സ്ത്രീകള്‍ക്ക് പരിഗണനയില്ല, തല മുണ്ഡനം ചെയ്ത് ലതിക സുഭാഷ്; രാജി

സ്ത്രീകള്‍ക്ക് പരിഗണനയില്ല, തല മുണ്ഡനം ചെയ്ത് ലതിക സുഭാഷ്; രാജി
Published on

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരസ്യമായി അതൃപ്തി അറിയിച്ച് മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ്. കെപിസിസി ആസ്ഥാനത്ത് വച്ച് തല മുണ്ഡനം ചെയ്താണ് അവർ പ്രതിഷേധം അറിയിച്ചത് .പാര്‍ട്ടി സ്ത്രീകളെ പരിഗണിക്കാത്തതില്‍ തലമുടിയുടെ ഒരു ഭാഗവും രാജ്യത്തെയും സംസ്ഥാനത്തെയും സ്ത്രീകളെ പരിഗണിക്കാത്ത നയങ്ങള്‍ക്ക് എതിരെ മറ്റൊരു ഭാഗവും മുറിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു തല മുണ്ഡനം ചെയ്തത്.

കോട്ടയം ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് കെ കെ ലതിക ആഗ്രഹിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും അടക്കം തന്റെ ആഗ്രഹം പങ്കുവച്ചിരുന്നു. തന്റെ പേര് പല സാധ്യത പട്ടികയിലും വന്നിരുന്നു. എന്നാല്‍ പാര്‍ലമെന്റ്- നിയമസഭ തെരഞ്ഞെടുപ്പില്‍ പേര് വന്ന് പോവാറേയുള്ളെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അര്‍ഹരായ നിരവധി വനിതകള്‍ക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും അതില്‍ ഏറെ ദുഃഖമുണ്ടെന്നും ലതിക പറഞ്ഞു. 20 ശതമാനം സീറ്റ് മഹിള കോണ്‍ഗ്രസിന് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് കൃത്യമായി നല്‍കിയില്ലെങ്കിലും ഒരു ജില്ലയില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നുവെന്നും ലതിക സുഭാഷ് പറഞ്ഞു.

പ്രതിഷേധം വ്യക്തിപരമല്ല. കോണ്‍ഗ്രസ് തിരുത്തി നന്നാവണം. നിലപാട് എടുത്തില്ലെങ്കില്‍ അപമാനിതയാകുമെന്നും സ്ത്രീകളെ പാര്‍ട്ടി അംഗീകരിക്കണമെന്നും ലതിക പറഞ്ഞു . താന്‍ വേറെ പാര്‍ട്ടിയില്‍ പോകുകയില്ലെന്നും അവര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in