അദാനിയുമായി ഒരു കരാറുമില്ല; വൈദ്യതി വാങ്ങുന്നത് കേന്ദ്ര ഏജൻസിയിൽ നിന്നും; ചെന്നിത്തല വിഡ്ഢിത്തം പറയുന്നുവെന്ന് മന്ത്രി എം.എം മണി

അദാനിയുമായി ഒരു കരാറുമില്ല; വൈദ്യതി വാങ്ങുന്നത് കേന്ദ്ര ഏജൻസിയിൽ നിന്നും; ചെന്നിത്തല വിഡ്ഢിത്തം പറയുന്നുവെന്ന്  മന്ത്രി എം.എം മണി
Published on

അദാനിയുമായി കെഎസ്ഇബിയോ സര്‍ക്കാരോ കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. വൈദ്യതി നല്‍കുന്നത് കേന്ദ്ര ഏജൻസിയാണെന്നും വിവരങ്ങള്‍ വൈദ്യുതി വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണെന്നും എം.എം മണി പറഞ്ഞു. ചെന്നിത്തലയുടെ സമനില തെറ്റിയെന്നും വൈദ്യുതി മന്ത്രി പറ‍ഞ്ഞു. അദാനിയുടെ സ്ഥാപനത്തിൽ നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാറിൽ കെഎസ്ഇബി ഒപ്പിട്ടെന്ന വാദം വിഡ്ഢിത്തമാണ്. ചെന്നിത്തല പറയുന്നത് പോലെ ഒരു രൂപയ്ക്ക് ജലവൈദ്യുതി കിട്ടാനില്ല. കിട്ടുമെങ്കിൽ അതല്ലേ വാങ്ങൂ. കേന്ദ്ര സർക്കാരിന്റെ പാരമ്പര്യേതര ഊർജ്ജ സ്ഥാപനവുമായി മാത്രമേ കരാറുള്ളൂവെന്നും മന്ത്രി പറഞ്ഞു.

എംഎം മണി പറഞ്ഞത്

വല്ലവനും വല്ലതും പറയുന്നത് കേട്ട് എന്നോട് വന്ന് അന്വേഷിക്കാതെ മാധ്യമങ്ങൾ അന്വേഷിക്കണം. കെഎസ്ഇബി വെബ്സൈറ്റിൽ എല്ലാ വിവരങ്ങളും ഉണ്ട്. അദാനിയുമായി കേരള സർക്കാരും വൈദ്യുതി ബോർഡും കരാർ വെച്ചിട്ടില്ല. കേന്ദ്രസർക്കാരിന്റെ പാരമ്പര്യേതര ഊർജ വകുപ്പുമായി മാത്രമേ കരാർ ഉള്ളൂ. ചെന്നിത്തല പറയുന്നത് ഒരു രൂപയ്ക്ക് ജലവൈദ്യുതി കിട്ടാനുണ്ടെന്ന്. ആ പറയുന്നത് വിഡ്ഢിത്തമാണ്. അങ്ങിനെയൊന്നും കിട്ടാനില്ല. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത് 35 ശതമാനം വൈദ്യുതിയാണ്. ബാക്കി വാങ്ങുന്നു. അതിന് ഞങ്ങൾ അദാനിയുടെയോ മറ്റ് കുത്തകകളുടെയോ കമ്പനികളുമായി കരാർ ഉണ്ടാക്കിയിട്ടില്ല. വിശദാംശങ്ങൾ വൈദ്യുതി ബോർഡിന്റെ വെബ്സൈറ്റിൽ നിന്ന് കിട്ടും. ഇവിടെ പറയുന്നത് കേട്ടാൽ തോന്നുക ഇഷ്ടം പോലെ ജലവൈദ്യുതി കിട്ടാനുണ്ടെന്നാണ്. അങ്ങിനെയൊന്നും കിട്ടാനില്ല. കിട്ടുമെങ്കിൽ അതല്ലേ വാങ്ങൂ. ചെറുകിട പദ്ധതികൾ നിർമ്മാണത്തിലുണ്ട്.

കേരളത്തിന് വൈദ്യുതി തരുന്നത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. ചെന്നിത്തല വിഡ്ഢിത്തം തന്നെയാണ് പറയുന്നത്. സമനില തെറ്റിയ പോലെയാണ് കുറേ നാളായി സംസാരിക്കുന്നത്. സ്വർണം പിടിച്ചപ്പോൾ കേന്ദ്ര ഏജൻസിയാണ് കേസെടുത്തത്. അതിന് മുകളിൽ കേരള പൊലീസ് കേസെടുക്കണമെന്ന് പറഞ്ഞാൽ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ? പ്രളയം മനുഷ്യ സൃഷ്ടിയാണെന്ന് കോമൺ സെൻസുള്ളവർ പറയുമോ? റേഷനരിയുടെ കാര്യത്തിൽ കോടതിയിൽ പോയിട്ട് എന്തുണ്ടായി?

സംസ്ഥാന വൈദ്യുതി ബോര്‍ഡിന് അദാനിയുമായി ഒരു കരാറുമില്ലെന്നും കരാറില്‍ ഏര്‍പ്പെട്ടതെല്ലാം സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ( സെക്കി)യാണെന്നും കെ.എസ്.ഇ.ബി. ചെയര്‍മാര്‍ എന്‍.എസ്.പിള്ള പറഞ്ഞു . കരാറുകളെല്ലാം സെക്കിയുമായിട്ടാണ്. പേയ്‌മെന്റുകളും കരാറിന്റെ ഉത്തരവാദിത്വവും സെക്കിക്കാണെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in