'പിന്നില്‍ ബിജെപിയുടെ സവര്‍ണ്ണ രാഷ്ട്രീയം'; കൊടിക്കുന്നിലിനെ തഴഞ്ഞത് എന്തിനെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം - മുഖ്യമന്ത്രി

'പിന്നില്‍ ബിജെപിയുടെ സവര്‍ണ്ണ രാഷ്ട്രീയം'; കൊടിക്കുന്നിലിനെ തഴഞ്ഞത് എന്തിനെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം - മുഖ്യമന്ത്രി
Published on

പ്രോടേം സ്പീക്കര്‍ സ്ഥാനത്തു നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്ററി കീഴ് വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് ലോക്‌സഭാ പ്രോടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം ഫെയിസ്ബുക്കില്‍ കുറിച്ചു. സഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിട്ടും മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. സംഘപരിവാര്‍ പിന്തുടരുന്ന സവര്‍ണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവര്‍ക്ക് എന്താണ് ബി ജെ പിയുടെ മറുപടിയെന്നും പിണറായി ചോദിച്ചു.

പോസ്റ്റിലെ വാചകങ്ങള്‍

പാര്‍ലമെന്ററി കീഴ് വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് ലോകസഭ പ്രോ ടെം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാര്‍ഹമാണ്. സഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിട്ടും മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. സംഘപരിവാര്‍ പിന്തുടരുന്ന സവര്‍ണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവര്‍ക്ക് എന്താണ് ബി ജെ പിയുടെ മറുപടി?

പാര്‍ലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ് വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാര്‍ഷ്ട്യമാണ് ബിജെപിക്ക്. ഇക്കഴിഞ്ഞ ലോകസഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി അഞ്ചു വര്‍ഷവും ഒഴിച്ചിടുകയായിരുന്നു. പ്രതിപക്ഷ കക്ഷിയില്‍ പെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാന്‍ കഴിയില്ല എന്ന മനോഭാവമായിരുന്നു ഇതിന്റെ പിന്നില്‍. ബിജെപി നേതൃത്വത്തിന്റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാന്‍ കഴിയൂ.

പതിനെട്ടാം ലോക്‌സഭയിലെ പ്രോടേം സ്പീക്കറാകാന്‍ യോഗ്യതയുള്ള കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞ് ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെ കഴിഞ്ഞ ദിവസം രാഷ്ട്രപതി നിയമിക്കുകയായിരുന്നു. ലോക്‌സഭാ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെ സഭാ നടപടികള്‍ നിയന്ത്രിക്കാനും എംപിമാരുടെ സത്യപ്രതിജ്ഞയ്ക്കുമായാണ് പ്രോടേം സ്പീക്കറെ നിയമിക്കുന്നത്. സഭയിലെ സീനിയോറിറ്റി കൂടുതലുള്ള അംഗത്തെ പ്രോടേം സ്പീക്കറാക്കുകയെന്നതാണ് സാധാരണ അനുവര്‍ത്തിച്ചു വരുന്ന രീതി. ഇതനുസരിച്ച് എട്ടാം തവണ സഭയിലെത്തിയ കൊടിക്കുന്നില്‍ സുരേഷ്, ബിജെപി അംഗം വീരേന്ദ്രകുമാര്‍ എന്നിവരില്‍ ഒരാള്‍ക്ക് അവസരം ലഭിക്കേണ്ടതാണ്.

വീരേന്ദ്രകുമാറിന് മന്ത്രി സ്ഥാനം കിട്ടിയതോടെ കൊടിക്കുന്നിലിന് സാധ്യത തെളിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം ഏഴു വട്ടം എംപിയായ ഭര്‍തൃഹരിയെ രാഷ്ട്രപതി നിയമിക്കുകയായിരുന്നു. ആറുതവണ ബിജെഡി പ്രതിനിധിയായി ലോക്‌സഭയില്‍ എത്തിയ ഭര്‍തൃഹരി ഏഴാം തവണ ബിജെപി പ്രതിനിധിയായാണ് എത്തിയിരിക്കുന്നത്. ഒഡിഷയിലെ ആദ്യ മുഖ്യമന്ത്രി ഹരേകൃഷ്ണ മഹ്താബിന്റെ മകനാണ് ഭര്‍തൃഹരി.

Related Stories

No stories found.
logo
The Cue
www.thecue.in