സില്‍വര്‍ ലൈനില്‍ ഇ ശ്രീധരന്റെ വാക്കുകള്‍ കൂടി കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത് മുന്‍ പ്രസിഡന്റ് ആര്‍.വി.ജി മേനോന്‍. ഇ ശ്രീധരന്‍ മല്‍സരിച്ച പാര്‍ട്ടിയല്ല അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും അറിവുമാണ് പ്രധാനം. ജനങ്ങളുടെ സ്വപ്‌നമായാല്‍ മാത്രമേ ഏത് പദ്ധതിക്ക് വേണ്ടിയും ജനം ത്യാഗം സഹിക്കൂ എന്നും ആര്‍.വി.ജി മേനോന്‍. കെ റെയിലില്‍ എതിര്‍വാദങ്ങള്‍ ഉയര്‍ത്തുന്നവരുമായ ചര്‍ച്ച നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ആര്‍വിജി മേനോന്റെ പ്രതികരണം.
സാധാരണയായി ഒരു പദ്ധതി ഡിപിആറില്‍ കാണേണ്ട പല കാര്യങ്ങളും കെ-റെയില്‍ ഡിപിആറില്‍ ഇല്ലെന്നും മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍വിജി മേനോന്‍. വേണ്ടത്ര പരിസര പഠനം നടന്നിട്ടില്ല. പ്രതിദിനം 80,000 യാത്രക്കാര്‍ ഉണ്ടാവുമെന്നാണ് പറയുന്നത്. കേരളത്തേക്കാള്‍ ജനസാന്ദ്രതയുള്ള വ്യാവസായിക നഗരമായ മുംബൈയില്‍ ഓടുന്ന അതിവേഗ ട്രെയിനില്‍ പോലും ഇതിന്റെ പകുതി യാത്രക്കാര്‍ മാത്രമേ യാത്ര ചെയ്യുന്നുള്ളൂവെന്നും ആര്‍വിജി മേനോന്‍.
ആര്‍.വി.ജി മേനോന്‍ പറഞ്ഞത്
ഭയമില്ലാതെ സ്വതന്ത്രമായി അഭിപ്രായം പറയുന്ന ചര്‍ച്ചകള്‍ ഉണ്ടാവണം. എങ്കില്‍ മാത്രമേ കെ റെയില്‍ സംബന്ധിച്ച എല്ലാ കാഴ്ചപ്പാടുകളും പ്രതിഫലിക്കുകയുള്ളൂ. റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ തന്നെ വിദഗ്ധനാണ് ഇ ശ്രീധരന്‍. അദ്ദേഹത്തിന് പറയാനുള്ളത് സര്‍ക്കാര്‍ കേള്‍ക്കണം. അദ്ദേഹത്തിന്റെ പാര്‍ട്ടി അല്ല ഇപ്പോള്‍ നോക്കേണ്ടത്, അറിവും അനുഭവസമ്പത്തുമാണെന്നും ആര്‍വിജി മേനോന്‍.
ഇ. ശ്രീധരന്‍ കെ റെയിലില്‍ മുമ്പ് പറഞ്ഞത്
ജനങ്ങള്‍ക്ക് വേണ്ടിയല്ല കെ റെയില്‍ പദ്ധതിയെന്ന് ഇ ശ്രീധരന്‍ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. മറ്റു പല ലക്ഷ്യങ്ങളും പിന്നിലുണ്ട്. ജനക്ഷേമത്തിന് വേണ്ടിയാണെങ്കില്‍ ആദ്യം നടപ്പിലാക്കേണ്ടത് നിലമ്പൂര്‍-നഞ്ചന്‍ഗുഡ് റെയില്‍വെ പദ്ധതിയാണ്. അത് നിര്‍ത്തിവെച്ചിരിക്കുകയാണ്. അതുപോലെ തന്നെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന തിരുവനന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ പോലുള്ള പദ്ധതികളാണ് ആദ്യം നടപ്പിലാക്കേണ്ടതെന്നും ഇ. ശ്രീധരന്‍.