സര്‍ക്കാര്‍ മേഖലയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം; തൃശൂര്‍ സ്വദേശി ആശുപത്രി വിട്ടു

സര്‍ക്കാര്‍ മേഖലയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം; തൃശൂര്‍ സ്വദേശി ആശുപത്രി വിട്ടു
Published on

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ തൃശൂര്‍ സ്വദേശി സുബീഷ് ആശുപത്രി വിട്ടു. സുബീഷിനേയും കരള്‍ പകുത്ത് നല്‍കിയ ഭാര്യ പ്രവിജയേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു.

ഫെബ്രുവരി 14നായിരുന്നു സുബീഷിന്റെ ശസ്ത്രക്രിയ. രണ്ടാഴ്ചത്തെ വിദഗ്ധ ചികിത്സയ്ക്ക് ശേഷമാണ് സുബീഷ് ആശുപത്രി വിട്ടത്.

സര്‍ക്കാര്‍ മേഖലയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചിരിക്കുന്നത് ആരോഗ്യ മേഖലയുടെ വലിയൊരു നേട്ടം കൂടിയാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവര്‍ ധാരാളമുണ്ട്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വ്യക്തിയെ സംബന്ധിച്ച് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇതിനൊരു പരിഹാരം കാണാനാണ് സര്‍ക്കാര്‍ മേഖലയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും സജ്ജീകരണങ്ങള്‍ ഒരുക്കുന്നുണ്ട്.

2021 ആഗസ്റ്റിലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തിന് ലൈസന്‍സ് ലഭിക്കുന്നത്. പിന്നാലെ രോഗികളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്കുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇവിടെ ട്രാന്‍സ്പ്ലാന്റഷന് മാത്രമായി സമര്‍പ്പിത യൂണിറ്റ് സജ്ജമാക്കാനാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.

Related Stories

No stories found.
logo
The Cue
www.thecue.in