വിവാദങ്ങൾ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ; കോൺഗ്രസ് - ബിജെപി ബന്ധം പകൽപോലെ എല്ലാവർക്കുമറിയാമെന്ന് പിഎ മുഹമ്മദ് റിയാസ്

വിവാദങ്ങൾ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ; കോൺഗ്രസ് - ബിജെപി ബന്ധം പകൽപോലെ എല്ലാവർക്കുമറിയാമെന്ന് പിഎ മുഹമ്മദ് റിയാസ്
Published on

എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയത് സിപിഎമ്മിനെ ബാധിക്കില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഏതെങ്കിലും ഉദ്യോഗസ്ഥൻ ആർ എസ് എസ് ജനറൽ സെക്രട്ടറിയെ കണ്ടത് സിപിഎമ്മിനെ ബാധിക്കില്ല. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. അതിലപ്പുറം പറയാനില്ല. പൊലീസ് സംവിധാനം നിലവിൽ കേരളത്തിൽ നല്ല നിലയിലാണ് പ്രവർത്തിക്കുന്നതെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുഹമ്മദ് റിയാസ് പറഞ്ഞു.

വിവാദങ്ങൾ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ; കോൺഗ്രസ് - ബിജെപി ബന്ധം പകൽപോലെ എല്ലാവർക്കുമറിയാമെന്ന് പിഎ മുഹമ്മദ് റിയാസ്
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ എം.ആര്‍.അജിത്കുമാറിനെ മുഖ്യമന്ത്രി പറഞ്ഞയച്ചോ? വി.ഡി.സതീശന്റെ വാര്‍ത്താസമ്മേളനം, പൂര്‍ണ്ണരൂപം

മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ വാക്കുകൾ

ആർഎസ്എസ് വിരുദ്ധ നിലപാടാണ് സിപിഎം എന്നും സ്വീകരിച്ചിട്ടുളളത്. സിപിഎമ്മിന്റെ ചരിത്രം അറിയാവുന്നവർക്ക് ഇക്കാര്യങ്ങൾ അറിയാം. ആർ എസ് എസ് ആക്രമണങ്ങളിൽ 200 ലേറെ സഖാക്കളെ നമുക്ക് നഷ്ടമായിട്ടുണ്ട്. ചില കോൺഗ്രസ് നേതാക്കളാണ് സിപിഎമ്മിനെതിരെ പ്രചരണം അഴിച്ചുവിടുന്നത്. തൃശ്ശൂരിൽ ബിജെപി വിജയിച്ചതിലെ ഉത്തരവാദിത്തത്തിൽ നിന്നും തടിയൂരാനുളള കോൺഗ്രസ് നീക്കത്തിന്റെ ഭാഗമാണ് ഇപ്പോൾ ഉയർന്ന് വന്ന വിവാദങ്ങൾ. കോൺഗ്രസാണ് എന്നും കേരളത്തിൽ ആർഎസ് എസിനൊപ്പം നിന്നിട്ടുളളത്. കോലീബീ സംഖ്യം വടകരയിലുണ്ടായത് മറക്കരുത്. കോൺഗ്രസാണ് ഇതിന് ചുക്കാൻ പിടിച്ചത്. ബിജെപി അക്കൗണ്ട് തുറന്നത് പൂർണ്ണമായി കോൺഗ്രസിന്റെ സഹായത്തിലാണ്. വിവാദങ്ങളെല്ലാം പിണറായിയെ ലക്ഷ്യം വെച്ചാണ്. പാർട്ടി സമ്മേളനങ്ങൾ അലങ്കോലമാക്കലാണ് ഇതിന്റെ മറ്റൊരു ലക്ഷ്യം. ഇനി ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശക്തമായ നിലപാട് സ്വീകരിക്കും.

പിണറായി വിജയൻ നേതൃത്വം നൽകുന്ന ഒരു സംവിധാനം ആയതിനാൽ ആദ്യം അദ്ദേഹത്തെ തകർക്കലാണ് ഇവരുടെ ലക്ഷ്യം. അതിന്റെ ഭാഗമാണിത്. ആർ എസ് എസ് ഞങ്ങളുടെ ശത്രുവാണ്. അത് എല്ലാ കാലത്തും അങ്ങനെതന്നെ. സിപിഎം ഇത്തരം വിവാദങ്ങളിൽ തളരില്ല. അങ്ങനെ ആരും ധരിക്കേണ്ടതില്ല. ഞങ്ങളുടെ ഒരു നേതാക്കളും ആർ എസ് എസ് ആചാര്യന്മാരുടെ ഫോട്ടോക് മുമ്പിൽ തലകുനിച്ച് നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരല്ല.

അൻവറിന്റെയും ജലീലിന്റെയും വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാര്യങ്ങൾ വിശദമാക്കിയതാണ്. അതിൽ ഞാൻ കൂടുതൽ പ്രതികരിക്കാനില്ല. പാർട്ടിക്ക് കൃത്യമായ സംവിധാനങ്ങളുണ്ട്. തെറ്റ് ചെയ്ത ആരെയും ഈ പാർട്ടി സംരക്ഷിക്കില്ല. അത് മുഖ്യമന്ത്രി കൃത്യമായി വ്യക്തമാക്കിയതാണല്ലോ.

Related Stories

No stories found.
logo
The Cue
www.thecue.in