ജാതി സംവരണം അവസാനിപ്പിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് സുകുമാരന്‍ നായര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയത്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന ബദല്‍ സംവിധാനം കൊണ്ടുവരണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ജാതി സെന്‍സസ് നടപ്പാക്കരുതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. നേരത്തേയും ഇതേ ആവശ്യവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി രംഗത്തെത്തിയിട്ടുണ്ട്.
ജാതി സെന്‍സസ് നടത്തിയാല്‍ സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്ക് വഴിതെളിയുമെന്നാണ് എന്‍എസ്എസ് വാദിക്കുന്നത്. വോട്ടുബാങ്കുകളായ ജാതി വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നതിനാണ് ജാതി സംവരണവും ജാതി സെന്‍സസുമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. ജാതീയമായി വിഭജിക്കുന്ന ജാതി സംവരണം വോട്ടുരാഷ്ട്രീയത്തിനു വേണ്ടിയാണ്. ജാതി സംവരണം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണെന്നും അത് അവസാനിപ്പിച്ച് ജാതിമത ഭേദമില്ലാത്ത ബദല്‍ സംവിധാനം നടപ്പിലാക്കണമെന്നുമാണ് സുകുമാരന്‍ നായരുടെ ആവശ്യം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയും നീതി നല്‍കാതെ അകറ്റി നിര്‍ത്തിയിരിക്കുകയുമാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ വര്‍ഗ്ഗീയ സ്പര്‍ദ്ധ പടര്‍ത്തുന്നു. തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ തിരിച്ചടികള്‍ ഇനിയുമുണ്ടാകും. അഴിമതിക്കെതിരായി നടപടിയെടുക്കാതെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ മനഃപൂര്‍വ്വം തകര്‍ക്കുകയാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.