ഇനി കാരവാനില്‍ കേരളം കാണാം; ആദ്യത്തെ പാര്‍ക്ക് വാഗമണില്‍

ഇനി കാരവാനില്‍ കേരളം കാണാം; ആദ്യത്തെ പാര്‍ക്ക് വാഗമണില്‍
Published on

കേരളത്തിലെ ആദ്യത്തെ കാരവാന്‍ പാര്‍ക്ക് വാഗമണില്‍. ഫെബ്രുവരി 25 ന് സഞ്ചാരികള്‍ക്കായി കാരവന്‍ പാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കോവിഡ് കാലത്ത് ടൂറിസം മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സ്വകാര്യമേഖലയില്‍ നിന്നും ഇതുവരെ 303 കാരവനുകള്‍ക്കായി 154 അപേക്ഷകള്‍ ടൂറിസം വകുപ്പിന് ലഭിച്ചു. ആദ്യ 100 കാരവന്‍ പാര്‍ക്കുകള്‍ക്കായി 67 പേര്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിലെ ആദ്യത്തെ കാരവാന്‍ പാര്‍ക്ക് വാഗമണില്‍

കോവിഡ് മഹാമാരി കാരണം വിനോദസഞ്ചാരമേഖല ഇന്നുവരെ നേരിടാത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് വകുപ്പിന്റെ ചുമതലയേല്‍ക്കുന്നത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനമുള്ള ടൂറിസം മേഖലയെ ഉണര്‍വ്വിലേക്ക് കൊണ്ടുവരേണ്ടത് അനിവാര്യമായിരുന്നു. ഏത് പ്രതിസന്ധിയെയും വിനോദസഞ്ചാരമേഖലയുടെ കുതിപ്പിന് കാരണമാക്കി മാറ്റുക എന്നുള്ളതായിരുന്നു പിന്നീട് ലക്ഷ്യം വെച്ചത്. അതുകൊണ്ട് തന്നെ പ്രതിസന്ധിഘട്ടത്തില്‍ എന്തൊക്കെ ചെയ്യാനാകും, കോവിഡാനന്തര ടൂറിസം എങ്ങനെയായിരിക്കണം, ഇതാണ് പ്രധാനമായും ആലോചിച്ചത്. അതില്‍ ഏറ്റവും നവീനമായ പദ്ധതിയായിരുന്നു കാരവാന്‍ ടൂറിസം.

പുറത്തിറങ്ങാനോ യാത്ര ചെയ്യാനോ സാധിക്കാത്ത കാലത്ത് ജനങ്ങള്‍ക്ക് എങ്ങനെ സുരക്ഷിതമായ യാത്ര ഒരുക്കാന്‍ സാധിക്കും എന്ന ചിന്തയില്‍ നിന്നാണ് കാരവന്‍ ടൂറിസം പദ്ധതി ആരംഭിക്കുന്നത്. സുരക്ഷിതമായ യാത്ര, താമസം, ഭക്ഷണം, എന്നിവയാണ് ഈ കാലത്ത് ഓരോ സഞ്ചാരിയും ആഗ്രഹിക്കുന്നത്. കുറെ കാലം യാത്ര ചെയ്യാനാകാതെ വീട്ടില്‍ തന്നെ ഇരിക്കേണ്ടി വന്ന ജനങ്ങള്‍ക്ക് കാരവന്‍ ടൂറിസം പദ്ധതി വലിയ പ്രതീക്ഷയും സാധ്യതയുമാണ്.

1980 കളിലാണ് കേരളത്തില്‍ ഹൗസ് ബോട്ടുകള്‍ വരുന്നത്. വിനോദസഞ്ചാര മേഖലയില്‍ അതൊരു പുതിയ ഉല്‍പ്പന്നമായിരുന്നു. ഇന്നും ഹൗസ്‌ബോട്ടുകള്‍ നമ്മുടെ ടൂറിസത്തിന്റെ പ്രധാന ആകര്‍ഷണമാണ്. പലകാരണത്താല്‍ പിന്നീട് ഒരു പുതിയ ഉല്‍പന്നം കേരള ടൂറിസത്തിന്റെ ഭാഗമായി കൊണ്ടുവരുവാന്‍ സാധ്യമായിട്ടില്ല. ഹൗസ്‌ബോട്ടുകള്‍ക്ക് ശേഷം ഇപ്പോള്‍ കേരള ടൂറിസം അവതരിപ്പിക്കുന്ന പുതിയ ഉല്‍പ്പന്നമാണ് കാരവാന്‍.

2021 സെപ്തംബര്‍ 15 നാണ് കേരളത്തില്‍ കാരവാന്‍ ടൂറിസം നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുന്നത്. അതിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒട്ടേറെപേര്‍ കാരവാന്‍ ടൂറിസത്തിന്റെ ഭാഗമാകുന്നതില്‍ താല്‍പര്യം അറിയിച്ച് മുന്നോട്ട് വന്നു. കാരവാന്‍ പാര്‍ക്കുകള്‍ ആരംഭിക്കുന്ന പ്രവര്‍ത്തനം സജീവമായി. സ്വകാര്യമേഖലയില്‍ നിന്നും ഇതുവരെ 303 കാരവനുകള്‍ക്കായി 154 അപേക്ഷകള്‍ ടൂറിസം വകുപ്പിന് ലഭ്യമായിട്ടുണ്ട്. ആദ്യ 100 കാരവന്‍ പാര്‍ക്കുകള്‍ക്കായി 67 പേര്‍ മുന്നോട്ട് വന്നുകഴിഞ്ഞു.

ഇപ്പോള്‍ പദ്ധതി പ്രഖ്യാപിച്ച് അഞ്ച് മാസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ തന്നെ കേരളത്തിലെ ആദ്യത്തെ കാരവാന്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയാണ്. കേരളത്തിന്റെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ വാഗമണിലാണ് ആദ്യത്തെ കാരവാന്‍ പാര്‍ക്ക് ആരംഭിക്കുന്നത്. ഫെബ്രുവരി 25 ന് സഞ്ചാരികള്‍ക്കായി ടൂറിസം വകുപ്പ് മന്ത്രി എന്ന നിലയില്‍ കാരവന്‍ പാര്‍ക്ക് തുറന്നുകൊടുക്കും.

ഇനി കാരവാനില്‍ കേരളം കാണാം..

Related Stories

No stories found.
logo
The Cue
www.thecue.in