ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ച് തട്ടിയെടുക്കാന്‍ ലവ് ജിഹാദ് മോഡലില്‍ പരിശീലനം ഈഴവ ചെറുപ്പക്കാര്‍ക്ക് നല്‍കുന്നുവെന്ന വിചിത്രവാദവുമായി കത്തോലിക്ക സഭയിലെ പ്രധാനിയായ വൈദികന്‍. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള അഞ്ച് ഫെറോനകളിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനത്തിലിനിടെയാണ് കത്തോലിക്ക സഭയിലെ വൈദിക പ്രഭാഷകരില്‍ പ്രമുഖനായ ഫാദര്‍ റോയ് കണ്ണന്‍ചിറയുടെ വിദ്വേഷ പ്രസംഗം. ക്രൈസ്തവ പെണ്‍കുട്ടികളെ പ്രണയത്തിലൂടെ ഇതരവിഭാഗങ്ങളിലുള്ളവര്‍ തട്ടിയെടുക്കുന്നത് ചെറുക്കാന്‍ വൈദികരില്‍ നിന്നോ മതാധ്യാപകരില്‍ നിന്നോ മാതാപിതാക്കളില്‍ നിന്നോ ശ്രമം ഉണ്ടാകുന്നില്ലെന്നും ഫാദര്‍ റോയ് കണ്ണന്‍ചിറ.
ഫാദര്‍ റോയ് കണ്ണന്‍ചിറയുടെ വീഡിയോയില്‍ നിന്ന്
നമ്മുടെ അടുത്തുള്ള സീറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒരു മാസത്തിനുള്ളില്‍ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണ്. ലവ് ജിഹാദിനെപ്പറ്റിയും നാര്‍കോട്ടിക് ജിഹാദിനെപ്പറ്റിയും നമ്മള്‍ കൂടുതല്‍ സംസാരിക്കുന്നുണ്ട്. അതോടൊപ്പം ഇതര വിഭാഗങ്ങളിലേക്കും നമ്മുടെ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. അവര്‍ സ്ട്രാറ്റജിക് ആയ പദ്ധതികള്‍ ആവിഷ്‌കരിച്ച് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ട് എന്ന് വരെ എനിക്ക് വിവരം കിട്ടിയിട്ടുണ്ട്. നമ്മള്‍ ജാഗ്രത ഇല്ലാത്തവരാണ് എന്നതാണ് നമ്മള്‍ നേരിടുന്ന ക്രൈസിസ്. നമ്മളുടെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍, പ്രണയം നടിച്ച് സ്വന്തമാക്കാന്‍ ശത്രുക്കള്‍, സഭയുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ഒരുക്കുന്ന മുന്നൊരുക്കത്തിന്റെ പത്തിലൊന്ന് പോലും നമ്മളെ മക്കളെ വിശ്വാസത്തില്‍ നിര്‍ത്താന്‍ ഉണ്ടാകുന്നില്ല. മതാധ്യാപകര്‍ക്കും വൈദികര്‍ക്കും ഇത് കഴിയുന്നില്ല എന്നതും കത്തോലിക്ക സഭ നേരിടുന്ന പ്രതിസന്ധിയാണ്.
ദീപിക ഫ്രണ്ട്‌സ് ക്ലബ് സംസ്ഥാന ഡയറക്ടര്‍ കൂടിയാണ് യൂട്യൂബ് പ്രഭാഷണങ്ങളിലൂടെ സജീവമായ ഫാദര്‍ റോയ് കണ്ണന്‍ ചിറ. ലവ് ജിഹാദും എസ്.എന്‍.ഡി.പി യോഗത്തിന്റെ ഗൂഡലക്ഷ്യങ്ങളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയാണെന്ന് 2015ല്‍ ഇടുക്കി ബിഷപ്പായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞത് വലിയ രാഷ്ട്രീയ വാദ പ്രതിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. ബിഷപ്പ് ആനിക്കുഴിക്കാട്ടിലിനെതിരെ എസ് എന്‍ ഡി പി യോഗവും വെള്ളാപ്പള്ളി നടേശനും പരസ്യമായി രംഗത്തുവന്നു. ആനിക്കുഴിക്കാട്ടില്‍ വിഷം കുത്തുന്ന വര്‍ഗീയവാദിയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എസ്.എന്‍.ഡി.പി നിഗൂഢ അജണ്ടയുണ്ടെന്ന വ്യാജവാദം ആവര്‍ത്തിക്കുകയാണ് കത്തോലിക്ക സഭയിലെ പ്രമുഖനായ വൈദികന്‍. മതാധ്യാപകര്‍ക്കും മതപഠനത്തിന് കുട്ടികള്‍ക്കും പരിശീലനം നല്‍കുന്ന റോയ് കണ്ണന്‍ ചിറ ദീപിക കൊച്ചേട്ടന്‍ എന്നും അറിയപ്പെടാറുണ്ട്.
2015 ജൂണില്‍ ഇടുക്കി ബിഷപ്പ് പറഞ്ഞത്
പതിനാലാം വയസ് വരെ വേദപാഠം പഠിക്കുകയും 18 വയസ് വരെ വീട്ടുകാര്‍ വളര്‍ത്തുകയും ചെയ്ത മകള്‍ വിശ്വാസത്തെയും പ്രബോധനത്തെയും ഉപേക്ഷിച്ച് മുസ്ലിമിന്റെയോ, ഏതെങ്കിലും ഓട്ടോക്കാരന്റെയോ, എസ്.എന്‍.ഡി.പിക്കാരുടെയോ കൂടെ പോകുന്ന അവസ്ഥയുണ്ട്. ഇത് ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് എതിരാണ്. സര്‍ക്കാര്‍ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന രീതി ശരിയല്ല.
മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പൂര്‍വികര്‍ ഈഴവരാണെന്നും ബിഷപ്പിനെ കണ്ടാല്‍ എം.എം.മണിയുടെ ചേട്ടനാണെന്ന് തോന്നുമെന്നും വെള്ളാപ്പള്ളി അന്ന് തിരിച്ചടിച്ചത് വലിയ വിവാദവുമായിരുന്നു. നാര്‍കോട്ടിക് ജിഹാദിലൂടെ ക്രൈസ്തവ പെണ്‍കുട്ടികളെ മതം മാറ്റുകയും തട്ടിയെടുക്കുകയും ചെയ്യുന്നുവെന്ന പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ധ്രുവീകരണ പ്രസ്താവന സംസ്ഥാനത്ത് വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ഫാദര്‍ റോയ് കണ്ണന്‍ചിറയുടെ പ്രസംഗം.