മന്ത്രി റിയാസ് അഭിമാനം, ഇപ്രാവശ്യം കിട്ടിയ സൗഭാഗ്യം; പ്രശംസയുമായി കെ.കെ രമ എം.എല്‍.എ

മന്ത്രി റിയാസ് അഭിമാനം, ഇപ്രാവശ്യം കിട്ടിയ സൗഭാഗ്യം; പ്രശംസയുമായി കെ.കെ രമ എം.എല്‍.എ
Published on

പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ പ്രകീര്‍ത്തിച്ച് വടകര എം.എല്‍.എ കെ.കെ.രമ. വടകര സാന്റ് ബാങ്ക്‌സ് വിപുലീകരണ പ്രവൃത്തി ഉദ്ഘാടന ചടങ്ങിലാണ് ആര്‍എംപിഐ നേതാവ് കൂടിയായ രമ കെ.കെ റിയാസിനെ പോലൊരു മന്ത്രിയെ ലഭിച്ചത് അഭിമാനമെന്ന് പറഞ്ഞത്. നാടിന്റെ വികസനത്തില്‍ കക്ഷിരാഷ്ട്രീയ ഭിന്നതകള്‍ മറന്ന് എല്ലാവരും ഒരുമിച്ച് നിന്ന് അവരവരുടെ ജനപ്രാതിനിധ്യത്തിന്റെ കടമ നിറവേറ്റേണ്ടതുണ്ടെന്നും കെ.കെ.രമ.

കെ.കെ രമയുടെ വാക്കുകള്‍

നമ്മുക്ക് ഇപ്രാവശ്യം കിട്ടിയ സൗഭാഗ്യം. നമ്മുടെ പൊതുമരാമത്ത് ടൂറിസം മിനിസ്റ്റര്‍, നമ്മള്‍ പറയുന്ന ഏതെങ്കിലും വിഷയം വളരെ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും ഏറ്റവും പൊസിറ്റിവായി അതിനോട് റിയാക്ട് ചെയ്യുകയും ചെയ്യുന്ന മിനിസ്റ്ററെ നമ്മുക്ക് കിട്ടിയത് അഭിമാനമായി ഞാന്‍ കാണുന്നു.

വടകരയിലെ ഈ പദ്ധതിയുമായി മന്ത്രിയെ സമീപിച്ചപ്പോള്‍ സഭയിലും നേരിട്ട് നിവേദനം നല്‍കി അദ്ദേഹത്തോട് സംസാരിച്ചപ്പോഴും ഏറ്റവും പോസിറ്റീവായാണ് പ്രതികരിച്ചത്. ആ കാര്യങ്ങള്‍ ചെയ്യാമെന്ന ഉറപ്പും അദ്ദേഹം നല്‍കി. ഇത് വലിയ ആവേശമുണ്ടാക്കുന്ന കാര്യമാണ്.''

2 കോടി 26ലക്ഷം രൂപയുടെ വിപുലീകരണ പദ്ധതികള്‍ക്കാണ് ടൂറിസം വകുപ്പ് നമ്മുടെ സാന്റ്ബാങ്ക്സില്‍ തുടക്കം കുറിക്കുന്നത്. വടകരയിലെ ടൂറിസം വികസനത്തിന് എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ബഹു.ടൂറിസം മന്ത്രി അഡ്വ:പി എ മുഹമ്മദ് റിയാസും,

കേന്ദ്ര ഫണ്ട് ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ചടങ്ങളില്‍ മുഖ്യാതിഥിയായി സംസാരിച്ച ബഹു. വടകര എം.പി.കെ മുരളീധരനും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് ഏറെ പ്രതീക്ഷാനിര്‍ഭരമാണ്.

കാര്യങ്ങള്‍ വേഗത്തിലാകും എന്ന് നമുക്ക് പ്രത്യാശിക്കാം. വടകരയിലേയും പരിസര പ്രദേശങ്ങളിലേയുമെല്ലാം ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയുള്ള വികസന പദ്ധതികളാണ് നാം വിഭാവനം ചെയ്യുന്നത്. ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടാന്‍ കഴിയുന്ന ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി വടകര മാറേണ്ടതുണ്ട്.

കടത്തനാടിന്റെ പൈതൃകവും,ചരിത്രവും വിളിച്ചോതാന്‍ കഴിയുംവിധം കളരിയെയും പാരമ്പര്യ കലാരൂപങ്ങളെയും, പൈതൃക കേന്ദ്രങ്ങളെയുമെല്ലാം കണ്ണിചേര്‍ത്തു വേണം നമുക്ക് നമ്മുടെ ടൂറിസം കോറിഡോര്‍ എന്ന സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കിയെടുക്കാന്‍. സാന്‍ഡ് ബാങ്ക്‌സില്‍ നിന്നും വെള്ളിയാങ്കല്ലിലേക്കുള്ള ബോട്ട് യാത്ര എന്നത് വടകരയുടെ സാഹസിക സമുദ്ര ടൂറിസത്തിന്റെ കേന്ദ്രബിന്ദുവായി മാറും എന്നകാര്യത്തില്‍ സംശയമില്ല.വടകരയോട് ചേര്‍ന്നു കിടക്കുന്ന മറ്റുമണ്ഡലങ്ങളിലെ എം.എല്‍.എ മാരെയും ടൂറിസം ഉദ്യോഗസ്ഥരെയും സംയുക്തമായി വിളിച്ചുചേര്‍ത്ത് ഈ പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യാമെന്നു മന്ത്രി ഉറപ്പു തന്നിട്ടുണ്ട്. ഇതിന് അഴിമുഖത്തെ പോലെ പലവഴിയായ് ഒഴുകി ഒരൊറ്റ മനസ്സായി ജനതയുടെ വികസന ആഗ്രഹങ്ങളില്‍ നമുക്ക് ലയിച്ചുചേരാം.

Related Stories

No stories found.
logo
The Cue
www.thecue.in