സ്വര്‍ണകടത്ത് കേസില്‍ എസ്.ശിവശങ്കറിന്റെ പുസ്തകത്തിന് പിന്നാലെ തുറന്നെഴുത്തുമായി കെ.ടി ജലീലും. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ പരമ്പരകളും ലോകായുക്തയും അടക്കമുള്ള വിവാദ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള പുസ്തകത്തിന്റെ രചനയിലാണ് മുന്‍മന്ത്രി കെ.ടി ജലീല്‍. 'പച്ച കലര്‍ന്ന ചുവപ്പ്' എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സൗഹൃദവും പി.കെ കുഞ്ഞാലിക്കുട്ടിയുമായുള്ള അടുപ്പവും അകല്‍ച്ചയും വിശദീകരിക്കുന്നുണ്ട്. അരനൂറ്റാണ്ടിലെ ജീവിതം പറയുന്ന പുസ്തകം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കെ.ടി ജലീല്‍ ദ ക്യുവിനോട് പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് വിവാദം, ഇഡി, എന്‍.ഐ.എ, കസ്റ്റംസ് തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണം, യു.എ.ഇ കോണ്‍സുലേറ്റുമായുള്ള ബന്ധം,ബന്ധു നിയമന വിവാദം, മുഖ്യമന്ത്രി പിണറായി വിജയന്‍, പി.കെ കുഞ്ഞാലിക്കുട്ടി, ശിഹാബ് തങ്ങള്‍, കൊരമ്പയില്‍ അഹമ്മദാജി എന്നിവരുമായുള്ള ബന്ധം, യൂത്ത് ലീഗ് നേതൃത്വത്തിലുണ്ടായിരുന്നപ്പോഴുള്ള അനുഭവങ്ങള്‍, മന്ത്രിസ്ഥാനത്തേക്ക് എത്തിയത്, മുസ്ലിങ്ങള്‍ സി.പി.എമ്മിലേക്ക് അടുത്തത് എന്നിവയെല്ലാം പുസ്തകത്തിലൂടെ വിശദീകരിക്കുമെന്ന് കെ.ടി ജലീല്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസം, ലീഗില്‍ നിന്നുള്ള പുറത്താക്കപ്പെടല്‍, 2006 ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പ്, സി.പി.എമ്മുമായുള്ള ബന്ധം, സ്വര്‍ണക്കടത്തിലെ മാധ്യമ വേട്ട തുടങ്ങിയ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന സംഭവങ്ങളും പുസ്തകത്തിലുണ്ടാകും.
ലീഗ് രാഷ്ട്രീയവും ഇടതുപക്ഷ രാഷ്ട്രീയവും സമഗ്രമായി വിശകലനം ചെയ്യപ്പെടുമെന്ന് കെ.ടി ജലീല്‍ പറഞ്ഞു. ലോകായുക്തയെ കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചന, ജസ്റ്റിസ് സിറിയക് ജോസഫിന്റെ മുന്‍കാല ചരിതം തേടിയുള്ള അന്വേഷണം, അതില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ എന്നിവ പുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്നും കെ.ടി ജലീല്‍ വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘം മന്ത്രിയായിരുന്ന കെ.ടി ജലീലിനെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്തില്‍ ബന്ധമില്ലെന്ന നിലപാടില്‍ ആരോപണത്തിന്റെ തുടക്കം മുതല്‍ കെ.ടി ജലീല്‍ ഉറച്ചു നിന്നു. കെ.ടി ജലീലുമായി ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് തുറന്ന് പറഞ്ഞിരുന്നു.