ലീഗിന്റെ മുഖം നഷ്ടപ്പെട്ടോ എന്ന് നോക്കുന്നതിനു മുന്‍പ് മുഖ്യമന്ത്രി സ്വന്തം മുഖം നോക്കണം- പിഎംഎ സലാം

ലീഗിന്റെ മുഖം നഷ്ടപ്പെട്ടോ എന്ന് നോക്കുന്നതിനു മുന്‍പ് മുഖ്യമന്ത്രി സ്വന്തം മുഖം നോക്കണം- പിഎംഎ സലാം
Published on

മുസ്ലീം ലീഗിന് മുഖം നഷ്ടമായെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍സനത്തിന് മറുപടിയുമായി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ലീഗിന്റെ മുഖം നഷ്ടപ്പെട്ടോയെന്ന് നോക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി സ്വന്തം മുഖമൊന്ന് നോക്കുന്നത് നല്ലതാണെന്ന് പിഎംഎ സലാം പറഞ്ഞു. സിപിഎമ്മില്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയാണ് മുസ്ലീം ലീഗിനെതിരെ പിണറായി തീര്‍ക്കുന്നതെന്നും സലാം പറഞ്ഞു. ഭരണത്തില്‍ സഹികെട്ടാണ് ജനങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്തത്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിനെ പിന്തുണച്ചെങ്കില്‍ പിഡിപി അടക്കമുള്ള പാര്‍ട്ടികള്‍ എല്‍ഡിഎഫിനെയാണ് പിന്തുണച്ചത്.

എന്നിട്ടും പരാജയപ്പെട്ട എല്‍ഡിഎഫ് തിരുത്തുന്നതിനു പകരം ലീഗിനെ പഴിചാരുകയാണെന്ന് സലാം പറഞ്ഞു. മുസ്ലീം ലീഗിനെയും യുഡിഎഫിനെയും രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച വിമര്‍ശിച്ചത്. മുസ്ലീം ലീഗ് വാശിയോടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. എന്നാല്‍ ലീഗിന്റെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ലീഗിന്റെ മുഖം ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിആഐയുടെയുമായി മാറിയെന്ന് പിണറായി പറഞ്ഞു. എന്താണ് ജമാഅത്തെ ഇസ്ലാമിയെന്നും എന്താണ് എസ്ഡിപിഐയെന്നും കോണ്‍ഗ്രസിന് അറിയാം. വിജയത്തില്‍ യുഡിഎഫിന് ആഹ്ലാദിക്കാന്‍ വകയില്ലെന്നും നാല് വോട്ടിന് വേണ്ടി കൂട്ടുകൂടാന്‍ പറ്റാത്തവരുമായി കൂട്ടുകൂടുന്നവരായി ലീഗ് മാറിയെന്നും പിണറായി പറഞ്ഞു.

പ്ലസ് വണ്‍ സീറ്റ് വിഷയത്തിലും പിഎംഎ സലാം സര്‍ക്കാരിനെതിരെ രംഗത്തെത്തി. മൂന്ന് അലോട്ട്‌മെന്റുകള്‍ നടത്തി തിങ്കളാഴ്ച ക്ലാസ് ആരംഭിക്കുമ്പോഴും മലബാറില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ അവസരം ലഭിക്കാതെ പുറത്തു നില്‍ക്കുകയാണ്. വിഷയത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ മുസ്ലീം ലീഗ് സമരം ഏറ്റെടുക്കുമെന്നും സലാം വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in