സ്റ്റുഡന്റ് പോലീസില്‍ മതപരമായ വസ്ത്രം അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹിജാബ് അനുവദിക്കണമെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുള്ളതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
സേനയുടെ മതേതരത്വ നിലപാടിന് വിരുദ്ധമാകുമെന്ന് കാണിച്ചാണ് ഹിജാബും സ്‌കാര്‍ഫും അനുവദിക്കാനാവില്ലെന്ന ആഭ്യന്തരവകുപ്പ് തീരുമാനം. ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതിക്ക് കൈമാറും.
വിവിധ മതവിഭാഗത്തിലുള്ളവര്‍ സ്റ്റുഡന്‍സ് പോലീസിലുണ്ട്. അതില്‍ മുസ്ലിം വിഭാഗത്തിലുള്ളവര്‍ ഉള്‍പ്പെടെ അമ്പത് ശതമാനം പെണ്‍കുട്ടികളാണ്. ഇതുവരെ ഇത്തരമൊരു ആവശ്യം ഉയര്‍ന്നിരുന്നില്ല. ഒരു പെണ്‍കുട്ടി മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് അംഗീകരിക്കാനാവില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.
കുറ്റ്യാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സര്‍ക്കാരിനെ സമീപിക്കാനായിരുന്നു ജസ്റ്റിസ് വി വി കുഞ്ഞികൃഷ്ണന്‍ നിര്‍ദേശിച്ചത്.