തൃശൂരിലെ പരാജയത്തില്‍ സിപിഎമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. തൃശൂരില്‍ ബിജെപിക്ക് വഴിയൊരുക്കിയത് സിപിഎമ്മാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. ബിജെപിക്ക് 56,000 വോട്ടുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സിപിഎമ്മുകാരായ ഉദ്യോഗസ്ഥരാണ് കൂട്ടുനിന്നത്. കരുവന്നൂര്‍ കേസില്‍ നിന്ന് തലയൂരാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും മുരളീധരന്‍ പറഞ്ഞു. ഒരു വശത്ത് ബിജെപിയെ കുറ്റംപറയുകയും മറുഭാഗത്ത് അവരെ സഹായിക്കുകയും ചെയ്യുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.
തെറ്റുകള്‍ തിരുത്തുകയല്ല, കൂടുതല്‍ തെറ്റിലേക്ക് സഞ്ചരിക്കുകയാണ് പിണറായി വിജയന്‍. തെറ്റില്‍ നിന്ന് തെറ്റിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന പിണറായിയുടെ നേതൃത്വം ഉള്ളിടത്തോളം കേരളത്തില്‍ സിപിഎം രക്ഷപ്പെടില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഏത് ട്രെന്‍ഡിലാണ് ഇത്തവണ യുഡിഎഫ് ജയിച്ചതെന്ന് പഠിക്കണം. 2019ലേതിനേക്കാള്‍ ഒരു സീറ്റ് ജയിച്ചു. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് പരാജയപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശൂരിലെ ദയനീയ പരാജയത്തിനു ശേഷം മുരളീധരന്‍ ഇടതുപക്ഷത്തിനെതിരെ കാര്യമായി രംഗത്തു വന്നിരുന്നില്ല. കോണ്‍ഗ്രസിനുള്ളിലും യുഡിഎഫിലുമുള്ള അതൃപ്തി പ്രകടമാക്കുകയായിരുന്നു മുരളീധരന്‍ ചെയ്തത്.