പോര്‍വിളിച്ച് ഗവര്‍ണര്‍, ഒമ്പത് വി.സിമാര്‍ തിങ്കളാഴ്ച 11.30ന് മുമ്പ് രാജി വെക്കണം, പ്രതിരോധിക്കാന്‍ സര്‍ക്കാര്‍

ആരിഫ് മുഹമ്മദ് ഖാന്‍ (ഗവര്‍ണര്‍)
ആരിഫ് മുഹമ്മദ് ഖാന്‍ (ഗവര്‍ണര്‍)
Published on

സംസ്ഥാന സര്‍ക്കാരുമായുള്ള പോര്‍വിളി കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ ഒമ്പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് ഒക്ടോബര്‍ 24ന് രാവിലെ 11.30നകം രാജി വെക്കണമെന്ന് ഗവര്‍ണര്‍. ചാന്‍സലര്‍ എന്ന നിലയിലാണ് നിര്‍ദേശം. എം. ജി സര്‍വകലാശാല, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, കുസാറ്റ്, കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, എ.പി.ജെ അബ്ദുള്‍ കലാം ടെക്‌നോളജി യൂണിവേഴ്‌സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, തുടങ്ങിയ പ്രധാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോടാണ് രാജ് ഭവന്‍ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിരോധിക്കാന്‍ സര്‍ക്കാര്‍,ജനകീയ പ്രതിഷേധത്തിന് എല്‍ഡിഎഫ്

വൈസ് ചാന്‍സലര്‍മാര്‍ രാജി വെക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണറുടെ നീക്കം നിര്‍ഭാഗ്യകരമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പ്രതികരിച്ചതിന്റെ പേരില്‍ തന്നെയും പുറത്താക്കിയാക്കാമെന്നും മന്ത്രി. ഗവര്‍ണര്‍ക്ക് രാഷ്ട്രീയ അജണ്ടയുണ്ടെന്നും ജനങ്ങള്‍ ഇത് അംഗീകരിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അസാധാരണ നീക്കം ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജ് ഭവന്റെ അസാധാരണ നീക്കം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിച്ചുവെന്ന് സിപിഐഎം പ്രതികരിച്ചു. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഎം. ചാന്‍സലര്‍ പദവിയെ ദുരുപയോഗം ചെയ്തുകൊണ്ട് ഗവര്‍ണര്‍ നടത്തുന്ന പ്രവൃത്തികള്‍ അപമാനകരമാണെന്നും നവംബര്‍ 15-ന് രാജ്ഭവന്റെ മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

ഗവര്‍ണര്‍ ആര്‍.എസ്.എസ് കുഴലൂത്തുകാരന്: സിപിഎം

കേരളത്തിലെ സര്‍വ്വകലാശാലകളിലെ 9 വൈസ്‌ ചാന്‍സിലര്‍മാരോട്‌ രാജിവെക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണ്‌. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സിപിഐഎം. .

സംസ്ഥാനത്ത്‌ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കനുസൃതമായാണ്‌ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വൈസ്‌ ചാന്‍സിലര്‍മാരെ നിയമിച്ചിട്ടുള്ളത്‌. ഇവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല മുന്നേറ്റത്തിന്റെ പുതിയ പടവുകളിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. നാക് (NAAC) പരിശോധനയില്‍ കേരളത്തിലെ വിവിധ സര്‍വ്വകലാശാലകള്‍ നേടിയിട്ടുള്ള ഗ്രേഡുകള്‍ ഇതാണ്‌ കാണിക്കുന്നത്‌. സംസ്ഥാന സര്‍ക്കാരാവട്ടെ 3 വിദ്യാഭ്യാസ കമ്മീഷനുകളെ നിയമിച്ചുകൊണ്ട്‌ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലുയര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ സര്‍വ്വകലാശാല വൈസ്‌ ചാന്‍സിലര്‍മാരെ സ്ഥാനത്ത്‌ നിന്നും മാറ്റുവാനുള്ള ഗവര്‍ണറുടെ തീരുമാനം കേരള ജനതയെ അപമാനിക്കുന്ന തരത്തിലുള്ളതാണ്‌.

വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള അജണ്ടകളാണ്‌ സംഘപരിവാര്‍ രാജ്യത്ത്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. ഇതിനെതിരെയുള്ള കേരളത്തിന്റെ ചെറുത്തുനില്‍പ്പ്‌ അട്ടിമറിക്കുവാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയാണ്‌ ഗവര്‍ണറിലൂടെ പുറത്ത്‌ വന്നിരിക്കുന്നത്‌. ആര്‍എസ്‌എസ്‌ നേതാവിനെ അങ്ങോട്ടുപോയികണ്ട്‌ മതനിരപേക്ഷ കേരളത്തെ അപമാനിച്ച ഗവര്‍ണര്‍ ആര്‍എസ്‌എസിന്റെ കുഴലൂത്തുകാരനാണെന്ന്‌ ഈ നടപടിയിലൂടെ തെളിയിച്ചിരിക്കുകയാണ്‌. ഇത്തരം അജണ്ടകള്‍ കേരള ജനത ചെറുത്തു തോല്‍പ്പിക്കും.

രാജിവെക്കില്ല, വേണമെങ്കില്‍ പിരിച്ചുവിടാം: കണ്ണൂര്‍ വി.സി

രാജി സമര്‍പ്പിക്കില്ലെന്നും വേണമെങ്കില്‍ പിരിച്ചുവിട്ടോട്ടെയെന്നും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. ബാക്കിയുള്ള നടപടികള്‍ അപ്പോള്‍ തീരുമാനിക്കാമെന്നും കണ്ണൂര്‍ വി.സി

ആർഎസ്എസുകാരെ തിരുകി കയറ്റാൻ

ഗവർണർ സർവകലാശാലകളുടെ സ്വയംഭരണം തകർക്കുകയാണ്‌. വിസിമാരെ ഗവർണർ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് എം.വി.ഗോവിന്ദന്‍. സെനറ്റുകളിൽ ആർഎസ്‌എസുകാരെ തിരുകിക്കയറ്റാൻ ശ്രമിക്കുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഇത്തരം നീക്കങ്ങളെ എൽഡിഎഫ്‌ ചെറുക്കും. സർവകലാശാല രംഗത്ത് സർക്കാർ നടപ്പാക്കിയത് വിപ്ലവാത്മകരമായ പദ്ധതികളാണ്. മഹാത്മാഗാന്ധി, കോഴിക്കോട്‌ സർവകലാശാലകൾ എ ഗ്രേഡോഡേ ദേശീയതലത്തിൽ ശ്രദ്ധനേടിക്കഴിഞ്ഞു. നേരത്തെ കാലടി സർവകലാശാലയും ഈ നേട്ടം കൈവരിച്ചിരുന്നു. ജനാധിപത്യ രീതിയിലൂടെ അധികാരത്തിൽ വരാൻ കഴിയില്ല എന്ന്‌ മനസിലാക്കിയ ശക്തികൾ ചാൻസലർ പദവിയിലൂടെ വഴിവിട്ട നീക്കങ്ങൾ നടത്തുകയാണ്‌. ആർഎസ്‌എസ്‌ അനുഭാവിയെന്ന്‌ പ്രഖ്യാപിച്ചുകൊണ്ടാണ്‌ ഗവർണർ മുന്നോട്ടുപോകുന്നത്‌. സർവകലാശാല വിഷയത്തിൽ ഗവർണറുടേത് സ്വേച്ഛാധിപത്യ ഇടപെടലാണ്.​ സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് ആർഎസ്എസുകാരെ തിരുകി കയറ്റാൻ വേണ്ടിയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനാണ് ഗവർണറുടെ ശ്രമം. ഇതിനെതിരെ ജനകീയ പ്രതിരോധം തീർക്കുകയാണ് ലക്ഷ്യം.

Related Stories

No stories found.
logo
The Cue
www.thecue.in