കോണ്‍ഗ്രസ് വഴിതടയില്‍ സമരത്തെ തുടര്‍ന്ന് നടന്‍ ജോജു ജോര്‍ജുമായി നടന്ന സംഘര്‍ഷം വനിത പ്രവര്‍ത്തകരെ മാനസികമായി തളര്‍ത്തിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. സംഭവത്തെ തുടര്‍ന്ന് പുതിയ വനിത പ്രവര്‍ത്തകര്‍ ആരും തന്നെ പുറത്തിറങ്ങുന്നില്ല. ഫോണ്‍ പോലും എടുക്കാത്ത സാഹചര്യമാണ്. അവര്‍ ഭയന്നിരിക്കുകയാണെന്നും ദീപ്തി മേരി വ്യക്തമാക്കി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ദീപ്തി മേരി ഇക്കാര്യം പറഞ്ഞത്.
വനിത പ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യം പറഞ്ഞിട്ടും് പൊലീസ് കേസ് എടുക്കാത്തത് ജോജുവിന്റെയല്ല മഹിള കോണ്‍ഗ്രസിന്റെ പ്രശ്‌നമാണ്. അതൊരിക്കലും നിസ്സാരമായി കാണാന്‍ സാധിക്കില്ല. ഇത്തരത്തില്‍ കേസു കൊടുക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത് എല്ലാ വനിത പ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസമുണ്ടാക്കും. ഇവിടെ ജോജുവല്ല ഈ സിസ്റ്റമാണ് വിഷയമെന്നും ദീപ്തി മേരി അഭിപ്രായപ്പെട്ടു.
ദീപ്തി മേരി വര്‍ഗീസിന്റെ വാക്കുകള്‍:
'ഇത് ജോജുവിന്റെ പ്രശ്‌നമല്ല, മഹിളാ കോണ്‍ഗ്രസിന്റെ പ്രശ്‌നമാണ്. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യം പറഞ്ഞിട്ട് പൊലീസ് കേസെടുത്തില്ല. അത് ആരുടെ പ്രേരണയാലാണ്? ഇത് നിസ്സാരമായി കാണുന്നത് ശരിയാണോ മഹിളാ കോണ്‍ഗ്രസ് കൊടുത്ത കേസ് സത്യമോ കള്ളമോ ആകട്ടെ. കേസ് റജിസ്റ്റര്‍ ചെയ്യാതെ ഞങ്ങള്‍ ആലോചിച്ചിട്ട് തെളിവു കിട്ടിയിട്ട് കേസെടുക്കാമെന്നാണോ പറയേണ്ടത് സ്ത്രീകള്‍ നല്‍കുന്ന പരാതികള്‍ ഇങ്ങനെയാണോ പരിഗണിക്കേണ്ടത്? ഇതെന്തു സിസ്റ്റമാണ്?
ജോജുവല്ല വിഷയം, ഈ സിസ്റ്റമാണ് പ്രശ്‌നം. ആ സിസ്റ്റത്തിനെതിരെയാണ് മഹിളാ കോണ്‍ഗ്രസ് സമരം ചെയ്യുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയിലും അവിടെ നടന്നതിന്റെ ദൃക്‌സാക്ഷി എന്ന നിലയിലും ഞാന്‍ അതിന് പൂര്‍ണ പിന്തുണ തന്നെ നല്‍കും. ജോജു പറഞ്ഞതില്‍ ഞങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. അത്രയും സ്ത്രീകള്‍ നില്‍ക്കുന്നതിനിടയിലേക്ക് വന്ന് ഒരാള്‍ മോശം വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ ഞങ്ങള്‍ ഒന്നും ചെയ്യാതിരിക്കണോ?
അവിടെ ഉണ്ടായിരുന്ന പുതിയ പ്രവര്‍ത്തകരില്‍ പലരും ഇപ്പോള്‍ പുറത്തിറങ്ങുന്നതു പോലുമില്ല. ആ സംഭവത്തോടെ അവരൊക്കെ വല്ലാതെ ഭയന്നു പോയി. പലരും ദിവസങ്ങളായി ഫോണ്‍ പോലും എടുക്കുന്നില്ല. ഒന്ന് ആലോചിച്ചു നോക്കൂ എന്തു സ്ത്രീശാക്തീകരണമാണ് നമ്മള്‍ പറയുന്നത് ഇത്തരത്തില്‍ കേസു കൊടുക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത് അവര്‍ക്കൊക്കെ ഒരു ആത്മവിശ്വാസമാണ്. ഞങ്ങള്‍ മിണ്ടാതിരിക്കുകയും പ്രതികരിക്കുകയും ചെയ്യാതിരുന്നാല്‍ എങ്ങനെയാണ് പുതുതലമുറയിലെ സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് വരിക.'
കഴിഞ്ഞ ദിവസം നടന്‍ ജോജു ജോര്‍ജിനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരട് പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തിയിരുന്നു. നൂറിലേറെ വനിത പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞെന്നും അപമാനിച്ചെന്നുമുള്ള പരാതിയില്‍ കേസെടുക്കാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. സംഭവത്തില്‍ കോടതിയെ സമീപിക്കാനാണ് മഹിളാ കോണ്‍ഗ്രസിന്റെ തീരുമാനം.