മുഖ്യമന്ത്രിയെന്ന സൂര്യന്‍ കെട്ടുപോയി, ഒരു റിയാസിന് വേണ്ടിയല്ല പാര്‍ട്ടി; പി.വി. അന്‍വറിന്‍റെ വാര്‍ത്താസമ്മേളനം പൂര്‍ണ്ണരൂപം

മുഖ്യമന്ത്രിയെന്ന സൂര്യന്‍ കെട്ടുപോയി, ഒരു റിയാസിന് വേണ്ടിയല്ല പാര്‍ട്ടി; പി.വി. അന്‍വറിന്‍റെ വാര്‍ത്താസമ്മേളനം പൂര്‍ണ്ണരൂപം
Published on

കേരളത്തിലെ പൊതുസമൂഹത്തിന്റെ മുന്നില്‍ പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതു പ്രസ്താവനകള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചതായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷമേ പ്രതികരിക്കൂ എന്ന് ജനങ്ങളോടും പ്രത്യേകിച്ച് സഖാക്കളോടും പാര്‍ട്ടിയോടും വാക്ക് നല്‍കിയതായിരുന്നു. പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിക്കുന്നതോടൊപ്പം പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനയില്‍ അന്‍വറും ഉദ്ദേശിച്ചിരിക്കുന്ന പറയുന്ന കാര്യങ്ങള്‍ ഗൗരവമായി പാര്‍ട്ടി പരിശോധിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. അതിന്റെ മേല്‍ പരിശോധനയ്ക്ക് വിധേയമായുള്ള തീരുമാനങ്ങളുണ്ടാകും. അതുപോലെ തന്നെ കേസിന്റെ കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കും. ആ സ്‌റ്റേറ്റ്‌മെന്റ് വിശ്വസിച്ചുകൊണ്ടാണ് അക്കാര്യത്തില്‍ ഞാന്‍ പാര്‍ട്ടിയുടെ നിര്‍ദേശം മാനിച്ചത്. പക്ഷേ, കേസന്വേഷണം കൃത്യമായല്ല നടക്കുന്നത് എന്ന് എനിക്ക് ബോധ്യപ്പെടുകയാണ്, അന്വേഷണ രീതിയുടെ അടിസ്ഥാനത്തില്‍. ഒന്ന്, മരംമുറിയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷിക്കുന്ന രീതി വളരെ പരിതാപകരമാണ്. കാരണം ഇതില്‍ മരം ലേലത്തിനെടുത്ത കുഞ്ഞുമുഹമ്മദ് എന്ന വ്യക്തിയുമായി ഞാന്‍ ബന്ധപ്പെടുകയും അദ്ദേഹത്തോട് സ്‌റ്റേറ്റ്‌മെന്റ് എടുക്കുകയും സ്‌റ്റേറ്റ്‌മെന്റ് എടുത്തതിന് ശേഷം അദ്ദേഹം മുറിച്ച ഒരു മരക്കുറ്റിയുടെ ഫോട്ടോ കാണിച്ചു കൊടുത്തു. ആ ഫോട്ടോ കാണിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ഫോട്ടോയില്‍ നിന്ന് ആ മരക്കുറ്റി എനിക്ക് തിരിച്ചറിയാന്‍ സാധിക്കില്ല. എസ്പി ഓഫീസില്‍ നിന്ന് ഒരു കിലോമീറ്റര്‍ അപ്പുറത്താണ് ഈ ക്യാംപ് ഓഫീസ്. എന്നെ നേരില്‍ കൊണ്ടുപോയാല്‍ മുറിച്ച മരക്കുറ്റി ഞാന്‍ കാണിച്ചു തരാമെന്ന് പറഞ്ഞു. അതിന് പോലീസ് ഇന്നേവരെ തയ്യാറായിട്ടില്ല. തൊട്ടടുത്ത അയല്‍വാസി വീടുകളില്‍ പോയി ഇത് മുമ്പുള്ള എസ്പി മുറിച്ചതാണെന്ന് പറയാമെന്ന് പറഞ്ഞതായുള്ള ഉന്റര്‍വ്യൂ പുറത്തു വന്നിരുന്നു.

രണ്ടാമത് ബഹുമാനപ്പെട്ട ഐജിയോട് എന്റെ സ്റ്റേറ്റ്‌മെന്റ് എടുക്കുമ്പോള്‍ ഞാന്‍ പറഞ്ഞിരുന്നത് 188 കേസുകളോളം സ്വര്‍ണ്ണക്കടത്തു കേസുകളാണ് കരിപ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവനയിലും നിങ്ങളത് കേട്ടിരിക്കും. ഞാന്‍ ഐജിയോട് പറഞ്ഞത് ഈ 188 കേസുകളില്‍ ഒരു 25 ആളെയെങ്കിലും, കാരിയേഴ്‌സിനെ നിങ്ങള്‍ പോയിക്കണ്ട് അന്വേഷിച്ചാല്‍ ഇതിന്റെ സത്യാവസ്ഥ പുറത്തു വരും. എയര്‍പോര്‍ട്ടിന് പുറത്തു എവിടെ വെച്ചാണ് ഗോള്‍ഡ് പിടിച്ചത്, പിടിച്ചതിന് ശേഷം എന്താണ് സംഭവിച്ചത്, പിന്നീട് ആ വാഹനത്തില്‍ കയറ്റി എങ്ങോട്ടാണ് കൊണ്ടുപോയത്., എവിടെ വെച്ചാണ് അവരെ ചോദ്യം ചെയ്തത്, എവിടെവെച്ചാണ് അത് തൂക്കിയത്, ആരാണ് അതിന് സാക്ഷി നിന്നത്, ഏത് തട്ടാന്റെ അടുത്താണ് ഇത് ഉരുക്കിയത്, എപ്പോഴാണ് കോടതിയില്‍ ഹാജരാക്കിയത്. ഈ കാര്യങ്ങള്‍ അന്വേഷിച്ചാല്‍ കൃത്യമായ വിവരം കിട്ടുമെന്ന് പറഞ്ഞു. ഈ നിമിഷം വരെ അങ്ങനെ ആരെങ്കിലുമായിട്ട് ബന്ധപ്പെട്ടിട്ട് ഒരന്വേഷണം നടത്തിയതായിട്ട് എനിക്കറിവില്ല. അവസാനം, ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. മിനിഞ്ഞാന്ന് എടവണ്ണ പോലീസ് റിദാന്‍ വധക്കേസില്‍, ഞാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഏറ്റവും പ്രബലമായ പരാതി റിദാന്‍ വധക്കേസായിരുന്നു. ആ റിദാന്‍ വധക്കേസ് ഈ പറയുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പരിധിയിലാണ്. അതിന്റെ സ്വകാര്യമായ അന്വേഷണം അവിടെ നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് മനസിലാക്കുന്നത്. അതിനെ മറികടക്കാന്‍ എടവണ്ണ പോലീസ് ചാര്‍ജ് ഷീറ്റ് കൊടുത്ത് മഞ്ചേരി ജില്ലാ കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കുന്ന ഡേറ്റ് തീരുമാനിച്ച റിദാന്‍ വധക്കേസ് മൂന്ന് ദിവസം മുന്‍പ് എടവണ്ണ പോലീസ് ഒരു പരാതി കൊടുക്കുകയാണ്. എന്താണ് പെറ്റീഷന്‍, റിദാന്‍ വധക്കേസിലെ ഏറ്റവും നിര്‍ണ്ണായകമായ തെളിവുകളുണ്ടായിരുന്നത് റിദാന്റെ ഫോണിലാണ്. അത് ഞാന്‍ പറഞ്ഞിരുന്നു. ആ ഫോണ്‍ തട്ടിയെടുക്കാന്‍ വന്നവരാണ് റിദാനെ കൊന്നത് എന്നതാണ് പൊതുവായുള്ള സംശയമെന്ന് ഞാന്‍ പരാതിയില്‍ സൂചിപ്പിച്ചിരുന്നു. ആ ഫോണിനെക്കുറിച്ചുള്ള ചില വ്യക്തമായ സൂചനകള്‍ ലഭ്യമായതുകൊണ്ട് വിചാരണ നിര്‍ത്തിവെച്ച് വീണ്ടും അന്വേഷണം എടവണ്ണ പോലീസിന് കൊടുക്കണമെന്ന് പറഞ്ഞിട്ടാണ് റിക്വസ്റ്റ്. എന്നുപറഞ്ഞാല്‍ പാര്‍ട്ടി എന്നില്‍ നിന്ന് സത്യസന്ധമായി അന്വേഷണം നടക്കുമെന്ന് പാര്‍ട്ടി എനിക്ക് തന്ന ഉറപ്പ് പാടെ ലംഘിച്ചു പോകുകയാണ്. അതൊരു ഭാഗത്ത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയടക്കം എന്നെ ഈ കള്ളക്കടത്തു സംഘത്തിന്റെ പിന്നാമ്പുറ പ്രവര്‍ത്തകനാക്കി. പോലീസ് കേസെടുക്കുന്നതു കൊണ്ട് സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് സ്വര്‍ണ്ണം കടത്താന്‍ പ്രയാസമുണ്ട്, അതുകൊണ്ട് അങ്ങനെയുള്ള ആളുകളാണോ ഈ ആരോപണം ഉന്നയിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്ര സമ്മേളനത്തില്‍ നിങ്ങള്‍ ചോദിച്ചു ഈ കള്ളക്കടത്ത് സംഘത്തിന്റെയും ഈ പറയുന്ന ആരോപണത്തിന്റെയും പിന്നില്‍ പി.വി.അന്‍വറാണോ എന്ന് നിങ്ങള്‍ ചോദിച്ചു. എന്തു പറഞ്ഞു മുഖ്യമന്ത്രി....നിങ്ങള്‍ പറ, നിങ്ങള്‍ പറ, ഞാനത് പറയില്ല എന്നായിരുന്നു മറുപടി. എന്താണ് കേരളത്തിലെ പൊതുസമൂഹം വിലയിരുത്തിയത്? പി.വി.അന്‍വര്‍ ഈ കള്ളക്കടത്തു സംഘത്തിലെ ഒരാളാണോ എന്ന സംശയം ബഹുമാനപ്പെട്ട മുഖ്യമന്ത്രി കേരള സമൂഹത്തിലേക്ക് ഇട്ടുകൊടുക്കുകയാണ്. എന്താണ് അദ്ദേഹം പറഞ്ഞത്? കള്ളക്കടത്തുകാരെ മഹത്വവല്‍ക്കരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുഖം തിരിച്ചിരുത്തി, ഒരു കള്ളക്കടത്തുകാരനെ കൊണ്ടുവെച്ച് അവനെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഇത് ആരോപിച്ച ഞാന്‍ എന്ന് പറയുന്നില്ല. അപ്പോ, സ്വാഭാവികമായിട്ടും എന്നെ സംബന്ധിച്ച് അങ്ങേയറ്റത്തെ ഡാമേജുണ്ടാക്കിയ പ്രസ്താവനയാണ് അത്. അത്രത്തോളം അദ്ദേഹം കടന്നു പറയേണ്ടിയിരുന്നില്ല. കാരണം, ഞാന്‍ ഉന്നയിച്ച വിഷയങ്ങളില്‍ നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടണമെങ്കില്‍ പലതും പറയാമായിരുന്നു. പക്ഷേ, എന്നെയൊരു കുറ്റവാളിയാക്കുകയാണ്. സ്വാഭാവികമായിട്ടും പാര്‍ട്ടി അത് തിരുത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് അങ്ങനെയൊരു സ്റ്റേറ്റ്‌മെന്റേ വന്നില്ല. എന്നിട്ടും ഞാന്‍ ഈ കത്തു കൊടുത്തതുകൊണ്ട് കാത്തിരുന്നു.

ഇന്നലെയാണ് ബഹുമാനപ്പെട്ട പാര്‍ട്ടിയുടെ സെക്രട്ടറി വന്നത്. എന്റെ പ്രതീക്ഷ മുഴുവന്‍ ഈ പാര്‍ട്ടിയിലായിരുന്നു. പാര്‍ട്ടിയുടെ സെക്രട്ടറി വരുമ്പോള്‍ സ്വാഭാവികമായും ഞാന്‍ പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ എന്ത് നിലപാട് സ്വീകരിക്കും, ഞങ്ങളൊന്ന് അന്വേഷിക്കട്ടെ, ഒന്ന് നോക്കട്ടെയെന്നെങ്കിലും അദ്ദേഹം പറയും എന്ന് ഈ പാര്‍ട്ടിയോടൊപ്പം എട്ടു വര്‍ഷമായിട്ടല്ല ഞാന്‍ നില്‍ക്കുന്നത്. അത് പാര്‍ട്ടിക്ക് തെറ്റിയ കണക്കാണ്. ഡിഐസിയില്‍ നിന്ന് തിരിച്ച് കോണ്‍ഗ്രസില്‍ പോയതിന് ശേഷം അന്നു മുതല്‍ ഈ പാര്‍ട്ടിയുമായി സഹകരിച്ചാണ് ഇന്നുവരെ നിന്നിട്ടുള്ളത്. അങ്ങനെയുള്ള ഒരു വ്യക്തിയോട് അറ്റ്‌ലീസ്റ്റ് ഈ എഴുതിക്കൊടുത്തിട്ടുള്ള, ഞാന്‍ കൊടുത്തിട്ടുള്ള പരാതികള്‍ അവര്‍ വായിച്ചിട്ടുണ്ടാകുമല്ലോ? കേരളത്തിലെ ഏറ്റവും സാധാരണക്കാരനായ ഒരു പാര്‍ട്ടി പ്രവര്‍ത്തകന് പോലും വായിച്ചാല്‍ മനസിലാകുന്ന, കോമണ്‍സെന്‍സുള്ളവര്‍ക്ക് മനസിലാകുന്ന രീതിയില്‍ സാദാ ഭാഷയിലാണ് ഞാന്‍ എഴുതിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പത്രസമ്മേളനത്തില്‍ നിങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹമെന്താ പറഞ്ഞത്? പി.ശശിയും ഞാനും പത്തുനാല്‍പത് കൊല്ലത്തെ രാഷ്ട്രീയ ബന്ധമുള്ളവരാ. അതുകൊണ്ട് പി.ശശിയെക്കുറിച്ച് പറഞ്ഞതിലൊന്നും ഒരു കഴമ്പുമില്ല. അന്‍വര്‍ തന്ന പരാതിയില്‍ പ്രഥമദൃഷ്ട്യാ ഒരു കഴമ്പുമില്ല. പ്രഥമദൃഷ്ട്യാ കഴമ്പില്ലെങ്കില്‍ നമുക്കൊരു പരാതി കിട്ടിയാല്‍ നമ്മളെന്താ ചെയ്യുക, നേരെ ആ വേസ്റ്റ് ബാസ്‌കറ്റിലേക്കിടും. പ്രഥമദൃഷ്ട്യാ എന്തെങ്കിലുമുണ്ടെങ്കിലല്ലേ നമുക്കത് പരിശോധിക്കേണ്ടതുള്ളു. ഇപ്പോ പാര്‍ട്ടി ലൈനിന് വിപരീതമായി ഞാന്‍ പ്രവര്‍ത്തിക്കുന്നുവെന്ന രീതിയിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ വരുന്നത്. ഞാനങ്ങനെ പാര്‍ട്ടി ലൈനിന് വിപരീതമായി പറയാനോ പ്രവര്‍ത്തിക്കാനോ അല്ല ഇവിടെയിരിക്കുന്നത്. ഈ പാര്‍ട്ടിയുമായി സഹകരിച്ച അന്നു തൊട്ട് പാര്‍ട്ടിയുടെ ഏറ്റവും സാധാരണക്കാരായ പ്രവര്‍ത്തകരോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച് തന്നെയാണ് ഞാന്‍ വരുന്നത്. അവരുടെ വികാരവുമായി ബന്ധപ്പെട്ട വിഷയമാണ് ഞാന്‍ സംസ്ഥാനത്ത് ഉന്നയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പൊതുപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ല.

ലോക്കല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ള താഴേക്കിടയിലുള്ളവര്‍ക്ക് സാധാരണക്കാരന്റെ ഒരു വിഷയത്തില്‍ പോലീസ് സ്‌റ്റേഷനില്‍ പോകാന്‍ കഴിയുന്നില്ല. കമ്യൂണിസ്റ്റ് കാരനാണെന്ന് പറഞ്ഞാല്‍ രണ്ടടി കൂടി പോലീസ് സ്‌റ്റേഷനീന്ന് കിട്ടുന്ന അവസ്ഥാവിശേഷം കേരളത്തിലുണ്ട്. ഇതിന്റെയെല്ലാം മുഴുവന്‍ ഉത്തരവാദി പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണം എന്ന് പറഞ്ഞിട്ടാണ് ഞാന്‍ ഇറങ്ങിയിട്ടുള്ളത്. ആ നയത്തില്‍ നിന്ന് ഞാനിപ്പോള്‍ മാറിയിട്ടില്ല. പക്ഷേ, ഇങ്ങനെയുള്ള ഒര നടപടിയുമായി ഞാന്‍ വന്നപ്പോള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെന്താ ചെയ്തത്. എന്നെ ഈ പറയുന്ന ആളുകളെ മുഖംതിരിച്ച് ഇരുത്തി മഹത്വവല്‍ക്കരിച്ചു, പിന്നെയെന്തോ ഒരു 1500 ഗ്രാമിന്റെ പാന്റും ഷര്‍ട്ടുമൊക്കെ കത്തിക്കുന്ന കഥകളുമൊക്കെ പറഞ്ഞു, ഇങ്ങനെയാണ് തൂക്കം കുറയുന്നതെന്ന് പറഞ്ഞു. അജിത്കുമാര്‍ എഴുതിക്കൊടുത്തതായിരിക്കുമല്ലോ ഇതൊക്കെ? അല്ലാതെ അദ്ദേഹത്തിന് ഇതൊന്നും അറിയില്ലല്ലോ. എന്നിട്ട് അദ്ദേഹം പറയുകയാണ് എല്ലാവിധ തെളിവുകളുടെയും അടിസ്ഥാനത്തില്‍, എല്ലാ പ്രൊസീജിയറുകളുടെയും അടിസ്ഥാനത്തില്‍ ഇതിന് സാക്ഷി വെക്കേണ്ടതിന് സാക്ഷി വെച്ചിട്ടു തന്നെയാണ് പോലീസ് ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളത്. അപ്പോ അത് അങ്ങനെയല്ല എന്ന് ഞാന്‍ തെളിയിക്കേണ്ടേ? എന്തുകൊണ്ട് തെളിയിക്കണം? ഇനിയാണ് പത്രപ്രവര്‍ത്തകര് പൊതുസമൂഹം കേരളത്തിലെ ഈ പറയുന്ന ബഹുമാന്യരായ ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. എനിക്ക് ഇനി പ്രതീക്ഷ കോടതിയാണ്. ഞാന്‍ അടുത്ത സ്റ്റെപ്പ് ഹൈക്കോടതിയിലേക്കാണ്. കാരണം നീതിപൂര്‍വ്വമായിട്ടുള്ള ഒരു കാര്യങ്ങളും നടക്കുന്നില്ല. എല്ലാം അവരുദ്ദേശിച്ച രീതിയില്‍ വളച്ചു പോകുകയാണ്.

അതിനപ്പുറം ഇപ്പോ ഞാനിത് പറയാനുണ്ടായ കാരണം, അല്ലെങ്കില്‍ ഇപ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ പാര്‍ട്ടിക്ക് നല്കിയ കമ്മിറ്റ്‌മെന്റ് ലംഘിച്ചുകൊണ്ട് ഞാനിവിടെ വരാനും നിങ്ങളെ ഇന്ന് കാണാനുമുണ്ടായ സംഭവം എന്താണെന്ന് വെച്ചാല്‍ ഈ കേസന്വേഷണവുമായി ബന്ധപ്പെട്ട്, പോലീസ് നടത്തിയ ഈ സ്വര്‍ണ്ണക്കള്ളക്കടത്തില്‍ നിന്നും സ്വര്‍ണ്ണം അടിച്ചു മാറ്റുന്ന, ഞാന്‍ പൊതുസമൂഹത്തോട് പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തു നിന്ന് കാര്യമായി ഒരു നീക്കവും ഇല്ലാത്തതിന് പിന്നില്‍ ഞാന്‍തന്നെ ഒരു അന്വേഷണ ഏജന്‍സിയായി മാറി. വേറെ നിവൃത്തിയില്ല. അതിന്റെ ഭാഗമായിട്ട് ഈ സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഈ സ്വര്‍ണ്ണം കൊണ്ടുവന്ന കാരിയര്‍മാരുമായി, കേസില്‍ പെട്ടവരും അവരുടെ ബന്ധുക്കളുമായ ഒരുപാട് ആളുകളുമായി ഞാന്‍ സ്വകാര്യമായി സംസാരിച്ചിട്ടുണ്ട്. അവരുടെ വീടുകളില്‍ പോയി ഞാന്‍ സംസാരിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥലത്തേക്ക് അവരെ വിളിച്ചിട്ടുണ്ട്. എന്റെ വീട്ടിലേക്ക് അവരെ വിളിപ്പിച്ചിട്ടുണ്ട്, തെളിവെടുക്കാന്‍. അത്തരമൊരുപാട് കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ എന്താണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് അന്‍വറാണോ എന്ന് നോക്കണം. പേരില്ലാന്നേയുള്ളു, ബാക്കിയെല്ലാം ഉണ്ടല്ലോ. ഞാന്‍ നടത്തിയ അന്വേഷണങ്ങള്‍ മുഴുവന്‍ എന്റെ ഫോണില്‍ നിന്നാ വിളിച്ചത്. ഞാന്‍ വാട്‌സാപ്പില്‍ വിളിക്കാന്‍ പോയിട്ടില്ല. ഡയറക്ട് നമ്പറിലാ വിളിച്ചത്, കോള്‍ റെക്കോര്‍ഡുണ്ടാകും. ഇതെല്ലാം കണക്ട് ചെയ്തുകൊണ്ട് എന്നെ അജിത്ത്കുമാര്‍ പറഞ്ഞുകൊടുത്ത ആ സ്റ്റോറിയിലേക്ക് കൊണ്ടുവന്ന് എന്നെ പ്രതിയാക്കുകയാണ്. ഇന്ന് എനിക്ക് ഈ പത്രസമ്മേളനം നടത്താന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിച്ചിട്ടില്ല. ഇവിടെ നിന്ന് എന്നെ പിടിച്ചുകൊണ്ടു പോകുമോയെന്ന് എനിക്കറിയില്ല. അതിശയോക്തിപരമായി പറയുകയാണെന്ന് കരുതരുത്. അജിത്ത്കുമാര്‍ എന്ന് പറയുന്ന നൊട്ടോറിയസ് ക്രിമിനല്‍ ഇതിനപ്പുറം ചെയ്യും. അദ്ദേഹമാണ് സിഎമ്മിന് ഈ സ്റ്റോറി എഴുതിക്കൊടുത്തത്. അതാണ് സിഎം അന്ന് വായിച്ചു കേള്‍പ്പിച്ചത്. സിഎം ഒന്ന് മലപ്പുറത്ത് വിളിക്കണ്ടേ, പാര്‍ട്ടി സെക്രട്ടറിയെ, പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരെ, ഈ ചങ്ങാതി പറഞ്ഞതില്‍ വല്ല കാര്യവുമുണ്ടോ. പോലീസ് അവിടെ നില്‍ക്കട്ടെ. കൊണ്ടോട്ടിയങ്ങാടീല്‍ റോഡ് അടിച്ചുവാരുന്ന സഹോദരിക്ക് ഈ കള്ളക്കടത്തിനെക്കുറിച്ച് അറിയും, കടല വറുക്കുന്നവന് അറിയും, ടാക്‌സിക്കാര്‍ക്ക് അറിയും. ഒന്ന് വിളിച്ചോ സിഎം, എന്താണ്, ഈ പറയുന്നതില്‍ വല്ല വാസ്തവമുണ്ടോ, എന്താണ് നാട്ടിലെ സംസാരം, ഇല്ലല്ലോ.

ഈ അജിത്ത്കുമാര്‍ എഴുതിക്കൊടുത്ത കഥയും തിരക്കഥയും വായിക്കുകയല്ലേ. അപ്പോള്‍ സ്വാഭാവികമായിട്ടും ഞാന്‍ കേസില്‍ ബുക്ക് ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് പോകുകയാണ്. എന്റെ പിന്നാലെ പോലീസുണ്ട്. ഇന്നലെ രാത്രി 2 മണിക്കാ ഞാന്‍ കിടക്കുന്നത്. ഞാന്‍ വീട്ടീന്ന് നോക്കുമ്പോ താഴെ റോഡ് സൈഡില്‍ ചെറിയൊരു സൗണ്ട് കേട്ടു. ജനല്‍ തുറന്ന് താഴേക്ക് നോക്കുമ്പോള്‍ രണ്ടു പേര് അവിടെ നില്‍ക്കുന്നു. ഞാന്‍ ശബ്ദമുണ്ടാക്കാതെ വീടിന്റെ പിന്നിലൂടെ വന്ന് നോക്കുമ്പോള്‍ രണ്ട് പോലീസുകാരാണ്. ഞാന്‍ ഇരിക്കുന്ന റൂമില്‍ നിന്ന് ഫോണില്‍ സംസാരിക്കുന്ന കാര്യങ്ങള്‍ കേട്ടോന്ന് അറിയില്ല. എടവണ്ണ പഞ്ചായത്തിലെ ഗേറ്റ് അടക്കാത്ത വീടാണ് എന്റെ വീട്. 50-60 വര്‍ഷമായി ഗേറ്റ് അടക്കാറില്ല. മഞ്ചേരിയില്‍ പത്രസമ്മേളനം നടത്താന്‍ വന്ന സ്ഥലത്ത് പോലീസ് വന്നിട്ടുണ്ട്. അതും പാതിരാത്രിക്കാണ്. അപ്പോ എന്നെ അറസ്റ്റ് ചെയ്ത് കുഴീലാക്കുന്നതിന് മുന്‍പ് ജനങ്ങളോട് ഇക്കാര്യങ്ങള്‍ പറയണമല്ലോ. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് എഡിജിപി എഴുതിക്കൊടുത്ത കഥയും തിരക്കഥയുമാണോ വാസ്തവം? അതല്ല, ഇതിന് വേറെ യാഥാര്‍ത്ഥ്യമുണ്ടോ? രണ്ട് വീഡിയോ ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതിന് ശേഷം കാര്യത്തിലേക്ക് കടക്കാം. ഇത് രണ്ട് പാസഞ്ചേഴ്‌സ്, ഇതേപോലെ കരിപ്പൂര് വഴി സ്വര്‍ണ്ണം കൊണ്ടുവന്ന് പുറത്തുകടന്ന് പോലീസ് അറസ്റ്റ് ചെയ്ത കേസാണ്. ഇവരില്‍ ഒരു കുട്ടിയുടെ കയ്യില്‍ നിന്ന് 900 ഗ്രാം പിടിച്ചതില്‍ അത് കൊടുത്തിട്ടുണ്ടെന്ന് സംശയമാണ്. കോടതിയില്‍ ആ കടലാസേ തെരഞ്ഞിട്ട് കാണാനില്ല. ഇപ്പഴും കോടതിയില്‍ ആളുകളുണ്ട്. ഇതിന്റെ ബാക്കി കടലാസുകള്‍ ഇവിടെയുണ്ട്. ഒരു കുട്ടിയുടെ അടുത്തു നിന്ന് മൂന്ന് കേസുകള്‍ കൊണ്ടുവന്നത് 900 ഗ്രാമാ. അതില്‍ 526 ഗ്രാമാ കസ്റ്റംസിന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പോലീസിന്റെ കയ്യില്‍ ഒരു കടലാസുമില്ല. ഈ 900 ഗ്രാം ആദ്യം കൊണ്ടുവന്ന കുട്ടിയെക്കുറിച്ച് കസ്റ്റംസിന് ഒരു ഇന്‍ഫര്‍മേഷനും ഇന്നുവരെയില്ല. എന്റെ പിന്നില്‍ പടച്ചോനുണ്ട്. ആ പടച്ചോനാണ് ഈ വിഷയത്തില്‍ എന്നെ സഹായിച്ചത്. കാരണം ഈ രണ്ട് പാസഞ്ചേഴ്‌സിനെയും കുടുംബമാണ് അവിടെ പോയി റിസീവ് ചെയ്യുന്നത്. അവരെയടക്കമാണ് പിടിക്കുന്നത്. ആദ്യം നമുക്ക് അവരെയൊന്ന് കേള്‍ക്കാം. എഡിജിപി ഈ പറയുന്ന എല്ലാ നിബന്ധനകളും പാലിച്ച് വളരെ സത്യസന്ധമായി 20 ശതമാനം റിവാര്‍ഡ് കിട്ടുന്നത് പോലും ഒഴിവാക്കി പോലീസ് രാജ്യസ്‌നേഹം കാണിച്ച് കേസങ്ങനെ പിടിച്ചോണ്ടിരിക്കുവല്ലേ. അതാണോ വാസ്തവം, അതല്ല ഈ കൊള്ളയടിയാണോ വാസ്തവം എന്ന് നിങ്ങളൊന്ന് കാണ്. (വീഡിയോ പ്രദര്‍ശിപ്പിക്കുന്നു)

ഇതിന്റെ സിഡി എല്ലാവര്‍ക്കും തരാം (ഡോക്യുമെന്റ് കോപ്പി പത്രപ്രവര്‍ത്തകര്‍ക്ക് കൈമാറുന്നു). ഇത് ബോഗസ് ആണ് എന്നാണ് പറയുന്നത്. പിവി അന്‍വര്‍ കള്ളക്കടത്തുകാരുടെ സംഘത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവനാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് ഇനി കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തട്ടെ. അപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞ വിഷയങ്ങള്‍ അവസാനിപ്പിക്കാമല്ലോ. ഗോള്‍ഡുമായി ബന്ധപ്പെട്ടത്. ബഹുമാനപ്പെട്ട ജുഡീഷ്യല്‍ അന്വേണത്തിന് തയ്യാറുണ്ടോ എന്നാണ് എനിക്ക് വീണ്ടും ആവര്‍ത്തിച്ച് ചോദിക്കാനുള്ളത്. സിറ്റിങ് ജഡ്ജിയെ വെച്ച്കൊണ്ട്, സത്യസന്ധരായ ഓഫീസര്‍മാരെ വച്ചുകൊണ്ട് ഈ പറഞ്ഞ 188 കേസും റീ ഇന്‍വസ്റ്റിഗേറ്റ് ചെയ്ത് ഇതിന്റെ യാഥാര്‍ഥ്യം, എത്ര കിലോ സ്വര്‍ണമാണ് സുജിത് ദാസും എഡിജിപി അജിത് കുമാറും പി ശശിയും കൂടി തട്ടിയെടുത്തിട്ടുള്ളത് എന്ന്, പരിശോധിക്കാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി തയ്യാറുണ്ടോ? എന്ന ചോദ്യമാണ് ആ വിഷയത്തില്‍ എനിക്ക് ഉന്നയിക്കാനുള്ളത്.

102 സിആര്‍പിസി ആണ് ഞാന്‍ എപ്പോഴും പറയാറ്. അതായത് കളവ് മുതല്‍. കളവ് മുതലായി കിട്ടിയ സാധനം തിരിച്ചുകൊടുക്കണം. അതില്‍ ഗോള്‍ഡ് ഉണ്ടോ ഇല്ലയോ എന്ന് ആ ഡോക്യുമെന്റ് കൊണ്ട് അറിയില്ല. മഹസര്‍ റിപ്പോര്‍ട്ട് ആണ് നമ്മള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നത്. മഹസര്‍ റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല. ഇതാണ് പറയുന്നത്, ഈ പ്രൊസീജയര്‍ പ്രകാരമല്ല സ്വര്‍ണം കണ്ടെടുക്കേണ്ടത്. കസ്റ്റംസ് ആക്ട് പ്രകാരമാണ് കണ്ടെടുക്കേണ്ടത്. അവിടെനിന്ന് അത് കിട്ടിയാല്‍ നേരെ എയര്‍പോര്‍ട്ടിലാണ് കൊടുക്കേണ്ടത്. അവരാണ് അതിന്റെ പ്രൊഡീജിയര്‍ ചെയ്യേണ്ടത്. പൊലീസ് ചെയ്യേണ്ടത്, അതിന്റെ റിവാഡ് വാങ്ങിയെടുക്കുക എന്നതാണ്. പക്ഷെ ഇതില്‍ റിവാഡ് കിട്ടുകയില്ല. കാരണം എന്താ. ഇന്‍ഫോര്‍മര്‍ കസ്റ്റംസ് ആണ്. പാസഞ്ചര്‍ ഈ സാധനം ശരീരത്തിനുള്ളിലും ബാഗിലും ഒളിപ്പിച്ച് വരുമ്പോള്‍, അവിടുന്ന് സ്‌കാന്‍ ചെയ്യുമ്പോള്‍ കസ്റ്റംസ്‌കാര്‍ അത് കാണുന്നുണ്ട്. കണ്ടാല്‍ അവര്‍ക്ക് അങ്ങ് പിടിച്ചാല്‍ പോരെ. അവര് പിടിക്കുന്നില്ല. അവരാണ് സുജിത് ദാസിന്റെ ടീമിന്, പുറത്തുനില്‍ക്കുന്ന പൊലീസിന് സംഘത്തിന് വിവരം കൊടുക്കുന്നത്. കാരണം ഇവിടെ എടുത്താല്‍ അതിന്റെ പെര്‍സന്റേജിന് പരിമിതിയുണ്ട്. പുറത്തുകടന്നാല്‍, ഈ പറഞ്ഞപോലെ 30-40-50 ശതമാനം പിടുങ്ങാം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി മനസ്സിലാക്കേണ്ടത് അതാണ്. ആ 129 കേസ്, അദ്ദേഹം പറഞ്ഞല്ലോ മലപ്പുറം ജില്ലയില്‍നിന്നാണ് പിടിച്ചതെന്ന്. സത്യല്ലേ. ഈ കരിപ്പൂര്‍ എയര്‍പോര്‍ട്ട് എവിടെയാ. മലപ്പുരം ജില്ലയിലല്ലേ. തിരുവനന്തപുരത്ത് ഇരിക്കുന്നവര്‍ക്ക് മനസ്സിലാകില്ല. കോഴിക്കോട് ആണെന്ന് വിചാരിക്കും. അപ്പോള്‍ കോഴിക്കോട് എയര്‍പോര്‍ട്ട് ആണെന്നാണ് ജനം തെറ്റിദ്ധരിക്കുക. ആ എയര്‍പോര്‍ട്ടിന്റെ പരിസരത്ത് പിടിച്ചാല്‍ അത് മലപ്പുരം ജില്ലയാണ്. മലപ്പുറം ജില്ല, അതിങ്ങനെ ആവര്‍ത്തിക്കുന്നുണ്ടല്ലോ, എന്താ ഉദ്ദേശ്യം. സത്യസന്ധമായി പറയേണ്ടേ അദ്ദേഹം. ആ എയര്‍പോര്‍ട്ട് അവിടെയായതുകൊണ്ടും, എയര്‍പോര്‍ട്ടിന്റെ മുറ്റത്തുനിന്ന് പിടിക്കുന്നതുകൊണ്ടുമാണ് 129 കേസ് മലപ്പുറത്തായത്. അവിടെനിന്ന് ഏഴ് കിലോമീറ്റര്‍ പോയാല്‍ കോഴിക്കോട് ജില്ലയായി. ഈ പയ്യന്‍ മഞ്ചേരിയില്‍നിന്നാണല്ലോ പിടിക്കുന്നത്. അത് മലപ്പുറം ജില്ലയാ. അത് പടിഞ്ഞാറോട്ട് പോയാലോ. എട്ട് കിലോമീറ്റര്‍ പോയാല്‍ രാമനാട്ടുകര, കോഴിക്കോട് ജില്ലയാണ്. പക്ഷെ ഈ സാധനമൊക്കെ വരുന്നത് എവിടയാ. ഈ മലപ്പുറം ജില്ലയിലാ. അപ്പോള്‍ അങ്ങനെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി തെറ്റിദ്ധരിക്കരുത്. അപ്പോള്‍ അതാണ് ആ വിഷയം.

പിന്നെ എന്താ അദ്ദേഹം പറഞ്ഞത്. അഞ്ച് മിനുട്ട് അവിടെ ഇരുന്നു എന്ന്. ഞാനത് തള്ളാനൊന്നും ഉദ്ദേശിച്ചതല്ല. ഇനി അതിന്റെ ക്രോണോളജി ഒന്ന് പറയാം. അതിലേക്ക് കടക്കേണ്ടതുണ്ട്. എന്താണ് സംഭവിച്ചത്. കേരളത്തിലെ ജനങ്ങള്‍, എന്റെ പ്രിയപ്പെട്ട സഖാക്കള്‍ നിങ്ങള്‍ മനസ്സിലാക്കണം. എങ്ങനെയൊക്കെ ആ മനുഷ്യന്‍ എന്നെ ചതിച്ചിട്ടുണ്ട് എന്ന് നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം.

ഈ സംഭവത്തിന്റെ ആരംഭം എങ്ങനെയാ. ഇവിടെ പൊലീസുമായ ബന്ധപ്പെട്ട, പൊലീസിന്റെ ഈ ഏകപക്ഷീയമായ, വര്‍ഗീയപരമായ നിലപാടുകള്‍ കുറേക്കാലമായി ഞാന്‍ ചോദ്യം ചെയ്യുകയാണ്. നിരവധി അനവധി തവണ ഞാന്‍ പാര്‍ട്ടിക്ക് കത്തുകൊടുത്തു. ഈ കേരളത്തില്‍ ഇന്ന് നീതി കിട്ടാത്തവര്‍ ആരാ. ഒന്ന് പാര്‍ട്ടി സഖാക്കള്‍ ആണ്. പൊലീസ് സ്റ്റേഷനില്‍ ഒരു നീതിയും കിട്ടത്തവര്‍. രണ്ടാരാ, ന്യൂനപക്ഷങ്ങളാണ്. ആരാ പല പൊലീസ് സ്റ്റേഷനും കൈകാര്യം ചെയ്യുന്നത്. ഈ പറയുന്ന വര്‍ഗങ്ങള്‍ തന്നെയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി, അനവധി പ്രാവശ്യം വ്യക്തിപരമായും അല്ലാതെയും കണ്ടു. ഒരു നടപടിയും ഉണ്ടായിട്ടില്ല.

അപ്പോള്‍ ഞാനും ഈ പറഞ്ഞതുപോലെ ഷാജന്‍ സ്‌കറിയ വിഷയവുമായി ബന്ധപ്പെട്ട് പി ശശിയുമായി ഞാന്‍ പാടെ അകന്നു. അതിന് ശേഷമാണ് അരീക്കോട് നവകേരള സദസ്സിന്റെ ഭാഗമായിട്ട് മുഖ്യമന്ത്രിയുടെ ചടങ്ങില്‍ ഒരു യുട്യൂബര്‍ വന്ന് പ്രശ്നങ്ങളുണ്ടാക്കിയപ്പോള്‍, അവിടെ സഖാക്കള്‍ അവനെ തള്ളിമാറ്റി. ചെറിയ വിഷയങ്ങളുണ്ടായി. അങ്ങനെ പൊലീസില്‍ പരാതി കൊടുത്തു. പിറ്റേദിവസം നവകേരള സദസ്സ് പാലക്കാട് ആണ്. അവിടെ പത്രക്കാര് മുഖ്യമന്ത്രിയോട് ചോദിച്ചു. എന്താണ് യുട്യൂബറെ സഖാക്കള്‍ കൈകാര്യം ചെയ്യുന്നത് എന്ന്. മുഖ്യമന്ത്രി പറഞ്ഞു, പതിനായിരത്തോളം ആളുകള്‍ വന്നു, എണ്ണായിരത്തോളം പരാതികള്‍ കിട്ടി, അവര്‍ക്കാര്‍ക്കും ഒരു പ്രശ്നവുമുണ്ടായിട്ടില്ല. അവന്‍ പ്രശ്മുണ്ടാക്കിയിട്ടുണ്ടെങ്കില്‍ പ്രശ്നമുണ്ടായിട്ടുണ്ടാകും എന്ന അര്‍ത്ഥത്തില്‍ അദ്ദേഹം പറഞ്ഞു. അത് കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും 11 സഖാക്കളുടെ പേരില്‍ കേസ് എടുത്തു. എന്താ കേസ്. റോബറി. കളവ് കേസ്. എസ്എഫ്ഐയുടെ രണ്ട് ജില്ലാ ഭാരവാഹികള്‍. ഈ നവകേരള സദസ്സ് നടത്തിയ കണ്‍വീനര്‍ പ്രതിയാണ്. എത്ര ദിവസം റിമാന്‍ഡ് ചെയ്തു. ഈ വിഷയത്തിന് വേണ്ടി ശശിയെ നിരവധി, അനവധി തവണ വിളിച്ചു. ഫോണ്‍ എടുത്തില്ല. ഈ എഡിജിപിയെ വിളിച്ചു. ഫോണ്‍ എടുത്തില്ല. അങ്ങനെ വന്ന ഈ വിഷയങ്ങളാണ്. ഈ പറയുന്ന ആര്‍എസ്എസ് വത്കരണം, ഏകപക്ഷീയമായി സഖാക്കളെ അടിച്ചമര്‍ത്തല്‍, ഇതിനെതിരെ എനിക്ക് വികാരമുണ്ടായിരുന്നു. ഞാനും ഇവരെ കിട്ടുന്നിടത്ത് വച്ച് ചാമ്പാന്‍ നില്‍ക്കുകയായിരുന്നു. ഞാനും ഇവരുടെ പിന്നാലെ പോയിരുന്നു. അതിനാണ് പൊലീസ് അസോസിയേഷന്‍ നടക്കുന്ന സ്ഥലത്ത്, ഞാന്‍ പ്രസംഗിച്ചു.

ഇവരുടെ താന്തോന്നിത്തത്തെ കുറിച്ച് പറഞ്ഞു. ഇവര്‍ ചെയ്യുന്ന സ്വജനപക്ഷപാദിത്തത്തെ കുറിച്ച് പറഞ്ഞു. അത് കഴിഞ്ഞ് എന്തായി. ഈ മരം മുറി അതിന് മുമ്പേ എനിക്കറിയാം. വേറെ ഒരാള്‍ പരാതി കൊടുത്തിരുന്നു. ഞാന്‍ പറഞ്ഞ് കൊടുപ്പിച്ചു എസ്പിക്ക്. അപ്പോഴേക്കും 23 ദിവസമായി. ഒരു നടപടിയും ഇല്ല. ഞാനും ഒരു കത്തുകൊടുത്തു. എസ്പി, ഇങ്ങനെയൊരാള്‍, ഇന്ന ദിവസം ഒരു പാരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ എന്തെങ്കിലും നടപടിയെടുത്തോ. ഉണ്ടെങ്കില്‍ എന്നെ അറിയിക്കണം. മൂന്ന് ദിവസം കഴിഞ്ഞു, നാല് ദിവസം കഴിഞ്ഞു, അഞ്ച് ദിവസം കഴിഞ്ഞു. ഒരു വിവരവുമില്ല. അപ്പോള്‍ പിന്നെ ഒന്നെനിക്ക് ഇത് അറിയണമല്ലോ. അങ്ങനെ ഞാന്‍ പൊലീസ് ക്യാമ്പില്‍ പോയി. ഈ മുറിച്ച മരത്തിന്റെ കുറ്റി ഒന്ന് കാണേണ്ടേ. അത് കാണാന്‍ പോയി. പൊലീസ് തടുത്തു, നിങ്ങള്‍ക്ക് അറിയാം. പിറ്റേദിവസം ഞാനവിടെ കുത്തിയിരുന്നു. വാര്‍ത്തയായി. അവിടെ കുത്തിയിരുന്നപ്പോള്‍ സിപിഎം ഓഫീസില്‍നിനിന്ന് വിളിച്ചു. പാര്‍ട്ടി സെക്രട്ടറി. നിങ്ങള്‍ പെട്ടെന്ന് വരണം മുഖ്യമന്ത്രി വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, ഞാന്‍ 12 മണിവരെ ഇവിടെ ഇരിക്കും എന്ന് പത്രക്കാരോട് പറഞ്ഞതാണ്. അതുകഴിഞ്ഞ് വരാം ഡിസിഎസ്സേ എന്നുപറഞ്ഞു. ഞാന്‍ പാര്‍ട്ടി ഓഫീസില്‍ പോയി 12 മണിക്ക് ശേഷം. ഡിസിഎസ്സിനെ കണ്ടു. പാര്‍ട്ടിയുടെ നേതാക്കന്മാരുണ്ട്. അവര്‍ കാര്യങ്ങള്‍ സംസാരിച്ചു. ഞാന്‍ പറഞ്ഞു എന്റെ നിലപാട് ഇതാണ്. പൊലീസിന്റെ നിലപാട് ശരിയല്ല. അതുകൊണ്ട് ഈ വിഷയത്തില്‍ ഈ കളവ് കേസുമായി ഞാന്‍ മുന്നോട്ടുപോകും. ഇതൊക്കെ നടന്നിട്ടുണ്ട്. അപ്പോള്‍ പറഞ്ഞു, സിഎം വിളിച്ചിട്ടുണ്ട്, നിങ്ങള്‍ വൈകുന്നേരമാകുമ്പോഴേക്കും തിരുവനന്തപുരത്ത് പോകണം എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, തിരുവനന്തപുരത്ത് പോകാം. പക്ഷെ ഈ വിഷയത്തില്‍ എന്റെ നിലപാട് ഇതാണ്.

അന്ന് വെള്ളിയാഴ്ച ആണ്. അപ്പോള്‍ 12.45 ആയി. ജുമായ്ക്ക് , പള്ളിയില്‍ പോകണം, വെള്ളിയാഴ്ചയാണ്. അപ്പോള്‍ ഇറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു. സിഎമ്മിന്റെ ഓഫീസില്‍നിന്ന് എന്നെ വിളിക്കണം. എന്നാല്‍, ഡിസിഎസ്സേ ഞാന്‍ പോയ്‌ക്കോളാം. ആയിക്കോട്ടെ, നിങ്ങളെ വിളിക്കും എന്ന് പറഞ്ഞു. അന്ന് വിളിച്ചില്ല, പിറ്റേദിവസം വിളിച്ചില്ല. അതിന്റെ പിറ്റേന്നാണ് ഞാന്‍ പത്രസമ്മേളനം വിളിച്ചത്. ആ പത്രസമ്മേളനം വിളിക്കുമ്പോഴാണ് എന്നെ, സിഎം ഓഫീസില്‍നിന്ന് വിളിക്കുന്നത്, കാണണം എന്ന് പറയുന്നത്. ഞാന്‍ രണ്ടുദിവസം കഴിഞ്ഞിട്ട് വരാം എന്ന് പറഞ്ഞു. രണ്ടാമത്തെ ദിവസം ഞാന്‍ വീണ്ടും പത്രസമ്മേളനം നടത്തി. അപ്പോള്‍ എന്തായി. അവിടെ സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിനെ മുഖ്യമന്ത്രി നിയോഗിച്ച് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘമുണ്ടായി. വളരെ ഫാസ്റ്റ് ആയി പോകുന്നു. പിറ്റേദിവസം എന്താണ്. നിങ്ങള്‍ ശരിക്കും ശ്രദ്ധിക്കണം. കേരളത്തിലെ സഖാക്കള്‍ ദയവായി ശ്രദ്ധിക്കണം ഞാന്‍ പറയുന്നത്. അപ്പോള്‍ ഞാന്‍ പരാതി കൊടുക്കുന്നതിന് മുമ്പ് എന്റെ പ്രസ് കോണ്‍ഫറന്‍സിന്റെ ഭാഗമായിട്ട്, വളരെ ജാഗ്രതയോടുകൂടി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉത്തരവിട്ടു. അപ്പോള്‍ എനിക്ക് തോന്നി, കുഴപ്പമില്ല, തരക്കേടില്ല. ഉഷാറായി പോകുന്നു. പിറ്റേദിവസം പൊലീസ് അസോസിയേഷന്റെ സമ്മേളനം.

ഞാന്‍ പത്രസമ്മേളനം നടത്താന്‍ പോകുമ്പോള്‍, വേറെ ഡീറ്റൈല്‍സ് കൈമാറാന്‍ പോകുമ്പോള്‍ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞ് നമുക്ക് തുടങ്ങാം എന്ന് പറഞ്ഞതായിരുന്നില്ലേ. നിങ്ങളെല്ലാവരും അത് കേട്ടതല്ലേ. എന്താണ് പറഞ്ഞത്, 'പൊലീസിലെ പുഴുക്കുത്തുകളുണ്ടല്ലോ, ആ പുഴുക്കുത്തുകളോ ഞാന്‍ അങ്ങോട്ടാക്കും ഇങ്ങോട്ടാക്കും. ഒറ്റയൊരുത്തനെ വെച്ചിക്കില്ല.' ആശ്വാസമായല്ലോ. പടച്ചോനേ ഈ കാര്യം എവിടെയങ്കിലും എത്തും. ഇവരൊക്കെ ചിരിക്കുകയാണ്, മഹേഷ് ഇങ്ങനെ കൈകൊണ്ട് (തംപ്‌സ് അപ് കാണിക്കുന്നു) ഇങ്ങനെ കാണിക്കുകയാ. ആ പ്രസംഗം കേള്‍ക്കുമ്പോള്‍ ഞാനും ആശ്വസിച്ചു. കുഴപ്പമില്ല. തരക്കേടില്ലാതെ പോവുകയല്ലേ. അങ്ങനെ പിറ്റേദിവസം സിഎമ്മിന്റെ ഓഫീസില്‍നിന്ന് വിളിക്കുന്നു. പോകുന്നു. ഞാന്‍ തിരുവനന്തപുരത്ത് പോകുന്നു. പിറ്റേ ദിവസം രാവിലെ, 12 മണിക്ക് കാണാമെന്ന്... 9 മണിക്ക് കാണാമെന്ന് പറഞ്ഞു. ഞാന്‍ രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റു. സിഎമ്മിന്റെ ഓഫീസിലേക്ക് വരുമ്പോള്‍, ഫോണ്‍ വന്നു. ഒമ്പത് മണിക്ക് എസ്‌ഐടിയുടെ മീറ്റിങ് ആണ്. 12 മണിക്ക് നിങ്ങള്‍ വന്നാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ 12 മണിക്ക് വിളിച്ചപ്പോള്‍ പറഞ്ഞു 12.30 കറക്ട് വരാന്‍ പറഞ്ഞു.

പോയപ്പോള്‍, സിഎം മാത്രമേയുള്ളൂ. ആരുമില്ല. ഇതേപോലെ ടേബിള്‍ ഇട്ട് ഇരിക്കുന്നു. ഈ പറഞ്ഞ 11 പേജുള്ള പരാതി ഞാന്‍ സിഎമ്മിന് കൊടുക്കുകയാണ്. സിഎമ്മ് വളരെ റിലാകസ് ചെയ്ത് ഇരുന്ന് ഇത് വായിക്കുന്നു. ഇടയ്ക്കിടയ്ക്ക് ഈ കണ്ണടയില്‍കൂടെ എന്നെ ഇങ്ങനെ നോക്കും. ഇത്ര ഗൗരവമാണല്ലോ ഈ പ്രശ്‌നങ്ങള്‍ എന്ന്. അങ്ങനെയാണല്ലോ. ഇത്രയൊക്കെയുണ്ടോ എന്ന് സംശയത്തില്‍ നോക്കും. ഇതൊക്കെ മനുഷ്യ പ്രകൃതമായി നടക്കുന്ന കാര്യങ്ങളാണ്. ഞാന്‍ അങ്ങനെ ഇരുന്നു, ഒരു സാധുവായിട്ട്. ഇതെല്ലാം പുള്ളി വായിച്ചു കഴിഞ്ഞു. അതിലൊരു മൂന്നുനാല് വിഷയങ്ങള്‍ എന്നോട് ചേദിച്ചു. സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും ചോദിച്ചു. അദ്ദേഹം എന്റെ ഉള്ളെടുക്കാനാണ് ചോദിക്കുന്നത് എന്ന് എനിക്ക് അറിയില്ലല്ലോ. ഞാന്‍ എന്റെ ഒരു പിതാവിന്റെ സ്ഥാനത്ത് കണ്ട്, ഏറ്റവും വിശ്വസ്തനായി നില്‍ക്കുന്ന ഒരു വ്യക്തിയുടെ മുന്നില്‍, കാര്യങ്ങള്‍ പറയുകയാണ്. ഞാന്‍ ഉള്ളുതുറന്ന് ഈ കാര്യങ്ങള്‍ പറഞ്ഞു.

അത് മുഴുവന്‍ കേട്ടു. അത് കഴിഞ്ഞിട്ട് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, എനിക്ക് സിഎമ്മിനോട് ചില കാര്യങ്ങള്‍ പറയാനുണ്ട്. ആരും സിഎമ്മിനോട് പറയില്ല. ഇനി പറയല്ലാതെ മറ്റ് നിവൃത്തിയില്ല സിഎമ്മേ എന്നുപറഞ്ഞു. എന്നോട് നീ പറഞ്ഞോ എന്നുപറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, സിഎമ്മേ അഞ്ചെട്ട് മാസം മുമ്പ് സിഎമ്മിനോട് ഞാന്‍ പറഞ്ഞതാണ്. ഈ ശശിയും ഈ അജിത് കുമാറും ചതിക്കും. സിഎം സൂക്ഷിക്കണം. ഇവര്‍ കള്ളന്മാരാണ്. സിഎമ്മിന് ഓര്‍മയുണ്ടല്ലോ. എട്ട് മാസം മുമ്പേ ഞാന്‍ പറഞ്ഞതാണ്.

അവസാനം ഈ ഷാജന്‍ സ്‌കറിയയെ രക്ഷപ്പെടുത്താന്‍ ഇവര്‍ കളിച്ച കളി എനിക്ക് ബോധ്യപ്പെടുകയാണ്. അത് ഞാന്‍ എക്‌സ്‌പ്ലെയിന്‍ ചെയ്യുന്നില്ല. ആ തെളിവുകളോട് കൂടി ഞാന്‍ സിഎമ്മിനെ കാണുകയാണ്. അന്ന് ഈ കാര്യങ്ങള്‍ പറയുമ്പോള്‍, സിഎം അവിടെയിരുന്ന്, ഇവര്‍ ഷാജന്‍ സ്‌കറിയയെ ഡല്‍ഹിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ കളിച്ച കളി, ഞാന്‍ വിട്ടയാളുകള്‍ ഇത് നോക്കി കാണുകയാണ് അവിടെയിരുന്നിട്ട്. ആ കാര്യങ്ങള്‍ കൃത്യമായി അദ്ദേഹത്തിന് വിവരങ്ങള്‍ കൊടുക്കുകയാണ്. അപ്പോള്‍ അദ്ദേഹം ആ കസേരയില്‍ ഇരുന്നിട്ട് ഒരു നിശ്വാസം. എന്റെ ഹൃദയത്തില്‍ തട്ടിയ നിശ്വാസം. എന്നിട്ട് അദ്ദേഹം തന്നെ കൈ ഇങ്ങനെയാക്കിയിട്ട് (കൈമലര്‍ത്തിയ ആക്ഷന്‍ കാണിക്കുന്നു.) പറഞ്ഞു, 'ഇങ്ങനെയൊക്കെ ആയാല്‍ എന്താ ചെയ്യുക.'. സത്യത്തില്‍ അത് എന്റെ മനസ്സില്‍ കൊണ്ടു. അപ്പോള്‍ എനിക്ക് മനസ്സിലായി എന്തോ ഒരു നിസ്സഹായാവസ്ഥ എനിക്ക് ഫീല്‍ ചെയ്തു. അത് കഴിഞ്ഞു. അത് എന്റെ മനസ്സില്‍ വച്ചു. ഈ അരീക്കോട് സംഭവത്തിന് ശേഷം ഞാന്‍ അവരുടെ പിന്നാലെയാണ്. അപ്പോള്‍ അതിന് ശേഷം എനിക്ക് മനസ്സിലായി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, ഈ പറയുന്ന ശശി തന്നെയാണ് ഈ മനുഷ്യനെ കേരളത്തില്‍ വികൃതമാക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ട ഒരു വിഷയവും ബഹുമാനപ്പെട്ട സിഎമ്മുമായി ചര്‍ച്ച ചെയ്യുന്നില്ല എന്ന് ഞാന്‍ മനസ്സിലാക്കുകയാണ്. പൊലീസില്‍ നടക്കുന്ന അഴിമതിയും അരാജകത്വവും നിരവധി അനവധി തവണ പറഞ്ഞിട്ടും ഒരനക്കവുമില്ല. അപ്പോള്‍ ഈ കാട്ടുകള്ളനെ അവിടെ നിന്ന് താഴെയിറക്കണമെന്ന് ഞാന്‍ അന്ന് ദൃഢപ്രതിജ്ഞ ചെയ്തതാണ്. അതിന്റെ ഭാഗമായിട്ടാണ് ഞാന്‍ ഈ അന്വേണത്തിലേക്ക് പുറപ്പെടുന്നത്. ബഹുമാനപ്പെട്ട സിഎമ്മിനോട് ഞാന്‍ പറഞ്ഞു. സിഎമ്മേ എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. സിഎമ്മിന് ഓര്‍മ്മയുണ്ടല്ലോ, എട്ടൊമ്പത് മാസം മുമ്പ് ഞാന്‍ പറഞ്ഞത്. പുള്ളി പ്രതികരിച്ചില്ല. എന്റെ മുഖത്ത് നോക്കി ചെറിയ ചിരി ചിരിച്ചു. നീ പറയൂ എന്ന പോലെ.

അപ്പോള്‍ ഞാന്‍ പറഞ്ഞു. 2021ല്‍ ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത് സിഎമ്മിന്റെ വ്യക്തിപ്രഭാവം കൊണ്ടും പ്രവര്‍ത്തനം കൊ്ണ്ടുമാണ്. ഞാനടക്കം സിഎമ്മിന്റെ വോട്ട് കൊണ്ടാണ് ജയിച്ചത് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. സിഎമ്മേ നിങ്ങള്‍ കേരളത്തിലെ കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു സൂര്യനാണ്. പക്ഷെ സിഎം അറിയുന്നില്ല. ആ സൂര്യന്‍ കെട്ടുപോയിട്ടുണ്ട്. ആ സൂര്യന്‍ കെട്ടുപോയി കേരളീയ പൊതു സമൂഹത്തില്‍. ഞാന്‍ പറയുകയാണ്. ആത്മാര്‍ഥമായിട്ട്. നെഞ്ചു തട്ടിയിട്ടാണ് പറയുന്നത്. സിഎമ്മിന്റെ ആ ഗ്രാഫ് നൂറില്‍നിന്ന് പൂജ്യത്തിലേക്ക് ഇറങ്ങിയിട്ടുണ്ട് നാട്ടില്‍. നാട്ടില്‍ നടക്കുന്നത് സിഎം അറിയില്ല. സിഎമ്മേ ആ പൂജ്യത്തില്‍നിന്ന് തിരിച്ചുകയറേണ്ടതുണ്ട്. സിഎമ്മേ. 25-30 ശതമാനം, കേരളത്തിലെ സാധാരണക്കാരായ മനുഷ്യര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും സിഎമ്മേ, സിഎമ്മിനോട് വെറുപ്പാണ്. ഞാന്‍ പറഞ്ഞ സ്റ്റേറ്റ്‌മെന്റാണ്. കേട്ടിരിക്കുകയാണ് സിഎം. എന്നിട്ട് ഞാന്‍ കൈ നീട്ടി ഇങ്ങനെ, സംസാരത്തിനിടയില്‍. ശശി ഇരിക്കുന്ന കാബിന്‍ ആഭാഗത്താണ്. ഇതിന് മുഴുവന്‍ കാരണക്കാരന്‍ അവനാണ്. സിഎം ഇനിയും അവനെ വിശ്വസിക്കരുത്. ഞാന്‍ പറയുകയാണ്. ഇതെല്ലാം ഈ മനുഷ്യന്‍ വളരെ സാകൂതം കേട്ടിരിക്കുയാണ്. അപ്പോഴേക്ക് എന്തായി എന്റെ തൊണ്ടയിടറി. എനിക്ക് സംസാരിക്കാന്‍ കഴിയാതായി. കണ്ണില്‍നിന്ന് വെള്ളം വന്നു. കാരണം ഞാന്‍ അങ്ങനെയല്ലേ, നമ്മളൊക്കെ ധരിച്ചുവെച്ചിരിക്കുന്നത്. ഈ എട്ടുവര്‍ഷം ആ മനുഷ്യനെ സ്‌നേഹിച്ചത് അദ്ദേഹം തികഞ്ഞ ഒരു സെക്യൂലറിസ്റ്റും ഏറ്റവും നല്ല ഒരു കമ്യൂണിസ്റ്റും ഒരു അഴിമതിയും തൊട്ടുതീണ്ടാത്ത മനുഷ്യനുമാണെന്ന ഉറച്ച് വിശ്വാസത്തില്‍, ഒരു പിതാവിനെ പോലെ ഞാന്‍ സ്‌നേഹിച്ച മനുഷ്യനാണ്. സ്വാഭാവികമായി നമ്മുടെ ഹൃദയം പൊട്ടിപ്പോകും. ഞാന്‍ കരഞ്ഞു. അപ്പോള്‍ രണ്ടാമതും തിരിച്ചുവരാന്‍ ഞാന്‍ കുറച്ച് സമയമെടുത്തു. മൂന്നുനാല് മിനുട്ട് ഞാന്‍ ഇരുന്നു. കാരണം എനിക്ക് എന്റെ കണ്ണ് നനഞ്ഞാല്‍ അപ്പോള്‍ ചോരക്കട്ടയാകും. പുറത്ത് ആളുകള്‍ നില്‍ക്കുകയാണ്. സിഎമ്മിന്റെ കാബിന്റെ പുറത്ത് നില്‍ക്കുമ്പോള്‍ അവര് കാണും. അവിടെയിരുന്ന് ഞാന്‍ കണ്ണുതുടച്ചു. ഒന്ന് ശാന്തമായി. ഒരു മൂന്ന് മിനുട്ട് എടുത്തിട്ടുണ്ടാകും. അതിന് ശേഷം ഞാന്‍ പറഞ്ഞു സിഎമ്മിനോട്, സിഎമ്മേ, ഈ അജിത് കുമാര്‍ ഈ പ്രശ്‌നത്തിലുണ്ടായത്. വലിയ പ്രയാസം ഉണ്ടാകും സിഎമ്മേ. അയാളെ ഒന്ന് മാറ്റി നിര്‍ത്തിക്കൂടേ. അതൊരു ബുദ്ധിമുട്ടാണല്ലോ. അയാളുടെ സ്വഭാവം ഇപ്പോള്‍ സിഎമ്മിന് ഇത് വായിച്ചതില്‍നിന്ന് മനസ്സിലായില്ലേ. അപ്പോള്‍ സിഎം എന്നോട് പറഞ്ഞു. അതിന് ഡിജിപി ഉണ്ടല്ലോ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു. ഡിജിപി ആള് സാധുവല്ലേ സിഎമ്മേ. അതെവിടെയെങ്കിലും എത്തുമോ. അപ്പോള്‍ അദ്ദേഹം പറഞ്ഞു. നമുക്ക് നോക്കാം. അപ്പോള്‍ ഞാന്‍ എന്താ വിചാരിക്കുന്നത്. സിഎമ്മിന്റേത് വളരെ സത്യസന്ധമായ സ്റ്റാന്‍ഡ് ആണ്. അപ്പോള്‍ ഞാന്‍ അവിടെ നിന്ന് ഇറങ്ങുകയാണ്.

ഇറങ്ങുമ്പോള്‍ ഞാന്‍ സിഎമ്മിനോട് ചോദിച്ചു. സിഎമ്മേ പുറത്ത് പത്രക്കാരുണ്ട്. ഞാന്‍ ഇന്നലെ മുതല്‍ അവരെ കണ്ടിട്ടില്ല. ഇറങ്ങിയാല്‍ അവരോട് എന്തെങ്കിലും പറയേണ്ടിവരും. അപ്പോള്‍ എന്താ ചെയ്യാ എന്ന് ചോദിച്ചു. 'അതിനെന്താ നിങ്ങള്‍ പറഞ്ഞോ' എന്നുപറഞ്ഞു. നിങ്ങള്‍ സൂക്ഷിച്ച് പറയണം എന്ന് പോലും പറഞ്ഞിട്ടില്ല. ഒന്നു കരുതി പറയണം എന്ന് പറഞ്ഞിട്ടില്ല. അപ്പോള്‍ എന്തായി. എനിക്ക് വീണ്ടും ആവേശമായി. കാരണം സിഎം അത്രയും സപ്പോര്‍ട്ട് അല്ലേ.

അങ്ങനെ ഞാന്‍ വരുന്നു. പിറ്റേന്ന് പത്രസമ്മേളനം നടത്തുന്നു. അല്ല, ഞാന്‍ ഇറങ്ങി കഴിഞ്ഞിട്ട് എലി പൂച്ച എന്നൊക്കെ പറയുന്ന സമയമാണ്. അപ്പോള്‍ ഞാന്‍ ശാന്തമായി സത്യത്തില്‍. കാരണം സിഎമ്മിന്‍രെ ആ പെരുമാറ്റത്തില്‍ ഞാന്‍ ഫുള്ളി സാറ്റിസ് ഫൈഡ് ആയി. അത് കഴിഞ്ഞ് പിറ്റേന്ന് മാഷെ കാണുന്നു. മാഷെ കണ്ട് ഇറങ്ങിയപ്പോള്‍ ഞാന്‍ കുറച്ച് രൂക്ഷമായി സംസാരിച്ചു. അത് നിങ്ങള്‍ എലി പൂച്ച, പട്ടി എന്ന് പറഞ്ഞതിന്റെ ആ ഒരു ആക്ഷനാണ് സത്യത്തില്‍ ഉണ്ടായത്. മാഷ് ഇങ്ങന പോയി പ്രസ്താവന നടത്തുരുത് എന്ന് പറഞ്ഞതിനല്ല. അതൊരു വാസ്തവാണ്. ദയവായി നിങ്ങള്‍ അത് മനസ്സിലാക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in