ലോകായുക്ത ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി ആര്‍.ബിന്ദു. രമേശ് ചെന്നിത്തലയ്ക്ക് ഇച്ഛാഭംഗമാണ്. പ്രതിപക്ഷനേതൃസ്ഥാനം നഷ്ടപ്പെട്ടതിന്റെ വിഷമമാണ്. വിവാദമുണ്ടാക്കി നിറഞ്ഞു നില്‍ക്കാന്‍ രമേശ് ചെന്നിത്തല ശ്രമിച്ചു. കാള പെറ്റു എന്ന് കേട്ടാല്‍ കയറെടുക്കരുത്.
തനിക്കെതിരെ വന്നത് ആരോപണങ്ങളുടെ പരമ്പരയാണ്. പ്രതിപക്ഷവും മാധ്യമങ്ങളും ആരോപണങ്ങളുടെ പരമ്പര തീര്‍ത്തുവെന്നും ആര്‍.ബിന്ദു പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സഹകരണ മനോഭാവമായിരുന്നു. അതില്‍ നന്ദിയുണ്ടെന്നും മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചു.
വിവാദങ്ങളുണ്ടാക്കാനല്ല ശ്രമിക്കേണ്ടത്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. പ്രതിപക്ഷവും ഭരണപക്ഷവും കൈകോര്‍ത്ത് പിടിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്. വക്രീകരണവും തമസ്‌കരണവുമല്ല മാധ്യമങ്ങളില്‍ നിന്നും ഉണ്ടാവേണ്ടത്. സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കണമെന്നും മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ പറഞ്ഞ് വിവാദത്തിനില്ലെന്നും മന്ത്രി ആര്‍.ബിന്ദു വ്യക്തമാക്കി.