ലൈംഗികാതിക്രമങ്ങളില്‍ പരാതിക്കും പരിഹാരനിര്‍ദേശത്തിനുമായി രൂപീകരിച്ച താരസംഘടനയായ അമ്മയിലെ ഇന്റേണല്‍ കമ്മിറ്റിയില്‍ നിന്ന് മാല പാര്‍വതി രാജി വച്ചു. ബലാല്‍സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിജയ് ബാബുവിനെ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ഇന്റേണല്‍ കമ്മിറ്റി നിര്‍ദേശം അമ്മ നേതൃത്വം തള്ളിയതിന് പിന്നാലെയാണ് മാലാ പാര്‍വതിയുടെ രാജി.
ശ്വേത മേനോന്‍ പ്രിസൈഡിംഗ് ഓഫീസറായ ഇന്റേണല്‍ കമ്മിറ്റി ബലാല്‍സംഗ കേസില്‍ ഉള്‍പ്പെട്ട വിജയ് ബാബുവിനെ അമ്മയുടെ തലപ്പത്ത് നിന്ന് നീക്കണമെന്ന നിര്‍ദേശമാണ് ഏപ്രില്‍ 27ന് എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് കൈമാറിയത്. കമ്മിറ്റിയില്‍ നിയമവിഭാഗം ചുമതലയുള്ള അംഗവുമായി കൂടി ചര്‍ച്ച ചെയ്തായിരുന്നു ഐ.സി നിര്‍ദേശം. വിജയ് ബാബുവിനെ മാറ്റിനിര്‍ത്തേണ്ടതില്ലെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. ഇതേ തുടര്‍ന്നാണ് ഐ.സിയില്‍ നിന്ന് രാജി വെക്കുന്നതായും അമ്മ അംഗത്വം തുടരുമെന്നും മാലാ പാര്‍വതി അറിയിച്ചത്. വിജയ് ബാബുവിനെ മാറ്റിനിര്‍ത്തിയില്ലെങ്കില്‍ രാജി വെക്കുമെന്ന് ശ്വേതാ മേനോനും, നടന്‍ ബാബുരാജും അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെ വിജയ് ബാബു സ്വമേധയാ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറിനില്‍്ക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.
നിരപരാധിത്വം തെളിയുന്നത് വരെ താല്‍ക്കാലികമായി മാറിനില്‍ക്കുന്നുവെന്ന കത്താണ് വിജയ് ബാബു അമ്മ നേതൃത്വത്തിന് അയച്ചത്. തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ നിരപരാധിത്വം തെളിയുന്നത് വരെ അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്ന് തല്‍ക്കാലം മാറി നില്‍ക്കുന്നുവെന്ന് വിജയ് ബാബു താരസംഘടനക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ഈ കത്തിന് അംഗീകാരം നല്‍കുകയാണ് മേയ് ഒന്നിന് ചേര്‍ന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയ്തത്. മോഹന്‍ലാല്‍ പ്രസിഡന്റും മണിയന്‍ പിള്ള രാജു, ശ്വേതാ മേനോന്‍ എന്നിവര്‍ വൈസ് പ്രസിഡന്റും ഇടവേള ബാബു ജനറല്‍ സെക്രട്ടറിയും ജയസൂര്യ ജോയിന്റ് സെക്രട്ടറിയും സിദ്ദീഖ് ട്രഷററുമായ താരസംഘടനയുടെ അവയിലബിള്‍ എക്‌സിക്യുട്ടീവാണ് ഇന്നലെ വിജയ് ബാബുവിന്റെ സ്വമേധയാ ഉള്ള മാറി നില്‍ക്കല്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്നത്. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാബുരാജ്, ലാല്‍ എന്നിവര്‍ നടപടി വേണമെന്ന നിലപാടിലായിരുന്നു.
ലൈംഗിക ചൂഷണമുള്‍പ്പെടെ തടയുന്നതിനും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷത്തിനുമാണ് ഐ.സി ലക്ഷ്യമിടുന്നതെന്നും വെറുമൊരു പരാതി പരിഹാര സെല്‍ അല്ലെന്നും മാലാപാര്‍വതി രാജിക്കത്തില്‍ വ്യക്തമാക്കുന്നു.