പി.കെ കുഞ്ഞാലിക്കുട്ടിയുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന ദ ക്യു വാര്‍ത്തയോട് പ്രതികരിച്ച് കെ.ടി ജലീല്‍. രാഷ്ട്രീയ നിലപാടുകള്‍ വേറെ സൗഹൃദം വേറെയെന്ന് കെ.ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. രാഷ്ട്രീയ രംഗത്തുള്ളവര്‍ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ല. ഇടതുപക്ഷത്തിന് കരുത്തു പകരലാണ് സമകാലിക സാഹചര്യത്തില്‍ ചിന്തിക്കുന്നവരുടെ ധരമ്മമെന്നും കെ.ടി ജലീല്‍ പറയുന്നു. ഫാസിസ്റ്റുകള്‍ ഒരു ചേരിയിലും മറ്റുള്ളവര്‍ ഒരു ചേരിയിലും അണിനിരന്ന് കേരളം ഇന്ത്യക്ക് വഴികാട്ടുമെന്നും കെ.ടി ജലീല്‍ .
പി.കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുസ്ലിം ലീഗ് നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ന്യുനപക്ഷങ്ങള്‍ക്ക് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണ്. യാഥാര്‍ത്ഥ്യം മനസിലാക്കി ഒറ്റയ്ക്കും കൂട്ടായും ശരിയായ ദിശയിലെത്തും. ഭാവിയില്‍ അത് ശക്തിപ്രാപിക്കുമെന്നും കെ.ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ സൂചന നല്‍കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
രാഷ്ട്രീയ നിലപാടുകള്‍ വേറെ, സൗഹൃദം വേറെ. പൊതു രംഗത്തുള്ളവര്‍ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരലാണ് സമകാലിക സാഹചര്യത്തില്‍ ചിന്തിക്കുന്നവരുടെ ധര്‍മ്മം. ഭൂരിപക്ഷ വര്‍ഗീയത തിമര്‍ത്താടുമ്പോള്‍ മതേതരവാദികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണ്. മര്‍ദ്ദിത - ന്യൂനപക്ഷ സമുദായങ്ങളും അധസ്ഥിത പിന്നോക്ക വിഭാഗങ്ങളും ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഒറ്റക്കും കൂട്ടായും ശരിയായ ദിശയിലേക്ക് വരുന്നുണ്ട്. ഭാവിയില്‍ അത് ശക്തിപ്പെടുകയും പൂര്‍ണ്ണത പ്രാപിക്കുകയും ചെയ്യും. അന്ന് ഫാഷിസ്റ്റുകള്‍ മാത്രം ഒരു ചേരിയിലും ഫാഷിസ്റ്റ് വിരുദ്ധരെല്ലാം മറു ചേരിയിലുമായി അണിനിരക്കും. അധികം വൈകാതെ അതു സംഭവിക്കുക തന്നെ ചെയ്യും. അങ്ങിനെ കേരളം ഇന്ത്യക്ക് വഴികാട്ടും.