നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ഉമ്മൻചാണ്ടി. നേമത്ത് നിന്ന് മത്സരിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടില്ല. പ്രവർത്തകരുടെ വികാരം മാനിക്കുന്നു. പുതുപ്പള്ളിയിൽ തന്റെ പേര് അംഗീകരിച്ചുവെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
അതെസമയം ഉമ്മന്‍ചാണ്ടി നേമത്ത് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കോട്ടയം പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വീടിനു മുമ്പില്‍ വന്‍ പ്രതിഷേധം നടന്നു. സ്ത്രീകളും വയോധികരും ഉള്‍പ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജസ്റ്റിൻ ഉമ്മൻചാണ്ടിയുടെ വീടിന് മുകളില് കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഉമ്മൻചാണ്ടി പുതുപ്പള്ളി വിടരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇതിന് പിന്നാലെ ഉമ്മൻചാണ്ടി പ്രവർത്തകർക്കൊപ്പം വീടിന് പുറത്തിറങ്ങുകയും ജസ്റ്റിനെ ഫോണിൽ ബന്ധപ്പെട്ട് താഴെയിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇയാൾ താഴെ ഇറങ്ങി. ഉമ്മൻചാണ്ടി പുതുപ്പള്ളി വിട്ടാൽ പിന്നെ തങ്ങൾ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ എന്ന് ജസ്റ്റിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൈക്കമാൻഡോ, സോണിയ ഗാന്ധിയോ രാഹുലോ ആര് പറഞ്ഞാലും തങ്ങൾ ഉമ്മൻചാണ്ടിയെ വിട്ടു നൽകില്ലെന്നും ജസ്റ്റിൻ പറഞ്ഞു.
ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് മാറുന്ന സാഹചര്യമില്ലെന്ന് മുന്‍ മന്ത്രി കെസി ജോസഫ് വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് മാറുന്നതില്‍ എ ഗ്രൂപ്പിനകത്തും പ്രതിഷേധം ശക്തമാണ്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ചുവരെഴുത്തുകളും പ്രചരണവും തുടങ്ങിയിരുന്നു. ജെയ്ക്ക് സി തോമസാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.