'ഡൊമിനിക് മാർട്ടിൻ, തമ്മനം സ്വദേശിയായ സ്പോക്കൺ ഇംഗ്ലീഷ് അധ്യാപകൻ'; ദുബായിൽ നിന്ന് തിരിച്ചെത്തിയത് രണ്ട് മാസം മുമ്പ്

'ഡൊമിനിക് മാർട്ടിൻ, തമ്മനം സ്വദേശിയായ സ്പോക്കൺ ഇംഗ്ലീഷ് അധ്യാപകൻ'; ദുബായിൽ നിന്ന് തിരിച്ചെത്തിയത് രണ്ട് മാസം മുമ്പ്
Published on

ഒക്ടോബർ 29ന് കേരളത്തെ നടുക്കിയ കളമശേരി സ്ഫോടനം നടത്തിയ പ്രതി ഡൊമിനിക് മാർട്ടിൻ നാട്ടിലെത്തിയത് രണ്ട് മാസം മുമ്പ്. യഹോവ സാക്ഷികളുടെ പ്രാർത്ഥനാ യോ​ഗത്തിൽ നടത്തിയ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൊടകര പൊലീസ് സ്റ്റേഷനിലെത്തി ഡൊമിനിക് മാർട്ടിൻ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. പൊലീസിൽ കീഴടങ്ങുന്നതിന് മുമ്പ് മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡൊമിനിക് മാര്‍ട്ടിന്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. യഹോവ സാക്ഷികളുടെ ഭാഗമാണ് 16 വര്‍ഷമായി താനെന്നും യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പ് മൂലമാണ് സ്‌ഫോടനം നടത്തിയതെന്നും ഡൊമിനിക് മാര്‍ട്ടിന്‍ വീഡിയോയില്‍ അവകാശപ്പെട്ടിരുന്നു.

കഴിഞ്ഞ അഞ്ചര വർഷമായി ഡൊമിനിക്കും കുടുംബവും താമസിക്കുന്നത് തമ്മനത്താണ്. എറണാകുളത്ത് സ്‌പോക്കൺ ഇംഗ്ലീഷ് കോഴ്‌സ് പഠിപ്പിക്കുകയായിരുന്നു ഡൊമിനിക്കിന് എന്നാൽ കൊവിഡ് കാലത്ത് ജോലി നഷ്‌ടപ്പെടുകയും ദുബായിലേക്ക് പോകേണ്ടിയും വന്നു. ദുബായിൽ നിന്ന് ഡൊമിനിക് തിരിച്ചെത്തി രണ്ട് മാസമേ ആയിട്ടുള്ളൂ. ഡൊമിനിക്കിന് ഒരു മകളും ഒരു മകനുമുണ്ട്. മകൾക്ക് ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്നാണ് രണ്ട് മാസം മുമ്പ് ഡൊമിനിക് കേരളത്തിൽ തിരിച്ചെത്തിയത്. സ്ഫോടനത്തിന്റെ തലേ ദിവസം ഒക്‌ടോബർ 28-ന് രാത്രി ഡൊമിനിക് മാർട്ടിൻ തന്റെ ഭാര്യയോട് അടുത്ത ദിവസം ഒരു സുഹൃത്തിനെ കാണാൻ പോകുമെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.

യൂട്യൂബ് ട്യൂട്ടോറിയലുകൾ വഴിയാണ് കഴിഞ്ഞ ആറ് മാസത്തിനിടെ താൻ ഐഇഡി ബോംബ് നിർമ്മിക്കാൻ പഠിച്ചതെന്നും ഡൊമിനിക് പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞതായി റിപ്പോർട്ടുണ്ട്. ഡൊമിനിക് വിദേശത്ത് ഫോർമാന‍്‍ ആയി ജോലി ചെയ്തിരുന്നതായും ഇത് അത്തരം ഉപകരണങ്ങൾ എങ്ങനെ പ്രവർത്തിപ്പിക്കാമെന്നതിനെക്കുറിച്ചുള്ള അറിവ് നൽകിയതായും പോലീസ് പറയുന്നു. യഹോവ സാക്ഷികള്‍ രാജ്യദ്രോഹത്തിനായി പ്രവര്‍ത്തിക്കുന്നവരാണെന്നും ആറ് വര്‍ഷം മുമ്പാണ് ഇത് മനസിലാക്കിയതെന്നും മാര്‍ട്ടിന്‍ പറയുന്നു. അവർ ദേശവിരുദ്ധ ആശയങ്ങൾ പഠിപ്പിക്കുന്നു, ഇത് തിരുത്താൻ ഞാൻ പലതവണ ശ്രമിച്ചെന്നും ഡൊമിന് മാർട്ടിൻ വീഡിയോയിൽ പറയുന്നുണ്ട്.

ഡൊമിനിക് എന്ന് പേരുള്ള ഒരു അംഗം തങ്ങൾക്ക് ഇല്ലെന്നായിരുന്നു യഹോവ മതവിഭാഗത്തിൽ നിന്നുള്ള ആദ്യ പ്രതികരണം. 200 സഭകളിലായി 17,000-ത്തോളം അംഗങ്ങളുള്ള കേരളത്തിലെ ഒരു ചെറിയ സമൂഹമാണ് യഹോവയുടെ സാക്ഷികൾ. “അദ്ദേഹം ഏത് സഭയിൽ പെട്ടയാളാണെന്ന് ഞങ്ങൾക്ക് ഇപ്പോഴും ഉറപ്പില്ല. അദ്ദേഹം മീറ്റിംഗുകൾക്ക് വന്നിരുന്നു, പക്ഷേ ആരുമായും വഴക്കോ അഭിപ്രായ വ്യത്യാസമോ ഉണ്ടായതായി ആരും ഓർക്കുന്നില്ലെന്നും യഹോവയുടെ സാക്ഷികളുടെ പിആർഒ ശ്രീകുമാർ പറയുന്നു.

കളമശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒക്ടോബര്‍ 29ന് രാവിലെയോടെയാണ് സ്‌ഫോടനമുണ്ടായത്. 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൺവെൻഷൻ സെന്ററിൽ പെട്രോൾ നിറച്ച ബോട്ടിലിനൊപ്പം ഡൊമിനിക് ബോംബ് വച്ചിരുന്നതായി പൊലീസ് പറഞ്ഞു. ദൂരെ നിന്ന് റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയതായും റിപ്പോർട്ടുണ്ട്. ഡൊമിനിക്കിന്റെ മൊബൈൽ ഫോണിൽ നിന്ന് റിമോട്ടിന്റെ ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

(വിവരങ്ങൾക്ക് കടപ്പാട്- ദ ന്യൂസ് മിനുട്ട് )

Related Stories

No stories found.
logo
The Cue
www.thecue.in