ഓര്‍ത്തഡോക്‌സ് സഭാ നേതാക്കള്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത്, മന്‍മോഹന്‍ വൈദ്യയുമായി കൊച്ചിയില്‍ കൂടിക്കാഴ്ച

ഓര്‍ത്തഡോക്‌സ് സഭാ നേതാക്കള്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത്, മന്‍മോഹന്‍ വൈദ്യയുമായി കൊച്ചിയില്‍ കൂടിക്കാഴ്ച
Published on

ആര്‍.എസ്.എസ് സഹസര്‍കാര്യവാഹക് മന്‍മോഹന്‍ വൈദ്യയുമായി ഓര്‍ത്തഡോക്‌സ് സഭാ നേതാക്കളുടെ കൂടിക്കാഴ്ച. കൊച്ചി കലൂരിലുള്ള ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തില്‍ വച്ചാണ് കൂടിക്കാഴ്ച. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെയാണ് സഭാ നേതാക്കള്‍ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയത്. പള്ളിത്തര്‍ക്കവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ചയില്‍ വിഷയമായിരുന്നതായി ബിഷപ്പുമാര്‍. അഹമ്മദാബാദ് ഭദ്രാസനത്തിലെ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ യൂലിയൂസ്, കൊച്ചി ബിഷപ്പ് യാക്കൂബ് മാര്‍ ഐറേനിയോസ് എന്നിവരാണ് ആര്‍എസ്എസ് ദേശീയ ജോയിന്റ് സെക്രട്ടറി മന്‍മോഹന്‍ വൈദ്യയുമായി ചര്‍ച്ച നടത്തിയത്.

കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ അടുപ്പിക്കണമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച.

സംസ്ഥാനത്ത് ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം ബിജെപി ഈ തെരഞ്ഞെടുപ്പില്‍ ലക്ഷ്യമിടുന്നുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. കൊച്ചിയില്‍ കെ.സി.ബി.സി ആസ്ഥാനത്തെത്തിയായിരുന്നു കൂടിക്കാഴ്ച.

പ്രഭാതഭക്ഷണം കഴിക്കാനാണ് എത്തിയതെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നുമായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം. കെ.സുരേന്ദ്രന് പിന്നാലെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കര്‍ണാടക ഉപ മുഖ്യമന്ത്രി സി.എന്‍.അശ്വന്ത് നാരായണും കാത്തോലിക്ക സഭാ ആസ്ഥാനത്ത് എത്തിയിരുന്നു. കര്‍ദിനാളുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തന്നും ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികള്‍ മത്സരത്തിനുണ്ടാകുമെന്നും അശ്വന്ത് നാരായണ്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ആര്‍എസ്എസും ഓര്‍ത്തഡോക്സ് സഭയും തമ്മില്‍ മികച്ച ബന്ധമാണ് പുലര്‍ത്തുന്നതെന്നും ആ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്

കൂടിക്കാഴ്ചയെന്നും ബിഷപ്പുമാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരുമായി നല്ല ബന്ധമാണ് ഓര്‍ത്തഡോക്സ് സഭയ്ക്കുള്ളത്. അത്തരം ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. ഇരുകൂട്ടരും ഒന്നിച്ചെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നും ഓര്‍ത്തഡോക്‌സ് സഭാ നേതാക്കള്‍.

Related Stories

No stories found.
logo
The Cue
www.thecue.in