സര്‍ക്കാരിനെതിരായ ആരോപണത്തില്‍ മലയാള മനോരമ ദിനപത്രത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് മലയാള മനോരമ എന്ന ദിനപത്രം ഉള്ളത് കൊണ്ടാണെന്നും മനോരമ പോലുള്ള ഒരു ദിനപത്രം ഇത്ര അധഃപതിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ 25 വര്‍ഷത്തേക്ക് നീളുന്ന ദീര്‍ഘ കരാറിനെക്കുറിച്ച് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി
എന്തും വിളിച്ച് പറയാന്‍ ഒരു മടിയുമില്ല. ഇങ്ങനെ വിളിച്ചു പറയട്ടെ. മലയാള മനോരമയാണോ പ്രതിപക്ഷ നേതാവാണോ വാര്‍ത്തയുണ്ടാക്കുന്നത് എന്ന് നോക്കിയാല്‍ മതി. പുകമറ സൃഷ്ടിക്കാനാണ് താല്‍പര്യം. മലയാള മനോരമ പോലുള്ള പത്രം ഈ തരത്തിലേക്ക് അധഃപതിച്ചു പോകാന്‍ പാടില്ല. എല്ലാ വൈദ്യുതി കരാറുകളും കെഎസ്ഇബി വെബ്‌സൈറ്റിലുണ്ട്. വൈദ്യുതി മേഖലയില്‍ സ്വകാര്യവത്കരണം കോണ്‍ഗ്രസാണ് തുടങ്ങിവെച്ചത്. അത് പൂര്‍ത്തീകരിക്കുകയാണ് ബിജെപി ചെയ്യുന്നത്. കേരളം വൈദ്യുതി രംഗത്ത് ഇക്കാലത്ത് നല്ല പുരോഗതി നേടിയിട്ടുണ്ട്. അത് തകര്‍ക്കാനുള്ള ശ്രമമാണ്. ഇപ്പോള്‍ ലോഡ് ഷെഡിംഗും പവര്‍കട്ടും ഇല്ലാത്ത 5 വര്‍ഷമാണ്. അതില്‍ കുറച്ച് അസൂയ ഉണ്ടാവും. കുറച്ച് ദിവസം പവര്‍കട്ട് വന്നാല്‍ അവര്‍ക്ക് ആശ്വാസമായിരിക്കും. അതിന് വൈദ്യൂതി ബോര്‍ഡിന്റെ ഇടപെടലുകളെ താറടിച്ച് കാണിക്കുകയാണോ വേണ്ടത്. പ്രതിപക്ഷ നേതാവ് ഇതൊക്കെയാണോ ഉയര്‍ത്തേണ്ടത്. നേരത്തെ കരുതിയ ബോംബ് ഒന്ന് ഇതാണെങ്കില്‍ ഇതും ചീറ്റി പോയെന്നാണ് അനുഭവത്തില്‍ കാണാന്‍ കഴിഞ്ഞത്.
സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള 25 വര്‍ഷത്തേക്ക് നീളുന്ന വൈദ്യൂത കരാറിലൂടെ അദാനി ഗ്രൂപ്പിന് ആയിരം കോടി രൂപയുടെ ലാഭമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഓരോ യൂണിറ്റിനും ഉപഭോക്താക്കള്‍ 1 രൂപയോളം കൂടുതല്‍ അദാനിക്ക് നല്‍കേണ്ടി വരുന്ന കൊള്ളയാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.