പിവി അൻവറിനെ പിന്നാലെ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെ.ടി ജലീൽ എം.എൽ.എയും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിമർശിച്ചാണ് കെ.ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. എസ്‌പി സുജിത്ത് ദാസിൻ്റെയും പിവി അൻവർ എംഎൽഎയുടെയും ആരോപണങ്ങളിൽ ആഭ്യന്തര വകുപ്പ് സമഗ്ര അന്വേഷണം നടത്തണമെന്ന് കെ ടി ജലീൽ ആവശ്യപ്പെട്ടു. ഏത് കേസും അട്ടിമറിക്കാൻ പ്രാപ്തിയുള്ള സംഘമാണ് ഇവർ. ഐപിഎസുകാർ കീഴുദ്യോഗസ്ഥരോട് അടിമകളെ പോലെയാണ് പെരുമാറുന്നത്. ജനപ്രതിനിധികളോട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പുച്ഛമാണ്. കാര്യം കാണാൻ കാലുപിടിക്കുന്നവരാണ് ഇത്തരം ഉദ്യോഗസ്ഥർ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും കെ.ടി ജലീൽ ആവശ്യപ്പെട്ടു.
ഫെയ്‌സ്ബുക് പോസ്റ്റിൻ്റെ പൂർണ രൂപം
IPS എന്ന മൂന്നക്ഷരത്തിൻ്റെ അർത്ഥം എന്താണ്?
സിവിൽ സർവീസ് പരീക്ഷയെഴുതി വിജയിക്കാൻ അത്യധ്വാനം ചെയ്ത് പഠിക്കുന്നതും IPS പട്ടം നേടുന്നതും ജനങ്ങളെയും നാടിനെയും സേവിക്കാനുള്ള ത്വരകൊണ്ടാണെന്നാണ് നാം കരുതുക. സാധാരണ മനുഷ്യരുടെ വികാരവിചാരങ്ങൾ അറിയുന്നവരാണോ ഉന്നതശ്രേണിയിലെ പോലീസ് ഉദ്യോഗസ്ഥർ? ഭൂരിപക്ഷം പേരും അങ്ങിനെ അല്ലെന്നാണ് പലരുടെയും അനുഭവം. പ്രാദേശിക രാഷ്ട്രീയക്കാർക്ക്, അവരേത് പാർട്ടിക്കാരാണെങ്കിലും പോലീസ് സ്റ്റേഷനിൽ വിലയില്ലെങ്കിൽ അവിടെപ്പിന്നെ കയറിപ്പറ്റുക നാട്ടിലെ മാഫിയാ സംഘങ്ങളും സമ്പന്നരുമായിരിക്കും. ഉയർന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേകിച്ച് പോലീസ് ഓഫീസർമാർക്ക് കത്തിയും കഴുത്തും കയ്യിൽ വെച്ചു കൊടുത്താൽ അവരത് കൊണ്ട് നാട് നന്നാക്കുകയല്ല, സ്വന്തംവീട് നന്നാക്കുകയാണ് ചെയ്യുക.
IPS കാരായി റിട്ടയർ ചെയ്തവരുടെ വീടും വീട്ടിലെ ഫർണിച്ചറുകളും, സ്വത്തും, സഞ്ചരിക്കുന്ന കാറും, ബിസിനസ് ബന്ധങ്ങളും, മക്കളുടെ ആഡംബര ജീവിതവും നിരീക്ഷിച്ചാൽ ആരൊക്കെയാണ് മര്യാദക്കാരായ കുഞ്ചിക സ്ഥാനീയരായ പോലീസ് ഓഫീസർമാർ എന്ന് ബോദ്ധ്യമാകും. എല്ലാവരും മോശക്കാരാണെന്നല്ല പറയുന്നത്. സത്യസന്ധരും നിഷ്കപടരുമുണ്ട്. അവർക്ക് പക്ഷെ, സേനയിൽ സ്വാധീനം കുറവാകും.
ഐ.പി.എസ്സുകാർ കീഴുദ്യോഗസ്ഥരോട് പെരുമാറുന്നത് അടിമകളോടെന്ന പോലെയാണ്. പരമാവധി സാധാരണ പോലീസുകാരെ കണ്ണിൽ ചോരയില്ലാതെ ഉപദ്രവിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് നല്ലൊരു ശതമാനം ഐ.പി.എസ്സുകാരും. സ്വന്തം ഭാര്യയുടെയും മക്കളുടെയും വ്യക്തിപരമായ കാര്യങ്ങൾക്ക് പോലും പോലീസ് സേനയെ ഉന്നതസ്ഥാനീയരായ പോലീസ് ഓഫീസർമാർ പതിറ്റാണ്ടുകളായി ദുരുപയോഗം ചെയ്യുന്നത് അങ്ങാടിപ്പാട്ടാണ്. പോലീസ് സേന രൂപീകരിച്ച കാലം മുതൽ നിലനിൽക്കുന്ന ദുഷ്പ്രവണതകളാണിത്. പോലീസ് വാഹനങ്ങളും മറ്റു സൗകര്യങ്ങളും കുടുംബ കാര്യങ്ങൾക്കു വേണ്ടി ഏറ്റവുമധികം ഉപയോഗിക്കുന്നത് ഐ.പി.എസ്സുകാരാണെന്ന് കാണാം. സമ്പന്നരുമായുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ബിസിനസ്സ് ബന്ധങ്ങളും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കലും സൂക്ഷ്മാന്വേഷണത്തിന് വിധേയമാക്കിയാൽ കാര്യങ്ങൾ അർക്കും നിസ്സംശയം ബോദ്ധ്യമാകും.
ADGP അജിത്കുമാറിനെതിരെയും മലപ്പുറം മുൻ എസ്.പി സുജിത് ദാസിനെതിരെയും ഇപ്പോഴത്തെ എസ്.പി ശശീധരനെതിരെയും പി.വി അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് തയ്യാറാകുമെന്നാണ് ഞാൻ കരുതുന്നത്. ഏത് ഗൗരവമുള്ള കേസുകളും ഒന്നുമല്ലാതാക്കാൻ പ്രാപ്തിയും ശേഷിയുമുള്ളവരാണ് ഇവർ. ജനപ്രതിനിധികളെ പുച്ഛിക്കുകയും കാര്യം കിട്ടാൻ രാഷ്ട്രീയ നേതാക്കളുടെ കാലുപിടിക്കുകയും ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥർ തുറന്നുകാട്ടപ്പെടേണ്ടവരാണ്.