'പെട്രോള്‍ അടിക്കാ… കാശ് വാങ്ങാ.. ഡീസല്‍ അടിക്കാ.. കാശ് വാങ്ങാ'; സംസ്ഥാന സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെ സുരേന്ദ്രൻ

'പെട്രോള്‍ അടിക്കാ… കാശ് വാങ്ങാ.. ഡീസല്‍ അടിക്കാ.. കാശ് വാങ്ങാ'; സംസ്ഥാന സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെ സുരേന്ദ്രൻ
Published on

പെട്രോൾ വില വർധനവിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു ലിറ്റര്‍ പെട്രോളിന്റെ നികുതിയില്‍ നിന്നും ലഭിക്കുന്ന 40 ശതമാനവും സംസ്ഥാന സര്‍ക്കാരിനാണ് ലഭിക്കുന്നത്, ഇത്തരത്തില്‍ കാശ് വാങ്ങി ജനങ്ങളെ കൊള്ളയടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു . .മനസാക്ഷിയുണ്ടെങ്കിൽ പിണറായി വിജയൻ പെട്രോൾ വില പത്തു രൂപയെങ്കിലും കുറയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ ധനകാര്യ മന്ത്രി തോമസ് ഐസക് തയ്യാറാണോയെന്ന് കെ സുരേന്ദ്രൻ വെല്ലുവിളിച്ചു. 17 രൂപയാണ് ഇപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ടാക്‌സ്. അതില്‍ 42 % സംസ്ഥാനത്തിന് തിരിച്ചുകൊടുക്കുന്നതാണ്. 14, 15 ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങളുടെ നികുതി വിഹിതം വര്‍ധിപ്പിച്ചിരിക്കുകയാണ്. 17 ല്‍ 42 എന്ന് പറയുമ്പോള്‍ കേന്ദ്രത്തിന് വളരെ കുറവാണ് കിട്ടുന്നത്. മനസാക്ഷിയുണ്ടെങ്കില്‍ പിണറായി വിജയന്‍ 10 രൂപ നികുതി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സബ്‌സിഡിയില്‍ ഗ്യാസ് ഉപയോഗിക്കുന്നവര്‍ക്ക് വിലവര്‍ധനവ് ഉണ്ടായിട്ടില്ല. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയാണ് വര്‍ധിച്ചത്. ആ കാര്യത്തിലും കേന്ദ്രത്തിന്റെ നികുതി സംസ്ഥാനത്തിന് നല്‍കുന്നുണ്ട്. സ്റ്റേറ്റിന് ഒരു ചെലവും ഇല്ല. പെട്രോള്‍ അടിക്കാ… കാശ് വാങ്ങാ. ഡീസല്‍ അടിക്കാ കാശ് വാങ്ങാ.. അങ്ങനെ കാശ് വാങ്ങി കാശ് വാങ്ങി കൊള്ളയടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ബിജെപി ഗോവയിലും ഗുജറാത്തിലുമെല്ലാം കുറച്ചിട്ടുണ്ട്. രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍. അവിടെ ബിജെപിയല്ല ഭരിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

രാജ്യത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് ഇന്ധനവില ഉയരുന്നത്. ഇന്ന് മാത്രെ പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് കൂടിയത്. കുതിച്ചുയരുന്ന ഇന്ധനവിലയുടെ പ്രത്യാഘാതമെന്നോളം അവശ്യസാധനങ്ങളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in