'വർഗീയത മുസ്ലിമിന്റെ മനസ്സിലേക്ക്‌ അടിച്ച്‌ കയറ്റുകയല്ലേ',സി ദാവൂദിന്റെ 'ഔട്ട്‌ ഓഫ്‌ ഫോക്കസ്‌' മതനിരപേക്ഷതക്കുമേലുള്ള ആണി:കെ.ടി.ജലീൽ

'വർഗീയത മുസ്ലിമിന്റെ മനസ്സിലേക്ക്‌ അടിച്ച്‌ കയറ്റുകയല്ലേ',സി ദാവൂദിന്റെ 'ഔട്ട്‌ ഓഫ്‌ ഫോക്കസ്‌' മതനിരപേക്ഷതക്കുമേലുള്ള ആണി:കെ.ടി.ജലീൽ
Published on

ജമാഅത്തെ ഇസ്ലാമിയുടെ പ്രചണ്ഡമായ പ്രചാരണങ്ങളിൽ മുസ്ലീം ലീഗിലെ ഒരു വിഭാഗം വീണിട്ടുണ്ടെന്ന് കെടി ജലീൽ. അവരാണ്‌ ലീഗിലെ തീവ്രവാദികൾ. ആ തീവ്ര മതാധിഷ്‌ഠിത ബോധമുള്ളവരാണ്‌ സിപിഐ എമ്മിനെ മുസ്ലിം വിരുദ്ധ പാർടി എന്നു പറയുന്നത്‌. അവരാണ്‌ പിണറായി വിജയനെ സംഘിയാക്കി ചാപ്പകുത്തുന്നത്‌. മീഡിയവൺ, മാധ്യമം എന്നിവയിലൂടെ ജമാഅത്തെ ഇസ്ലാമി നടത്തുന്ന പ്രചാരണം ലീഗിലെ ഒരു വിഭാഗത്തെ സ്വാധീനിക്കുന്നുണ്ടെന്നും ജലീൽ. സിപിഎം മുഖപത്രമായ ദേശാഭിമാനി അഭിമുഖത്തിലാണ് പ്രതികരണം.

ലീഗിന്‌ സ്വന്തമായി ഒരു ചാനൽ ഇല്ല. സ്വന്തമായി ചന്ദ്രികയെന്ന പത്രമുണ്ടെങ്കിലും അവരിൽ വലിയശതമാനം വാങ്ങുന്നത്‌ മാധ്യമമാണ്‌. മൈൻഡ്‌സെറ്റ്‌ രൂപപ്പെടുത്തുന്നതിൽ അത്‌ നല്ല പങ്കുവഹിക്കുന്നുണ്ട്‌. മീഡിയവണ്ണിലെ ഔട്ട്‌ ഓഫ്‌ ഫോക്കസ്‌ നോക്കൂ. സി ദാവൂദ്‌ നയിക്കുന്ന ഓരോ ചർച്ചയും മതനിരപേക്ഷതയ്‌ക്കുമേൽ അടിക്കുന്ന ആണിയാണ്‌. വർഗീയത ഓരോ മുസ്ലിമിന്റെയും മനസ്സിലേക്ക്‌ അടിച്ചടിച്ച്‌ കയറ്റുകയല്ലേ. ചാനലിന്റെ തലപ്പത്ത്‌ എല്ലാവർക്കും സ്വീകാര്യരായ ചിലരുണ്ടാകും. ഇ പ്പോൾ പ്രമോദ്‌ രാമനാണ്‌ ആ മുഖം. എന്നാൽ ഇവരെയുപയോഗിച്ച്‌ കുടിലതന്ത്രങ്ങളിലൂടെ ഒരു ജനസമൂഹത്തിന്റെ മനസ്സിലേക്ക്‌ വർഗീയത അടിച്ചേൽപ്പിക്കുകയാണ്‌.

ജനങ്ങളെ അടിമുടി മതത്തിന്റെയും വിശ്വാസത്തിന്റെയും വൃത്തത്തിൽ പരിമിതപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളാണ്‌ മതനിരപേക്ഷതയ്‌ക്ക്‌ വെല്ലുവിളി. കേരളത്തിൽ ജമാഅത്തെ ഇസ്ലാമി അതിന്റെ പ്രചാരകരായി മാറിയിട്ടുണ്ട്‌. കച്ചവടസ്ഥാപനങ്ങൾ നടത്തുന്നവർക്ക്‌ വിശ്വാസം ഒരു മറയാണ്‌. കച്ചവടവൽക്കരിച്ച്‌ നേട്ടമുണ്ടാക്കാനുള്ള പുറംപൂച്ചാണ്‌ അവർക്ക്‌ വിശ്വാസം. എന്നാൽ സാധാരണക്കാർക്ക്‌ അത്തരം താൽപ്പര്യങ്ങളില്ല. ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനത്തിന്‌ രണ്ടു ഘട്ടങ്ങളുണ്ട്‌. ഒന്ന്‌, മതസംഘടന. മറ്റൊന്ന്‌ സ്വന്തമായി പാർടി രൂപീകരണം. അതോടെ രാഷ്‌ട്രീയതാൽപ്പര്യമായി അവർക്ക്‌ മുഖ്യം. മതവിഷയം വിട്ട്‌ രാഷ്‌ട്രീയവിഷയം കൈകകാര്യം ചെയ്‌തു. ഇപ്പോൾ അത്‌ അർധ മതസംഘടനയും മുഴുവൻസമയ രാഷ്‌ട്രീയ സംഘടനയുമാണ്‌. രാഷ്‌ട്രീയ പാർടി രൂപീകരിച്ചത്‌ ഭരണപങ്കാളിത്തം സ്വപ്‌നം കാണുന്നതിനാലാണ്‌. അതിന്‌ എൽഡിഎഫിനെ സമീപിച്ചു. ഇത്തരം ആശയമുള്ളവരുമായി ഒരു ബന്ധവും വേണ്ടെന്ന നിലപാടാണ്‌ എൽഡിഎഫിന്‌. അതിനാൽ ജമാഅത്തെ ഇസ്ലാമിയുടെ ആവശ്യം തള്ളിക്കളയാൻ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നില്ല. അപ്പോൾ യുഡിഎഫിൽ ചേർന്നു. രാഷ്‌ട്രീയ പാർടി എന്ന നിലയിൽ ആൾബലം എത്രയെന്ന്‌ നോക്കേണ്ടതില്ല; എന്നാൽ മുസ്ലിം മനസ്സിനെ സ്വാധീനിക്കാൻ തങ്ങൾക്ക്‌ കഴിയും എന്നാണ്‌ അവർ യുഡിഎഫിനെ ധരിപ്പിച്ചത്‌. മാധ്യമം പത്രവും മീഡിയവൺ ചാനലും ഉപയോഗിച്ച്‌ അവർ നടത്തുന്നത്‌ അതാണ്‌.

സി.ദാവൂദ്
സി.ദാവൂദ്

പിണറായി വിജയൻ പ്രോ മുസ്ലിമോ പ്രോ ഹിന്ദുവോ പ്രോ ക്രിസ്‌ത്യനോ അല്ല

ഒരേസമയം ആർഎസ്‌എസിന്റെയും മുസ്ലിം, ക്രിസ്‌ത്യൻ തീവ്രവാദികളുടെയും ശരങ്ങൾ ഏറ്റുവാങ്ങുന്നയാളെയാണ്‌ ഇവർ സംഘിയാക്കുന്നത്‌. പിണറായിയെ ഏറ്റവും കൂടുതൽ എതിർക്കുന്നത്‌ ആർഎസ്‌എസും ബിജെപിക്കാരുമാണ്‌. അതുകഴിഞ്ഞാൽ ജമാഅത്തെ ഇസ്ലാമിക്കാരും മുസ്ലിം തീവ്രവാദികളും ക്രിസ്‌ത്യൻ സമുദായത്തിലെ കാസ എന്നു പറയുന്ന അതിതീവ്ര വർഗീയ മനോഭാവം വച്ചുപുലർത്തുന്നവരും. ഗാന്ധിജി ഹിന്ദു അനുകൂലിയോ മുസ്ലിം അനുകൂലിയോ ആയിരുന്നില്ല. ഇന്ത്യൻ അനുകൂലി ആയിരുന്നു. പിണറായി വിജയൻ പ്രോ മുസ്ലിമോ പ്രോ ഹിന്ദുവോ പ്രോ ക്രിസ്‌ത്യനോ അല്ല. ആരുടെ ഭാഗത്തു തെറ്റുകണ്ടാലും അദ്ദേഹം വിമർശിക്കും; അതേത്‌ പ്രമാണിയാണെങ്കിലും. അങ്ങനെയുള്ള ഒരാളെ ഈ കേരളത്തിൽ ഇതുവരെ കാണാൻ കഴിഞ്ഞിട്ടുണ്ടോ. ആ ആർജവമാണ്‌ ഈ മൂന്നു വിഭാഗങ്ങളിലുള്ളവർക്കും പിണറായിയെ ശത്രുവാക്കുന്നത്‌. അദ്ദേഹം ശരിയുടെ വഴിയിലാണ്‌.

Related Stories

No stories found.
logo
The Cue
www.thecue.in