സമുദ്രാന്തര്‍ മേഖലക്ക് ആവശ്യമായ വിവിധ പ്രതിരോധ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി കെല്‍ട്രോണിന് ഇന്ത്യന്‍ നാവികസേനയില്‍ നിന്നും 97 കോടി രൂപയുടെ പുതിയ ഓര്‍ഡര്‍ ലഭിച്ചു. കെല്‍ട്രോണിന്റെ തിരുവനന്തപുരം കരകുളത്തുള്ള കെല്‍ട്രോണ്‍ എക്യുപ്‌മെന്റ് കോംപ്ലക്‌സ്, അരൂരിലുള്ള കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ്, സബ്‌സിഡിയറി കമ്പനിയായ കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്‌സ് ലിമിറ്റഡ് എന്നീ യൂണിറ്റുകളാണ് ഓര്‍ഡര്‍ അനുസരിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ നാവികസേനയ്ക്ക നിര്‍മ്മിച്ചു നല്‍കുന്നത്. നാവികസേനയില്‍ നിന്ന് തന്ത്രപ്രധാന ഉപകരണങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ തുടര്‍ച്ചയായി ലഭിക്കുന്നത് കെല്‍ട്രോണ്‍ കൈവരിച്ച പ്രവര്‍ത്തന മികവിന്റെ ഫലമായാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
സോണാര്‍ അറെകള്‍ക്കുവേണ്ടി കെല്‍ട്രോണ്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത ലോ ഫ്രീക്വന്‍സി പ്രോസസിംഗ് മോഡ്യൂളുകളാണ് ഈ ഓര്‍ഡറില്‍ പ്രധാനപ്പെട്ടവ. അന്തര്‍വാഹിനികളെയും കപ്പലുകളെയും കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും വേണ്ടിയുള്ള സംവിധാനമാണ് സോണാറുകള്‍. കെല്‍ട്രോണ്‍ നിര്‍മ്മിച്ചു നല്‍കിയ പ്രോട്ടോടൈപ്പുകള്‍ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കിയ ശേഷം നിലവില്‍ രണ്ട് പ്രോസസിങ് മോഡ്യൂളുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. കൂടുതല്‍ ദൂരത്തിലുള്ള ടാര്‍ഗറ്റുകളെ കണ്ടെത്തുന്നതിന് കെല്‍ട്രോണിന്റെ ലോ ഫ്രീക്വന്‍സി പ്രോസസിംഗ് മോഡ്യൂളുകള്‍ സഹായകമാകും. ഉപയോഗിച്ച് മികവ് തെളിയിക്കുന്നതോടെ സമുദ്രാന്തര്‍ സാങ്കേതിക സംവിധാനങ്ങളില്‍ ഈ മോഡ്യൂളുകള്‍ക്ക് അനവധി സാധ്യതകള്‍ ഭാവിയില്‍ ഉണ്ടാവുകയും ചെയ്യും.
ഇതോടൊപ്പം നാവികസേനയുടെ വിവിധതരം കപ്പലുകളില്‍ സ്ഥാപിക്കുന്നതിനു സമുദ്ര ജലത്തിന്റെ ആഴം അളക്കുന്നതിനുള്ള എക്കോ സൗണ്ടര്‍, കപ്പലുകളുടെയും മറ്റും വേഗം കണക്കാക്കുന്നതിനുള്ള ഇലക്ട്രോ മാഗ്‌നെറ്റിക് ലോഗ്, ഡാറ്റാ ഡിസ്ട്രിബ്യൂഷന്‍ യൂണിറ്റുകള്‍, ആന്റി സബ്മറൈന്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകള്‍ക്കുള്ള സോണാറിന് ആവശ്യമായ പവര്‍ ആംപ്ലിഫയറുകള്‍ തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഈ ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ നിര്‍മ്മിച്ചു നല്‍കും.
കഴിഞ്ഞ 25 വര്‍ഷമായി പ്രതിരോധ ഇലക്ട്രോണിക്‌സ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന കെല്‍ട്രോണ്‍, പ്രത്യേകമായി ഇന്ത്യന്‍ നാവികസേനയ്ക്ക് അണ്ടര്‍ വാട്ടര്‍ ഉപകരണങ്ങള്‍ നിര്‍മ്മിച്ചു വരുന്നതില്‍ മുന്‍പന്തിയിലുളള പൊതുമേഖല സ്ഥാപനമാണ്. ഡിഫന്‍സ് മേഖലയില്‍ നിന്നും ഒട്ടനവധി മികച്ച ഓര്‍ഡറുകള്‍ കെല്‍ട്രോണ്‍ പ്രതീക്ഷിക്കുന്നതായും മന്ത്രി പി.രാജീവ് പറഞ്ഞു.