നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് എറണാകുളം ജില്ലാ സെഷൻസ് കോടതി. ആഗസ്റ്റ് മൂന്ന് വരെയാണ് അറസ്റ്റ് തടഞ്ഞത്. മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതിയുടെ ഇടപെടൽ. മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം അടുത്ത മാസം മൂന്നിന് നടക്കുമെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി അറിയിച്ചു.
മരട് പൊലീസാണ് മുകേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ആലുവയിലെ ഫ്ലാറ്റിൽ എത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസിന്റെ തുടർനടപടികളിലേക്ക് പൊലീസ് കടന്നത്. ഭാരതീയ ന്യായ സംഹിത 376 (ബലാത്സംഗം), 509 (സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം), 354 (സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ബലപ്രയോഗം), 452 (അതിക്രമിച്ചുകടക്കൽ) തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്.
മുകേഷ് എംഎൽഎ സ്ഥാനം രാജി വക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. സിനിമാ നയരൂപീകരണ സമിതി പുനസംഘടിപ്പിക്കാനും ആ സമയത്ത് മുകേഷിനെ സമിതിയിൽ നിന്ന് ഒഴിവാക്കാനും ആണ് സിപിഎം അവൈലബിൾ സെക്രട്ടേറിയറ്റിലുണ്ടാക്കിയ ധാരണ. യുഡിഎഫ് എംഎൽഎമാര്‍ക്കെതിരായ കേസും അന്നത്തെ കീഴ്വഴക്കങ്ങളും ഓര്‍മ്മിപ്പിച്ചാണ് മുതിര്‍ന്ന നേതാക്കളുടെ വരെ പ്രതികരണം.
മുകേഷിന്റെ രാജി ആവശ്യപ്പെടുന്നതിൽ സിപിഐക്ക് അകത്തുമുണ്ടായി രൂക്ഷമായ അഭിപ്രായ വ്യത്യാസം. ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജയും അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവും രാജിയിൽ പരസ്യ നിലപാടെടുത്തപ്പോൾ ധാര്‍മ്മികതയെ ചൊല്ലിയായിരുന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. അടിയന്തര എക്സിക്യൂട്ടീവിൽ രാജി അനിവാര്യമെന്ന നിലപാടിനൊപ്പമായിരുന്നു ഭൂരിപക്ഷം. പാര്‍ട്ടിയുടെ പൊതു വികാരം മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനേയും ധരിപ്പിക്കാൻ ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തിയാണ് യോഗം പിരിഞ്ഞത്.