'പല്ല് പറിക്കാന്‍ വന്നാല്‍ ജയരാജന്റെ എല്ലിന്റെ എണ്ണം കൂടും', കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മുദ്രാവാക്യം

'പല്ല് പറിക്കാന്‍ വന്നാല്‍ ജയരാജന്റെ എല്ലിന്റെ എണ്ണം കൂടും', കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മുദ്രാവാക്യം
Published on

കെ.പി.സി.സി പ്രസിഡന്റ് കെ.റെയില്‍ കല്ല് പിഴുതെറിയാന്‍ പറഞ്ഞാല്‍ അത് എറിഞ്ഞിരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. കെ റെയിലിന്റെ കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനോട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞിരുന്നു. പല്ല് പറിക്കാന്‍ വന്നാല്‍ എം.വി ജയരാജന്റെ എല്ലിന്റെ എണ്ണം കൂടുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കണ്ണൂരില്‍.

കണ്ണൂരില്‍ എം.വി ജയരാജനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മുദ്രാവാക്യമുയര്‍ത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കെ റെയില്‍ കല്ല് പിഴുത് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കലാപകാരികളാക്കുകയാണ് കേരളത്തിലെ പോലീസ് എന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍.

എം.വി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കുക!

2011 ലെ യുഡിഎഫ് മാനിഫെസ്റ്റോവിലും 2012 ലെ എമർജിംഗ് കേരളയിലും പ്രധാന സ്വപ്ന പദ്ധതികളായിരുന്നു കെ റെയിൽ പദ്ധതി. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും മുകളിലോട്ട് തുപ്പിക്കൊണ്ട് കളിക്കാം. തുപ്പൽ മറ്റുള്ളവരുടെ ദേഹത്താകരുത്. അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായിരുന്നു നേതൃസ്ഥാനത്ത്. തങ്ങളുടെ കാലത്താണ് കെ റെയിൽ പദ്ധതി ആരംഭിച്ചതെന്ന കാരണത്താൽ അവർ രണ്ട് പേരും ഇപ്പോൾ മൗനത്തിലാണ്. മുകളിലോട്ട് തുപ്പിക്കളിക്കാൻ ഇവർ രണ്ടുപേരും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. അങ്ങനെയായാൽ ജനങ്ങളിൽ നിന്നും യുഡിഎഫ് അണികളിൽ നിന്നും ഒറ്റപ്പെടുമെന്ന് അവർക്കറിയാം.

അതിവേഗ റെയിൽ പദ്ധതി യു.ഡി.എഫ്. വിഭാവനം ചെയ്തിരുന്നതാണെന്ന തെളിവുകൾ ഇതിനകം പുറത്തുവന്നു. ഇനിമുതൽ കല്ല് പറിക്കാൻ അതുകൊണ്ട് തന്നെ സ്വന്തം അണികളെ കിട്ടുക എളുപ്പമല്ല. കെപിസിസി പ്രസിഡന്റ് സർവ്വേ കല്ല് പിഴുതെറിയാൻ ഗുണ്ടാ സംഘങ്ങളെ ഏൽപ്പിച്ചിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. സുധാകര-സതീശ കോൺഗ്രസ് സംഘം കെ റെയിലിനെതിരായി നടത്തിക്കൊണ്ടിരിക്കുന്ന സമരം ഉമ്മൻചാണ്ടി - ചെന്നിത്തല കൂട്ട് കെട്ടിനെതിരാണെന്നതും പകൽ പോലെ വ്യക്തമാണ്.

വികസന തൽപ്പരരായ ജനങ്ങൾ സിൽവർ ലൈൻ റെയിൽ പദ്ധതിക്ക് എതിരല്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത 'കെ റെയിൽ നേരും നുണയും' എന്ന പരിപാടിയിൽ സാംസ്‌കാരിക നായകർ മുതൽ മതമേലധ്യക്ഷന്മാർ വരെ പങ്കെടുത്തത്. സിൽവർ ലൈൻ അടക്കമുള്ള പദ്ധതികളിലൂടെ കേരളം മികച്ച പശ്ചാത്തലമുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. ഇക്കാര്യം 2021 ലെ മാനിഫെസ്റ്റോവിലൂടെ വ്യക്തമാക്കിയതാണ്. ഈ മാനിഫെസ്റ്റോവിനെ ജനങ്ങൾ പിന്തുണച്ചതു കൊണ്ടാണ് 99 സീറ്റോടെ വീണ്ടും അധികാരത്തിൽ വരാൻ എൽഡിഎഫിന് സാധിച്ചത്. വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കാൻ എൽഡിഎഫിന് സാധിക്കില്ല. തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുക തന്നെ ചെയ്യും.

മുംബൈ - അഹമ്മദാബാദ്, ഡൽഹി - വാരാണസി എന്നീ അതിവേഗ റെയിൽ പദ്ധതികൾക്ക് ഇതിനകം അംഗീകാരം നൽകിക്കഴിഞ്ഞു. ചിലത് പൂർത്തീകരിക്കുകയും ചെയ്തു. കേന്ദ്ര ബിജെപി സർക്കാരാണ് ദേശീയ പാത അതോറിറ്റിയെ നിയന്ത്രിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വികസനത്തിന് അനുകൂലവും കേരളത്തിൽ എതിരുമാകുന്ന ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. മെട്രോമാനാണ് 1.18 ലക്ഷം കോടി രൂപ ചിലവ് വരുന്ന കെ റെയിൽ പദ്ധതിക്ക് ഉമ്മൻചാണ്ടിയുടെ കാലത്ത് കൈയ്യൊപ്പ് ചാർത്തിയത്. ഇവരാവട്ടെ ഓന്തിന്റെ നിറം മാറും പോലെ മാറുകയാണിപ്പോൾ. കോൺഗ്രസ് - ബിജെപി - ജമാഅത്തെ ഇസ്ലാമി മഹാ മഴവിൽ സഖ്യക്കാരോട്, റെയിൽ വിരുദ്ധ സമരക്കാരോട്, സർവ്വേ കല്ല് പിഴുതെറിയാൻ ആഹ്വാനം ചെയ്ത നേതാവിന്റെ അനുയായികളോട് ഇത്രയേ പറയാനുള്ളൂ - കല്ല് പറിക്കാൻ വരും മുമ്പ് സ്വന്തം പല്ല് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക!

എം വി ജയരാജൻ

Related Stories

No stories found.
logo
The Cue
www.thecue.in