വനിതാ മുഖ്യമന്ത്രി എന്ന സ്വപ്നം മുളയിലേ നുള്ളി; മൂന്ന് വനിതാ മന്ത്രിമാരെന്ന സന്തോഷം നിഷ്പ്രഭമായെന്ന് ലതിക സുഭാഷ്

വനിതാ മുഖ്യമന്ത്രി എന്ന സ്വപ്നം മുളയിലേ നുള്ളി; മൂന്ന് വനിതാ മന്ത്രിമാരെന്ന സന്തോഷം നിഷ്പ്രഭമായെന്ന് ലതിക സുഭാഷ്
Published on

രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭയില്‍ നിന്നും കെ.കെ ശൈലജയെ ഒഴിവാക്കിയ നടപടിയെ വിമർശിച്ച് ലതിക സുഭാഷ്. കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്ന ഒരുപാട് പേരുടെ സ്വപ്നം മുളയിലേ നുള്ളിക്കളയാൻ ഇതിലൂടെ സിപിഎമ്മിനു കഴിഞ്ഞെന്ന് ലതിക ഫേസ്ബുക്കില്‍ കുറിച്ചു. മൂന്ന് വനിതകൾ മന്ത്രിമാരാകുന്നു എന്ന സന്തോഷത്തെപ്പോലും നിഷ്പ്രഭമാക്കുന്ന നീക്കമാണ് ഷൈലജ ടീച്ചറെ ഒഴിവാക്കിയതിലൂടെയുണ്ടായത്. സ്ത്രീ വിരുദ്ധതയുടെ കാര്യത്തിൽ രാഷ്ട്രീയ നേതാക്കളായ പുരുഷന്മാരിൽ ഏറിയ പങ്കും മോശമല്ലെന്ന സത്യം വെളിവാകുന്നതായും ലതിക സുഭാഷ് പറഞ്ഞു.

ലതികയുടെ കുറിപ്പ്

ശൈലജ ടീച്ചർ മന്ത്രിസഭയിലില്ലെന്ന് ഇപ്പോൾ വന്ന വാർത്തയാണ് ഈ കുറിപ്പിനാധാരം. മന്ത്രിസഭയിൽ സ്വന്തം പാർട്ടിയുടെ മന്ത്രിമാരെ നിശ്ചയിക്കാനുള്ള സി.പി.എമ്മിന്‍റെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. പുതുമുഖങ്ങളെയും ചെറുപ്പക്കാരെയുമൊക്കെ മന്ത്രിമാരാക്കുന്നത് നല്ല കാര്യമാണ്.മൂന്ന് വനിതകൾ മന്ത്രിമാരാകുന്നു എന്ന സന്തോഷത്തെപ്പോലും നിഷ്പ്രഭമാക്കുന്ന നീക്കമാണ് ഷൈലജ ടീച്ചറെ ഒഴിവാക്കിയതിലൂടെയുണ്ടായത്. 1987-ലെ തെരഞ്ഞെടുപ്പ് കാലത്ത് "കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ ഗൗരി ഭരിച്ചിടും" എന്ന മുദ്രാവാക്യം കൊണ്ട് ഒരു ജന സമൂഹത്തെ, പ്രത്യേകിച്ച് സ്ത്രീകളെ പ്രതീക്ഷയുടെ കൊടുമുടിയിലെത്തിച്ചിട്ട്, ഇടതു മന്ത്രിസഭ വന്നപ്പോൾ ശ്രീമതി ഗൗരിയമ്മയല്ല, ശ്രി.ഇ.കെ നായനാർ മുഖ്യമന്ത്രിയായി. അന്ന് സമുദായമാണ് തടസ്സമായതെന്ന് വളരെ വ്യക്തമായി ഗൗരിയമ്മയുൾപ്പെടെ പറഞ്ഞതാണ്.

സമുദായമൊന്നുമല്ല, പ്രശ്നം സ്ത്രീയായതു തന്നെയാണെന്ന് അന്നും ഇന്നും വ്യക്തമാണ്. ആരോഗ്യമന്ത്രി എന്ന നിലയിലുള്ള ഷൈലജ ടീച്ചറിന്റെ പ്രകടനം ശ്രദ്ധേയവും മികച്ചതുമായിരുന്നു. മറ്റ് പല മന്ത്രിമാരിൽ നിന്നും വിഭിന്നമായി കഴിഞ്ഞ അഞ്ച് വർഷവും യാതൊരു വിധ ആക്ഷേപങ്ങളും കേൾപ്പിക്കാതെയാണ് ടീച്ചർ ആരോഗ്യവകുപ്പിനെ നയിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ എല്ലാ മേഖലയിലുള്ളവരെയും ആരോഗ്യ പ്രവർത്തകരെയും ഏകോപിപ്പിച്ചു കൊണ്ടുപോകന്നതിൽ ടീച്ചർ വിജയം വരിച്ചിരുന്നു.ഇക്കുറി കേരളത്തിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ നിയമസഭാ സ്ഥാനാര്‍ഥി എന്ന ഖ്യാതിയും അവർ സ്വന്തമാക്കി. കേരളത്തിന്‍റെ ഭാവി മുഖ്യമന്ത്രി എന്ന സ്ഥാനത്തേയ്ക്ക് ശൈലജ ടീച്ചറെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾ ആഗ്രഹിച്ചിരുന്നതുമാണ്. എന്നാൽ ഈ കോവിഡ് കാലത്ത് കൈകാര്യം ചെയ്തിരുന്ന ആരോഗ്യ വകുപ്പ് പൂർവാധികം ഭംഗിയായി കൊണ്ടു പോകുന്നത് ഒഴിവാക്കുക വഴി , കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്ന ഒരു പാട് പേരുടെ സ്വപ്നം മുളയിലേ നുള്ളിക്കളയാൻ ഇതിലൂടെ സി.പി.എമ്മിനു കഴിഞ്ഞു.പത്ത് വനിതകളെ ഇക്കുറി സഭയിലെത്തിച്ച ഇടതു മുന്നണിയെ മനസ്സുകൊണ്ട് ഞാനും അഭിനന്ദിച്ചിരുന്നു. ഏറിയും കുറഞ്ഞുമൊക്കെ ഇരിക്കുന്നു എന്ന വ്യത്യാസമുണ്ടെങ്കിലും സ്ത്രീ വിരുദ്ധതയുടെ കാര്യത്തിൽ രാഷ്ട്രീയ നേതാക്കളായ പുരുഷന്മാരിൽ ഏറിയ പങ്കും മോശമല്ലെന്ന സത്യം ഇവിടെ വെളിവാകുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in