മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം നിലമ്പൂര്‍ നിയോജകമണ്ഡലം എം.എല്‍.എ. പി.വി. അന്‍വര്‍ ആഫ്രിക്കയില്‍ നിന്നും തിരിച്ചെത്തി. ഉച്ചയോടെ കരിപ്പുർ വിമാനത്താവളത്തിലിറങ്ങിയ എം.എല്‍.എയ്ക്ക് വൻ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നൽകിയത്. നിലമ്പൂരുകാരോട് നന്ദിയുണ്ടെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്നും അന്‍വര്‍ പ്രതികരിച്ചു. വാഹനങ്ങളുടെ അകമ്പടിയോടെ നിലമ്പൂര്‍ ചന്തക്കുന്ന് വരെ അന്‍വറിനെ ആനയിക്കും. വിദേശത്തുനിന്ന് വരുന്നതിനാല്‍ അന്‍വര്‍ പുറത്തിറങ്ങാതെ സ്വീകരണം ഏറ്റുവാങ്ങി ക്വാറന്റീനിനായി വീട്ടിലേക്കുപോയി.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ് എം.എല്‍.എ. വിദേശത്തേക്കു പോയത്. എം.എല്‍.എയെ കാണാനില്ലെന്നും ഘാനയില്‍ തടവിലാണെന്നുമുള്ള പ്രചാരണങ്ങളെത്തുടര്‍ന്ന് താന്‍ ആഫ്രിക്കയിലെ സിയേറ ലിയോണിലേക്ക് വ്യവസായാവശ്യത്തിന് എത്തിയതാണെന്ന് അന്‍വര്‍ തന്നെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. പി.വി.അന്‍വര്‍ തന്നെയാണ് ഇത്തവണയും നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥി.
‘ഏഴ് ദിവസം ക്വറന്റൈനില്‍. അത് കഴിഞ്ഞാല്‍ രംഗത്തിറങ്ങും. പാര്‍ട്ടി തീരുമാനിക്കുന്നതിനനുസരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനറങ്ങും. എല്ലാ അനിശ്ചിതത്വത്തിനും വിരാമമായി. കാണിനില്ലെന്ന് പരാതിയൊക്കെ കൊടുത്തോട്ടെ’ പിവി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചു. 20,000 കോടി മുതല്‍മുടക്കിയുള്ള വജ്ര സ്വര്‍ണഖനന പദ്ധതിയുടെ ഭാഗമായാണ് താന്‍ ആഫ്രിക്കയില്‍ എത്തിയതെന്ന് കഴിഞ്ഞ ദിവസം പിവി അന്‍വര്‍ എംഎല്‍എ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. പദ്ധതിയിലൂടെ 25,000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. എങ്ങനെയാണ് താന്‍ വ്യവസായ മേഖലയില്‍ എത്തിതെന്നും വീഡിയോയില്‍ വിശദമാക്കുന്നുണ്ട്