കെ.കെ രമക്കും അനുപമക്കും ലൈംഗിക അധിക്ഷേപം, ഫാന്‍ സംസ്‌കാരത്തിന്റെ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്ന് സ്വരാജ്

M SWARAJ
M SWARAJASHIR MS
Published on

ദത്ത് വിവാദത്തില്‍ അനുപമ എസ്.ചന്ദ്രനെതിരെയും കെ.കെ രമ എം.എല്‍.എക്കെതിരെയും 'സ്വരാജ് ഫാന്‍സ്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ലൈംഗികാധിക്ഷേപം നടത്തിയ കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. കെ.കെരമയുടെയും അനുപമയുടെയും ചിത്രം പോസ്റ്റ് ചെയ്തായിരുന്നു കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശം. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത്തരം ഫാന്‍സ് ഗ്രൂപ്പുകളെന്ന് സിപിഎം നേതാവ് എം.സ്വരാജ്. 'ഫാന്‍ സംസ്‌കാരത്തിന്റെ' രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ല. ഇന്നോളം ആരെയും ആരാധിച്ചിട്ടില്ല. രാധ്യനാണെന്ന് ഒരു നിമിഷം പോലും സ്വയം തോന്നിയിട്ടുമില്ലെന്നും എം.സ്വരാജ്. ഫേസ്ബുക്കിലാണ് പ്രതികരണം.

എം.സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"ഫാൻ സംസ്കാരത്തിന്റെ " രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ല.ഇന്നോളം ആരെയും ആരാധിച്ചിട്ടില്ല.ആരാധ്യനാണെന്ന് ഒരു നിമിഷം പോലും സ്വയം തോന്നിയിട്ടുമില്ല.

എന്റെ പേര് ഉപയോഗിച്ചു കൊണ്ട് പല ഫേസ് ബുക്ക് പേജുകളും ഗ്രൂപ്പുകളും പ്രവർത്തിയ്ക്കുന്നതായി പലരും ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്. - ഫാൻസ് എന്ന പേരിലും അല്ലാതെയുമൊക്കെ - .

എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതൊക്കെ നടക്കുന്നത്.ഇതിനോടൊന്നും തെല്ലും യോജിപ്പുമില്ല.

നവ മാധ്യമങ്ങളിൽ പരിമിതമായ തോതിൽ മാത്രമാണ് ഇടപെടാറുള്ളത്.എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും ഫേസ്ബുക്കിലൂടെ പ്രതികരിയ്ക്കുകയെന്ന ശൈലി ഇതുവരെ സ്വീകരിച്ചിട്ടില്ല.

വല്ലപോഴും M Swaraj എന്ന വെരിഫൈഡ് FB പേജിലൂടെ മാത്രമാണ് കുറിപ്പുകൾ പോസ്റ്റ് ചെയ്യാറുള്ളത്.പ്രസ്തുത പേജിലെ ഓരോ വാക്കിനും മാത്രമല്ല കുത്തിനും കോമയ്ക്കും വരെ എനിയ്ക്ക് ഉത്തരവാദിത്തമുണ്ട്. അതിനു മാത്രമാണ് ഉത്തരവാദിത്വമുള്ളത്.

എന്റെ പേരു കൂടി ചേർത്തു കൊണ്ട് ആരൊക്കെയോ ചേർന്ന് രൂപം കൊടുത്തിട്ടുള്ള ഫേസ് ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവർക്കു മാത്രമാണ്. ഇത്തരം കാര്യങ്ങൾക്കെല്ലാം പരാതിയുമായി നടക്കാൻ കഴിഞ്ഞുവെന്നു വരില്ല. എന്നാൽ ഇക്കാര്യത്തിലെ നിലപാട് ഇവിടെ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in