തിരുവനന്തപുരം കോര്‍പറേഷനില്‍ താല്‍ക്കാലിക ജീവനക്കാരുടെ തസ്തികയിലേക്ക് സിപിഎമ്മുകാരെ തിരുകികയറ്റാന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ ശ്രമിച്ചെന്ന് വിവാദം. ആര്യ രാജന്ദ്രേന്‍ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് പുറത്തുവന്നതോടെയാണ് അനധികൃത നിയമനത്തിനുള്ള ശ്രമം ചര്‍ച്ചയായത്.
നവംബര്‍ ഒന്നിന് മേയര്‍ ആര്യാ രാജേന്ദ്രന്‍ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ അയച്ച കത്തില്‍ നഗരസഭ ആരോഗ്യവിഭാഗത്തില്‍ വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ ഒഴിവുകളുണ്ടെന്നും, ഉദ്യോഗാര്‍ത്ഥികളുടെ മുന്‍ഗണന ലിസ്റ്റ് അയക്കാന്‍ നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നതായാണ് ഉള്ളടക്കം. 'സഖാവേ' എന്ന് അഭിസംബോധന ചെയ്യുന്ന കത്തില്‍ 295 ഒഴിവുകള്‍ ഉണ്ടെന്നും ഏതൊക്കെ വിഭാഗത്തിലാണ് ഒഴിവുകളെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മേയറുടെ ഒപ്പ് രേഖപ്പെടുത്തിയാണ് കത്ത്.
ആര്യ രാജേന്ദ്രന്റെ പ്രതികരണം
കത്ത് നല്‍കിയ തീയതില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. കത്ത് വിവാദം പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്. നേതൃത്വവുമായി ആലോചിച്ച ശേഷം പ്രതികരിക്കാം.
കത്ത് കണ്ടിട്ടില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍
മേയറുടെ പേരിലുള്ള കത്ത് കണ്ടിട്ടില്ല.എന്റെ കയ്യില്‍ അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ല. കത്ത് വ്യാജമാണോ എന്ന് മേയറോട് ചോദിക്കണം. നഗരസഭയിലെ നിയമനങ്ങളില്‍ ഇതുവരെ ഒരു ആക്ഷപവും വന്നിട്ടില്ല. ആ കത്ത് എന്താണെന്ന് അറിയാന്‍ ബന്ധപ്പെട്ടവരെ വിളിച്ചിട്ടുണ്ട്. അവരുടെ വിശദീകരണം വന്ന ശേഷം ഔദ്യോഗികമായി പ്രതികരിക്കാം. കത്ത് വന്നതിന് ആരോടും വിശദീകരണം ചോദിച്ചിട്ടില്ല. മേയര്‍ വന്ന ശേഷം ഇതില്‍ പ്രതികരണം വരട്ടെ. പാര്‍ട്ടി ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കും. തിരുവനന്തപുരം നഗരസഭയിലെ താല്‍ക്കാലിക നിയമനങ്ങളില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുന്നതായി പ്രതിപക്ഷം നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു.
സര്‍ക്കാര്‍ നിയമനം പാര്‍ട്ടി നിയന്ത്രണത്തിലെന്ന് കെ.സുധാകരന്‍
കേരളത്തിലെ ഇന്നത്തെ അവസ്ഥയാണ് മേയറുടെ കത്തിലൂടെ പുറത്തുവന്നത്. സിപിഎം ആണ് ജോലി കൊടുക്കുന്നതും നിയമനങ്ങള്‍ നടത്തുന്നതും. നേതാക്കളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും ബന്ധുക്കള്‍ക്കും ജോലിക്ക് വേണ്ടി ശുപാര്‍ശ ചെയ്യുന്ന സാഹചര്യമാണ് കേരളത്തില്‍ ഉള്ളത്. ആര്യയുടെ കത്തില്‍ അല്‍ഭുതമില്ല. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ നയമാണ് മേയര്‍ ആര്യ രാജേന്ദ്രന്റെ കത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.