മന്ത്രി ഒ.ആര്‍.കേളുവിന്റെ സത്യപ്രതിജ്ഞയക്ക് ശേഷം നടന്ന ചായ സത്കാരത്തില്‍ ഹസ്തദാനം നടത്തി മുഖ്യമന്ത്രിയും ഗവര്‍ണറും. സത്യപ്രതിജ്ഞാ ചടങ്ങിനിടെ പരസ്പരം നോക്കാന്‍ തയ്യാറാകാതിരുന്ന ഇരുവരും ചായസത്കാരത്തിനിടെ പരസ്പരം കൈകൊടുക്കുകയായിരുന്നു. മന്ത്രി കെ.ബി.ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിനു ശേഷം നടത്തിയ ചായ സത്കാരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. ഏഴ് മിനിറ്റോളം നീണ്ട സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്പരം നോക്കാനോ അഭിവാദ്യം ചെയ്യാനോ തയ്യാറായിരുന്നില്ല.
രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രിയായി ഒ.ആര്‍.കേളു സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സെക്രട്ടറിയേറ്റിലെത്തിയ ഒ.ആര്‍്.കേളു മന്ത്രിസ്ഥാനം ഏറ്റെടുത്തു. വകുപ്പിന്റെ ക്ഷേമ പ്രവര്‍ത്തികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു. വയനാട്ടിലെ വന്യമൃഗ ആക്രമണ വിഷയത്തില്‍ എംഎല്‍എമാരും എംപിമാര്‍ എന്നിവരുള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായിരിക്കുമ്പോള്‍ കെ.രാധാകൃഷ്ണന്‍ തുടങ്ങിവെച്ച കാര്യങ്ങള്‍ പഠിച്ച് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.