ഗവര്‍ണറെ നിലയ്ക്കുനിര്‍ത്തണമെന്ന് സി.പി.ഐ മുഖപത്രം

ഗവര്‍ണറെ നിലയ്ക്കുനിര്‍ത്തണമെന്ന് സി.പി.ഐ മുഖപത്രം
Published on

ഫെഡറലിസം സംരക്ഷിക്കാന്‍ ഗവര്‍ണറെ നിലയ്ക്കുനിര്‍ത്തണമെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗം. സംസ്ഥാനങ്ങളുടെ ഭരണത്തിലും നയപരിപാടികളിലും മോദി സര്‍ക്കാര്‍ കൈകടത്തുന്നു. ഇത് ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയുമാണെന്ന് ജനയുഗം വിമര്‍ശിക്കുന്നു. സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശത്തിന് മേലുള്ള കടന്നാക്രമണങ്ങള്‍ക്കുള്ള ആയുധമാണ് ഗവര്‍ണര്‍ പദവി മാറിയെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

കേരളാ ഗവര്‍ണറുടെ നടപടികള്‍ ഒറ്റപ്പെട്ടതല്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഈ സമീപനമാണ്. സംസ്ഥാനങ്ങള്‍ക്ക് മേല്‍ കേന്ദ്രത്തിന്റെ സര്‍വാധിപത്യം സ്ഥാപിക്കാനുള്ള ഗവര്‍ണര്‍മാരുടെ സാഹസിക ശ്രമങ്ങള്‍ ഭരണഘടനയെക്കുറിച്ചുള്ള നരേന്ദ്രമോദിയുടെ അബദ്ധ ധാരണകളുടെ പ്രതിഫലനമാണെന്നും ജനയുഗം പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ അല്പത്തരം നടപ്പാക്കാനുള്ള സ്ഥാപനമല്ല ഗവര്‍ണര്‍ പദവി.

നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ചത് ഭരണഘടനാ വിരുദ്ധമാണ്. നയപ്രഖ്യാപന പ്രസംഗത്തിലെ ഉള്ളടക്കത്തോടായിരുന്നില്ല ഗവര്‍ണറുടെ വിയോജിപ്പ്. സര്‍ക്കാരിന്റെ ഭരണ നയങ്ങളോടുള്ള പരിഹാസ്യമായ എതിര്‍പ്പാണ് ഗവര്‍ണറുടേത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാട് സ്വീകരിച്ചപ്പോഴും അതിനെതിരെ നില്‍ക്കുകയായിരുന്നു ഗവര്‍ണര്‍. പിന്നീട് നിലപാട് തിരുത്തേണ്ടി വന്നു. പരിഹാസ്യവും ഭരണഘടനാ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതുമാണെന്നും ജനയുഗം എഡിറ്റോറിയില്‍ കുറ്റപ്പെടുത്തുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in