അക്കൗണ്ടിലെ മുഴുവൻ പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്; മാതൃകയായി കണ്ണൂർ സ്വദേശി ജനാർദനൻ

അക്കൗണ്ടിലെ മുഴുവൻ പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്; മാതൃകയായി കണ്ണൂർ  സ്വദേശി ജനാർദനൻ
Published on

വാക്‌സിന്‍ ചലഞ്ചില്‍ കൈയില്‍ ഉണ്ടായിരുന്ന 2 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയിരിക്കുകയാണ് കണ്ണൂർ സ്വദേശിയായ ബീഡിതൊഴിലാളി ജനാർദനൻ. മുഖ്യമന്ത്രിയെ കുടുക്കുവാൻ വേണ്ടിയാണ് 400 രൂപ വാക്‌സിന് സംസ്ഥാന സർക്കാർ നൽകണമെന്ന് കേന്ദ്രം പറയുന്നത്. വാക്‌സിന്റെ വില ഈ കൊച്ചു കേരളത്തിന് താങ്ങാന്‍ കഴിയില്ല. അതുകൊണ്ടാണ് താൻ ഈ തുക നൽകുന്നതെന്ന് ജനാർദനൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി നല്‍കിയ വാക്കു പാലിക്കാന്‍ വേണ്ടിയാണ് ജനാര്‍ദനന്‍ തന്റെ സമ്പാദ്യം മുഴുവന്‍ വാക്‌സിന്‍ ചലഞ്ചിലൂടെ നല്‍കിയത്.

ജനാർദ്ദനന്റെ പ്രതികരണം

ഞാനൊരു ബീഡി തൊഴിലാളിയാണ്. 36 വർഷം ദിനേശ് ബീഡിയിലായിരുന്നു ജോലി ചെയ്തിരുന്നത്. അവിടം വിട്ടിട്ട് പന്ത്രണ്ട് വർഷമായി. ഇപ്പോൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. എന്റെ ഭാര്യ കഴിഞ്ഞ വർഷമായിരുന്നു മരിച്ചത്. ഓളെ ഗ്രാറ്റിവിറ്റിയും ഞാൻ സമ്പാദിച്ച കാശിൽ നിന്നും മിച്ചം വെച്ച തുകയുമാണ് സംഭാവന ചെയ്തത്. മുഖ്യമന്ത്രി വാക്‌സിൻ സൗജന്യമായി നൽകുമെന്നാണ് പറഞ്ഞത്. എന്നാൽ കേന്ദ്ര പറഞ്ഞത് സംസ്ഥാനം 400 രൂപ കൊടുക്കണമെന്നാണ്. ഇത്രയും തുക സംസ്ഥാനത്തിന് താങ്ങില്ല. ഇത് മുഖ്യമന്ത്രിയെ കുടുക്കുവാൻ വേണ്ടി ചെയ്യുന്നതാണ്. കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി നല്‍കിയ വാക്കു പാലിക്കാന്‍ വേണ്ടിയാണ് ആകെയുള്ള തുകയായിട്ടും സംഭാവന ചെയ്തത്. ഞാൻ യഥാർഥ കമ്മ്യൂണിസ്റ്റുകാരനാണ്. പാർട്ടിക്ക്‌ വേണ്ടി ജീവൻ കൊടുക്കുന്നവരാണ് യഥാർഥ കമ്മ്യൂണിസ്റ്റുകാരൻ. എന്റെ ജീവിതത്തിൽ അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ പാർട്ടിക്ക് വേണ്ടി ഞാൻ ജീവൻ കൊടുക്കും. കേരളത്തിൽ കഴിവും സമ്പത്തുമുള്ള ജനങ്ങളാണ് ഉള്ളത്. നമ്മൾ എല്ലാവരും ഒരുമിച്ച് നിന്നാൽ വാക്‌സിന്റെ പ്രതിസന്ധി നമുക്ക് ഒരുമിച്ച് നേരിടാം.

ഞാനൊരു വികലാംഗനാണ്. എന്റെ ഇടത്തെ ചെവിക്ക് കേൾവിശക്തിയില്ല. വലത്തെ ചെവി ഓപ്പറേഷൻ ചെയ്തിരിക്കുകയാണ്. കേരള സർക്കാരിന്റെ ചിലവിലായിരുന്നു ഓപ്പറേഷൻ ചെയ്തത്. എന്റെ ചെവി ഓപ്പറേഷൻ ചെയ്ത ജില്ലാ ആശുപത്രി അധികൃതരോട് എനിക്ക് നന്ദിയുണ്ട്. ഈ സംഭാവനയ്ക്കു പിന്നിൽ അതും ഒരു പ്രേരണയാണ്. ഈ കോവിഡ് സാഹചര്യത്തിൽ എല്ലാവരും ഇടുങ്ങിയ ചിന്താഗതി മാറ്റിവെച്ച് പരസ്പരം സഹായിക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in