കെ.ടി ജലീലുമായി കൂടിക്കാഴ്ച നടത്തിയത് തള്ളാതെ പി.കെ കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയ തര്‍ക്കം വേറെ, വ്യക്തിപരമായ ബന്ധം വേറെയെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. നിയമസഭയിലും ലിഫ്റ്റിലും കല്യാണ വീടുകളിലും യോഗങ്ങളിലും കണ്ടാല്‍ മിണ്ടാതെ പോകുന്നവരല്ല താനും കെ.ടി ജലീലും. രാഷ്ട്രീയ സംവാദം നടത്തുന്നവര്‍ തമ്മില്‍ വ്യക്തിപരമായി പ്രശ്‌നങ്ങളുണ്ടെന്നത് തെറ്റിദ്ധാരണയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം
'രാഷ്ട്രീയ നേതാക്കള്‍ പരസ്പരം കാണുന്നത് പതിവാണ്. കെ.ടി ജലീലിനെ നിയമസഭയിലും യോഗങ്ങളിലും കല്യാണ വീടുകളിലും കണ്ടാല്‍ മിണ്ടാതെ പോകുന്നവരല്ല. രാഷ്ട്രീയ സംവാദങ്ങള്‍ നടത്തുന്നവര്‍ തമ്മില്‍ വ്യക്തിപരമായി തെറ്റിലാണെന്ന് കരുതുന്നതാണ്. അങ്ങനെയില്ല.നേരത്തെയും ഇപ്പോഴും ഞങ്ങള്‍ കണ്ടാല്‍ മിണ്ടുന്ന സ്ഥിതിയാണ്. രാഷ്ട്രീയ തര്‍ക്കം വേറെ വ്യക്തിപരമായ ആശയവിനിമയം വേറെ. കല്യാണ സദസ്സില്‍ വച്ചോ മറ്റ് എവിടെയെങ്കിലും വച്ചോ കണ്ടാല്‍ ഓടുകയൊന്നും ചെയ്യില്ല'.
പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു കെ.ടി ജലീലുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത്. കുറ്റിപ്പുറത്തെ വ്യവസായിയുടെ വീട്ടില്‍ വെച്ചായിരുന്നു മധ്യസ്ഥ ചര്‍ച്ച. കള്ളപ്പണ ആരോപണങ്ങളില്‍ നിന്നും പിന്‍മാറണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി കെ.ടി ജലീലിനോട് അഭ്യര്‍ത്ഥിച്ചു. തനിക്ക് ജലീലിനോട് വ്യക്തിപരമായി പ്രശ്‌നങ്ങളില്ല. മുസ്ലിം ലീഗില്‍ നിന്നും പുറത്താക്കിയതിന് പിന്നില്‍ താനല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി കെ.ടി ജലീലിനോട് പറഞ്ഞു. കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടുനിന്നു.