എന്‍.ഐ.എ ചോദ്യം ചെയ്തതല്ല, സാക്ഷിയായി മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചതാണെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രതികരണം. NIA Act sections 16,17,18 പ്രകാരം സാക്ഷിയായി നോട്ടീസ് നല്‍കിയാണ് വിളിച്ചതെന്നും മന്ത്രി കെ.ടി.ജലീല്‍. ഇംഗ്ലീഷ് വാര്‍ത്താ പോര്‍ട്ടലായ ദ ഫെഡറലിനോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളുടെ മൊഴികളില്‍ വ്യക്തത തേടിയാണ് വിളിപ്പിച്ചത്. മന്ത്രി എന്ന നിലയില്‍ യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടുകളെക്കുറിച്ചാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചതെന്നും കെ.ടി ജലീല്‍.
ചോദ്യം ചെയ്യലിന് മന്ത്രി കെ.ടി ജലീല്‍ തേടിയ രണ്ട് സാധ്യതകളും എന്‍ഐഎ തള്ളിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഓണ്‍ലൈന്‍ ആയി ചോദ്യം ചെയ്യണമെന്നും, ചോദ്യം ചെയ്യല്‍ രാത്രി ആക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടെന്നും ദേശീയ അന്വേഷണ ഏജന്‍സിക്ക് ഇവ രണ്ടും സ്വീകാര്യമായിരുന്നില്ലെന്നുമായിരുന്നു ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്‍ ഐ എ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നതിനായി സമയം നിശ്ചയിച്ചത് തന്റെ സൗകര്യപ്രകാരമാണെന്നും കെ.ടി ജലീല്‍.
കെ.ടി ജലീല്‍ രാവിലെ പ്രതികരിച്ചത്
വിശുദ്ധഗ്രന്ഥത്തില്‍ തൊട്ട് സത്യം ചെയ്യാനുള്ള വെല്ലുവിളി ലീഗ് ഏറ്റെടുക്കാന്‍ തയ്യാറുണ്ടോയെന്ന് മന്ത്രി കെ ടി ജലീല്‍ ചോദിച്ചു. ആരോപണങ്ങളുടെ ആയുസ്സ് അന്വേഷണം തീരുംവരെ മാത്രമാണ്. വേവലാതി വേണ്ടെന്നും മന്ത്രി കെ ടി ജലീല്‍ പ്രതികരിച്ചു.
ഞാന്‍ സത്യമാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അന്വേഷണം അവസാനിക്കുന്നത് വരെ മാത്രമേ ആയുസ്സുണ്ടാകുകയുള്ളു. കോണ്‍ഗ്രസ്-ബിജെപി- ലീഗ് നേതാക്കളെ പോലെയാണ് എല്ലാവരുമെന്ന് അവര്‍ ധരിക്കരുത്. ലോകം മുഴുവന്‍ എതിര്‍ത്ത് നിന്നാലും സത്യം സത്യമല്ലാതാവില്ലെന്നും കെ ടി ജലീല്‍ പ്രതികരിച്ചു.
ആര്‍ക്കും വേവലാതി വേണ്ടെന്നും കുപ്രചരണങ്ങളില്‍ സത്യം തോല്‍പ്പിക്കപ്പെടില്ലെന്നും മന്ത്രി കെ ടി ജലീല്‍ പ്രതികരിച്ചു.