നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു. കേസില്‍ തുടരന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യോഗം ചേര്‍ന്നത്. ദിലീപും പള്‍സര്‍ സുനിയുമായി നേരത്തെ ബന്ധമുണ്ടെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി ബുധനാഴ്ച രേഖപ്പെടുത്തും.
ജനുവരി 20ന് തുടരന്വേഷണ റിപ്പോര്‍ട്ട് കൈമാറണമെന്നാണ് വിചാരണ കോടതിയുടെ നിര്‍ദേശം. തുടരന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ വിചാരണ ആറ് മാസം കൂടി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദിലീപിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖകളും, വാട്‌സ് ആപ്പ് സന്ദേശങ്ങളും ഫോണ്‍ രേഖകളും ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു. തന്നെ സ്വാധീനിക്കാന്‍ ദിലീപ് തിരുവനന്തപുരത്ത് വന്നതായും നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വാട്‌സ് ആപ്പ് സന്ദേശങ്ങളെ മുന്‍നിര്‍ത്തി ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ദിലീപും പള്‍സര്‍ സുനിയുമായി നേരത്തെ തന്നെ ബന്ധമുണ്ടെന്നും നടി ആക്രമിക്കപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ദീലീപിന്റെ ആലുവയിലെ വീട്ടില്‍ പള്‍സര്‍ സുനിയെ കണ്ടിരുന്നതായും ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച പരാതിയിലും പറഞ്ഞിരുന്നു. പള്‍സര്‍ സുനിയെ തന്റെ വീട്ടില്‍ കണ്ട കാര്യം പുറത്ത് പറയരുതെന്ന് ജയില്‍ മോചിതനായ വേളയിലും ദിലീപ് ആവശ്യപ്പെട്ടിരുന്നുവെന്ന് ബാലചചന്ദ്രകുമാറിന്റെ പരാതിയിലുണ്ട്.
ഗുരുതരമായ ആരോപണങ്ങളിലും വെളിപ്പെടുത്തലിലും കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കും വ്യക്തതക്കുമാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ അന്തിമഘട്ടത്തിലെത്തിയിരിക്കെ ആണ് നിര്‍ണായക വെളിപ്പെടുത്തലുകളും ശബ്ദരേഖകളും പുറത്തുവന്നിരിക്കുന്നത്. കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിച്ചെന്നാണ് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയത്.