സംവരണ അട്ടിമറിക്കെതിരെ 'മാധ്യമ'ത്തിലെ ലേഖനം; ഡോ. കെഎസ് മാധവനെതിരെ കാലിക്കറ്റ് സർവകലാശാലയുടെ കാരണം കാണിക്കൽ നോട്ടീസ്

സംവരണ അട്ടിമറിക്കെതിരെ 'മാധ്യമ'ത്തിലെ ലേഖനം; ഡോ. കെഎസ് മാധവനെതിരെ കാലിക്കറ്റ് സർവകലാശാലയുടെ കാരണം കാണിക്കൽ നോട്ടീസ്
Published on

രാജ്യത്തെ സർവകലാശാലകളിലെ സംവരണ അട്ടിമറിക്കെതിരെ ലേഖനമെഴുതിയതിന് ചരിത്രകാരനും ദലിത് ചിന്തകനുമായ ഡോ. കെഎസ് മാധവന് കാലിക്കറ്റ് സർവകലാശാലയുടെ കാരണം കാണിക്കൽ നോട്ടീസ്. കഴിഞ്ഞ 21ന് 'മാധ്യമം' ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജില്‍ ഇടതുപക്ഷ ചിന്തകൻ പികെ പോക്കറുമായി ചേർന്നെഴുതിയ ലേഖനമാണ് നടപടിക്ക് കാർണമായത്.

കാലിക്കറ്റ് ചരിത്ര വിഭാഗത്തിൽ അസോഷ്യേറ്റ് പ്രൊഫസറാണ് മാധവൻ. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് മെമ്മോ ലഭിച്ചത്. സർവകലാശാലയുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിനാൽ കേരള സർവീസ് റൂളിലെ വിവിധ വകുപ്പുകളനുസരിച്ച് നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് 'മാധ്യമം' റിപ്പോർട്ട് ചെയ്തു.

കാലിക്കറ്റ് സർവകലാശാലാ അധ്യാപക നിയമനത്തിൽ സംവരണ അട്ടിമറി നടന്നതായി പരാതി ഉയരുന്നതിനിടെയാണ് പുതിയ നടപടി. 'സർവകലാശാലകളിൽ നിറഞ്ഞാടുന്നു സംവരണ വിരുദ്ധ മാഫിയ' എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. രാജ്യത്തെ സർവകലാശാലകൾ ജാതിവിവേചനം നിലനിൽക്കുന്ന വരേണ്യകേന്ദ്രങ്ങളാണെന്ന നിരീക്ഷണമാണ് ലേഖനം മുന്നോട്ടുവയ്ക്കുന്നത്. കാലിക്കറ്റിലെ സംവരണ അട്ടിമറിയെക്കുറിച്ച് ദേശീയ പട്ടിക ജാതി കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ടെന്നും ലേഖനം പരാമർശിക്കുന്നുണ്ട്. സംവരണ അട്ടിമറിക്കെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ലേഖനം ആവശ്യപ്പെടുന്നു

സർവകലാശാലയ്ക്ക് കളങ്കമുണ്ടാക്കുന്ന ഒന്നും എഴുതിയിട്ടില്ലെന്ന് കെഎസ് മാധവൻ 'മാധ്യമ'ത്തോട് പ്രതികരിച്ചു. സംവരണം സുതാര്യമായി നടപ്പാക്കുകയെന്നത് സർക്കാർ നയമാണെന്നും തെറ്റ് തിരുത്താനുള്ള മാർഗങ്ങളാണ് ലേഖനത്തിൽ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ലേഖനത്തിന്റെ പേരിൽ ഇടതു ചിന്തകനായ പികെ പോക്കറിനെതിരെ നടപടിയൊന്നുമുണ്ടായിട്ടില്ല എന്നാണ് അറിയുന്നത്. കെഎസ് മാധവനെതിരായ നടപടിക്കെതിരെ പോക്കർ ഫേസ്ബുക്കിൽ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിലും ലോകത്തും അക്കാദമിക പ്രവർത്തകർ സാമൂഹിക നീതിക്കും ഉൾകൊള്ളൽ നയത്തിനും വേണ്ടി പ്രവർത്തിക്കുമ്പോൾ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് എഴുത്തിന്റെ പേരിൽ പ്രതികാരനടപടി തുടങ്ങിയത് ലജ്ജാകരമാണ്. അടിയന്തരമായി മെമ്മോ പിൻവലിക്കുകയും തെറ്റുകൾ ആവർത്തിക്കാതിരിക്കുകയും ചെയ്യാൻ ബന്ധപ്പെട്ടവർ വിവേകം കാണിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പി.കെ പോക്കർ ആവശ്യപ്പെട്ടു. സർവകലാശാലയുടെ നടപടിക്കെതിരെ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നും പ്രതിഷേധം ഉയരുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in