ്റൊരു നടികൂടി പരാതി നൽകിയതോടെ വിവാദം ചൂടുപിടിച്ചു. നടൻ ബാബുരാജ്, സംവിധായകൻ ശ്രീകുമാർ മേനോൻ എന്നിവർക്കെതിരേ ആരോപണമുന്നയിച്ച ജൂനിയർ നടിയും അന്വേഷണസംഘത്തിന് ഇ മെയിൽ വഴി പരാതി കൈമാറി. സംവിധായകൻ സുധീറിനെതിരെ മറ്റൊരു ജൂനിയർ ആർട്ടിസ്റ്റും പരാതി നൽകി.
കേസുകൾ ഇങ്ങനെ
സിദ്ദിഖ്
യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 376 ( ബലാത്സംഗം), 506 ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിൽ വെച്ച് പരാതിക്കാരിയെ 2016ൽ നടൻ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് എഫ്ഐആർ. ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് നടി പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു.
രഞ്ജിത്ത്
ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. പഴയ ഐപിസി 354 (സ്ത്രീത്വത്തെ അപമാനിക്കൽ) വകുപ്പ് പ്രകാരമാണ് കേസ്.
രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ ദുരനുഭവമുണ്ടായിരുന്നതായി നടി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴി നടി പരാതി നൽകിയത്. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് കയ്യിലും വളകളിലും പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും നടി പരാതിയിൽ പറയുന്നു.
മുകേഷ്
മരട് പൊലീസാണ് മുകേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ആലുവയിലെ ഫ്ലാറ്റിൽ എത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസിന്റെ തുടർനടപടികളിലേക്ക് പൊലീസ് കടന്നത്. ഭാരതീയ ന്യായ സംഹിത 376 (ബലാത്സംഗം), 509 (സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം), 354 (സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ബലപ്രയോഗം), 452 (അതിക്രമിച്ചുകടക്കൽ) തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്.
ജയസൂര്യ
സെക്രട്ടറിയേറ്റിൽ അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയിൽ ജയസൂര്യയ്‌ക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.
ഭാരതീയ ന്യായ സംഹിത 354 (സ്ത്രീത്വത്തെ അപമാനിക്കൽ) 354 എ (ലൈംഗിക താല്പര്യങ്ങൾക്ക് വഴങ്ങാൻ ആവശ്യപ്പെടൽ) 509 (സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഷൂട്ടിങ് സെറ്റായിരുന്ന, സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ വെച്ച് ജയസൂര്യ പരാതിക്കാരിയെ കടന്നുപിടിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
ഇടവേള ബാബു
നടിയുടെ പരാതിയിൽ ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പൊലീസ് ആണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 376 (ബലാത്സംഗം), 354 (സ്ത്രീത്വത്തെ അപമാനിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. 'അമ്മ'യിൽ അംഗത്വം വാഗ്ദാനം ചെയ്തായിരുന്നു പീഡനം എന്നാണ് പരാതി. അംഗത്വത്തിന് അപേക്ഷ നൽകാൻ ഫ്ലാറ്റിലേക് വിളിച്ച് വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
മണിയൻപിള്ള രാജു
ടാ തടിയാ' സിനിമയുടെ സെറ്റിൽ വെച്ച് പീഡിപ്പിച്ചെന്നാണ് മണിയൻപിള്ള രാജുവിനെതിരായ പരാതി. ഭാരതീയ ന്യായ സംഹിത 376(1) പ്രകാരമാണ് കേസ്. ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്.
ഇതേ നടിയുടെ പരാതിയിൽ പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെ പാലാരിവട്ടം പൊലീസും വിച്ചുവിനെതിരെ നെടുമ്പാശ്ശേരി പൊലീസും കേസ് രജിസ്റ്റർ ചെയ്തു. ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന അഡ്വ. ചന്ദ്രശേഖരനെതിരെ ബലാത്സംഗ വകുപ്പ് ചുമത്തിയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്. പീഡന പരാതിക്കു പിന്നാലെ ചന്ദ്രശേഖരൻ കഴഞ്ഞ ദിവസമാണ് സംഘടനയുടെ അധ്യക്ഷ പദവി ഒഴിഞ്ഞത്.
എല്ലാ പരാതികൾക്കും പ്രത്യേക അന്വേഷണ സംഘം
ചലച്ചിത്രമേഖലയിലെ ലൈംഗികാതിക്രമം സംബന്ധിച്ച് വിവിധ പൊലിസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ പരാതികളും അന്വേഷിക്കുന്നത് പ്രത്യേക അന്വേഷണസംഘമാണ്. സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം പൊലിസ് ആസ്ഥാനത്ത് യോഗം ചേർന്നിരുന്നു. യോഗത്തിൽ പരാതികളിൽ തുടരന്വേഷണത്തിന് രൂപം നൽകുകയും എല്ലാ കേസുകളും മുതിർന്ന വനിതാ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കാനും തീരുമാനിച്ചിരുന്നു. ഇതിനായി അന്വേഷണ സംഘത്തിൽ കൂടുതൽ വനിതാ ഓഫീസർമാരെയും ഉൾപ്പെടുത്തി.
പരാതിയിൽ വ്യക്തത വരുത്തിയ ശേഷം മാത്രം അറസ്റ്റ്
അതിജീവതർ നൽകിയ പരാതികളിൽ പ്രാഥമിക മൊഴി എടുപ്പ് പോലീസ് ആരംഭിച്ചിരുന്നു. മൊഴി നൽകിയവരുടെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയതിനു ശേഷം മാത്രം അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇരകൾ നൽകിയ മൊഴിയിലെ വസ്തുതകൾ പരിശോധിച്ചും ശാസ്ത്രീയ, സാഹചര്യ തെളിവുകൾ ശേഖരിച്ചതിനു ശേഷവുമായിരിക്കും. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും തുറന്ന് പറയുന്ന എല്ലാ അതിജീവതരുടെയും മൊഴി എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. തെളിവുകൾ കൈമാറിയാൽ പരാതി ഇല്ലെങ്കിലും കേസെടുക്കും.
സ്റ്റേഷനിൽ എത്താതെ തന്നെ രഹസ്യ മൊഴി നൽകാനും സംവിധാനം ഒരുക്കും. സിനിമാരംഗത്ത് നിന്ന് ദുരനുഭവം നേരിട്ട സ്ത്രീകൾക്ക് സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട് പരാതികൾ ഉന്നയിക്കാൻ 04712330747 എന്ന നമ്പറിൽ പരാതികൾ അറിയിക്കാം. ഇതുവഴി ലഭിക്കുന്ന പരാതികളിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസുകൾ രജിസ്റ്റർ ചെയ്യും. രണ്ട് മേഖലകളായി തിരിച്ചാണ് അന്വേഷിക്കുക. തിരുവനന്തപുരം മുതൽ കൊച്ചി വരെയുള്ള ദക്ഷിണ മേഖലയിലെ അന്വേഷണത്തിന് ഡി.ഐ.ജി അജിതാബീഗവും എസ്.പി മെറിൻ ജോസഫും, തൃശൂർ മുതലുള്ള ഉത്തര മേഖലയിലെ അന്വേഷണത്തിന് എസ്.പിമാരായി ജി.പൂങ്കഴലിയും ഐശ്വര്യ ഡോഗ്രേയും നേതൃത്വം നൽകും.