പുതുമുഖങ്ങൾ വരട്ടെയെന്ന് സിപിഎം; ജോണ്‍ ബ്രിട്ടാസും ഡോ.വി.ശിവദാസനും രാജ്യസഭയിലേക്ക് മത്സരിക്കും

പുതുമുഖങ്ങൾ വരട്ടെയെന്ന് സിപിഎം; ജോണ്‍ ബ്രിട്ടാസും ഡോ.വി.ശിവദാസനും രാജ്യസഭയിലേക്ക് മത്സരിക്കും
Published on

കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവുമായിരുന്ന ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗം ഡോ.വി.ശിവദാസനും എൽ.ഡി.എഫ് പ്രതിനിധികളായി രാജ്യസഭയിലേക്ക് മത്സരിക്കും. സിപിഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഡോ.വി.ശിവദാസന്‍ സിപിഎം സംസ്ഥാനസമിതി അംഗമായി പ്രവര്‍ത്തിക്കുകയാണ്.

ജോണ്‍ ബ്രിട്ടാസ് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് കൈരളിയിലേക്കെത്തുന്നത്. വിജു കൃഷ്ണന്‍, കെ.കെ.രാകേഷ് എന്നിവര്‍ അടക്കമുളളവരുടെ പേര് പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ രണ്ടുപുതുമുഖങ്ങള്‍ വരട്ടേ എന്ന തീരുമാനത്തിലാണ് ജോൺ ബ്രിട്ടാസിന്റെയും ഡോ.വി.ശിവദാസന്റെയും പേരുകൾ ഉയർന്നത്. വൈകീട്ട് നാലുമണിക്ക് നടക്കുന്ന എല്‍ഡിഎഫ് യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

കേരളത്തിലെ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 30-നാണ് നടക്കുക. വയലാർ രവി, പി.വി. അബ്ദുൾ വഹാബ്, കെ.കെ. രാഗേഷ് എന്നിവർ ഏപ്രിൽ 21-നു വിരമിക്കുമ്പോൾ ഒഴിയുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഏപ്രിൽ 30നാണ് തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ്. അഞ്ച് മണിക്ക് വോട്ടുകൾ എണ്ണും .  പി.വി. അബ്ദുൾ വഹാബ് തന്നെയാണ് യുഡിഎഫിന്റെ സ്ഥാനാർഥി. അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു.

ചെറിയാന്‍ ഫിലിപ്പിനെ ഒരു സീറ്റിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കഴിഞ്ഞ തവണ ഒഴിവ് വന്നപ്പോള്‍ ചെറിയാന്‍ ഫിലിപ്പിനെ സ്ഥാനാര്‍ത്ഥിയായി സംസ്ഥാന സെക്രട്ടറിയേറ്റ് നിശ്ചയിച്ചിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം എളമരം കരീമിനെ നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പുറമേ ഇപി ജയരാജന്‍, തോമസ് ഐസക്, എകെ ബാലന്‍, ജി സുധാകരന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നിരുന്നു

Related Stories

No stories found.
logo
The Cue
www.thecue.in