കോട്ടയത്തെ ആകാശപ്പാത പദ്ധതി നടക്കില്ല; നിര്‍മാണവുമായി മുന്നോട്ടു പോകാനാവില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍

കോട്ടയത്തെ ആകാശപ്പാത പദ്ധതി നടക്കില്ല; നിര്‍മാണവുമായി മുന്നോട്ടു പോകാനാവില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍
Published on

കോട്ടയത്തെ ആകാശപ്പാത നിര്‍മാണത്തില്‍ നിലപാട് വ്യക്തമാക്കി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. നിര്‍മാണവുമായി മുന്നോട്ടു പോകാനാവില്ലെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. ആകാശപ്പാതയുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആവശ്യത്തോട് പ്രതികരിച്ചു കൊണ്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തില്‍ 5 കോടി രൂപ നിശ്ചയിച്ച പദ്ധതിക്ക് ഇപ്പോള്‍ 17.82 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. സ്വകാര്യ സ്ഥലം ഏറ്റെടുക്കേണ്ടി വരില്ലെന്നായിരുന്നു നിര്‍മാണം തുടങ്ങുന്ന സമയത്ത് ജില്ലാ കളക്ടര്‍ പറഞ്ഞത്. സൗജന്യമായി ഭൂമി വിട്ടുനല്‍കുമെന്നും പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ബാക്കി സ്ഥലം ഏറ്റെടുക്കണമെങ്കില്‍ കോടിക്കണക്കിന് രൂപ വേണ്ടി വരും. പള്ളിയുടെയും തപാല്‍ വകുപ്പിന്റെയും സ്ഥലം ഏറ്റെടുക്കണം. ഇത്രയും തുക മുടക്കി നിര്‍മിച്ചാല്‍ പിന്നീട് തുടര്‍ വികസനവുമായി ബന്ധപ്പെട്ട് അത് പൊളിച്ചുനീക്കേണ്ട അവസ്ഥയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തരം നിര്‍മാണങ്ങള്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന് നല്‍കണമെന്നാണ് നിയമം. അത് ലംഘിച്ചാണ് കിറ്റ്‌കോയ്ക്ക് അന്നത്തെ മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് കരാര്‍ നല്‍കിയത്. ബിനാലെയ്ക്ക് വന്ന ഏതോ കലാകാരന്‍ സ്ഥലത്തെ എംഎല്‍എയോടുള്ള ബന്ധം കൊണ്ട് ഉണ്ടാക്കിയ ശില്‍പമാണെന്നാണ് താന്‍ കരുതിയിരുന്നതെന്നും മന്ത്രിയായി ചുമതലയേറ്റ ശേഷമാണ് സ്‌കൈവോക്കാണെന്ന് മനസിലായതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നിലവില്‍ സൗജന്യമായി ഭൂമി കിട്ടുന്ന സാഹചര്യമില്ലെന്നും പണം കൊടുത്ത് സ്ഥലമേറ്റെടുക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റിക്ക് അധികാരമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കോട്ടയം ശീമാട്ടി റൗണ്ടില്‍ സ്‌കൈ വോക്ക് സ്ഥാപിക്കുന്നതിനായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കോടിക്കണക്കിന് രൂപ മുടക്കി നിര്‍മിച്ച ഇരുമ്പ് ചട്ടക്കൂടിനപ്പുറം നിര്‍മാണം പുരോഗമിച്ചില്ല. ഇതിനിടയില്‍ ശാസ്ത്രി റോഡിന്റെ തുടക്കത്തില്‍ സ്ഥാപിച്ച തൂണ് സ്ഥാനം മാറിപ്പോയതിനാല്‍ സ്‌കൈ വോക്ക് തൂണിലേക്ക് എത്താതെ വന്നു. പ്രധാന ഭാഗമായ വൃത്തത്തിലുള്ള സ്ട്രക്ചര്‍ തൂണിലേക്ക് മറ്റൊരു പൈപ്പ് ഉപയോഗിച്ച് വെല്‍ഡ് ചെയ്ത് ഘടിപ്പിച്ചിരിക്കുകാണ് ഇപ്പോള്‍. ഇതോടെ നിര്‍മാണം അശാസ്ത്രീയമായാണെന്ന് ആരോപണം ഉയര്‍ന്നു. സ്ട്രക്ചറില്‍ പഠനം നടത്തിയ പാലക്കാട് ഐഐടി ഫൗണ്ടേഷന്‍ അപര്യാപ്തമാണെന്നും ഘടന തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടയില്‍ ഘടന പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതിയിലെത്തി. ഐഐടി റിപ്പോര്‍ട്ട് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കോട്ടയത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നാറ്റ്പാക് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആകാശപ്പാത നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. ഇതേ സമയത്ത് ആരംഭിച്ച കോട്ടയം ഒഴികെയുള്ള ആകാശപ്പാതകള്‍ ഉദ്ഘാടനം നടത്തിയെന്നും ഇവിടെ മാത്രം പാതിവഴിയില്‍ നിര്‍മാണം മന്ദീഭവിച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in