സിനിമയില്‍ നിന്നും പിന്‍മാറിയത് ദിലീപല്ല, ബാലചന്ദ്രകുമാറാണെന്ന് സംവിധായകന്‍ റാഫി. തന്നെ വിളിച്ച് ഇക്കാര്യം സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അറിയിച്ചിരുന്നു. കാരണമെന്താണെന്ന് അറിയിച്ചിരുന്നില്ല.ദിലീപിനോട് വൈരാഗ്യമുള്ളതായി ബാലചന്ദ്രകുമാര്‍ പറഞ്ഞിട്ടില്ല. കഥാപാത്രം ദിലീപിന് ഇഷ്ടപ്പെട്ടിരുന്നു. നടിയെ അക്രമിച്ച സംഭവത്തെത്തുടര്‍ന്നാണോ ബാലചന്ദ്രകുമാര്‍ പിന്മാറിയതെന്ന് തനിക്ക് അറിയില്ലെന്നും റാഫി മാധ്യമങ്ങളോട് പറഞ്ഞു.
ദിലീപിനെ നായകനാക്കി ബാലചന്ദ്രകുമാര്‍ പിക്ക് പോക്കറ്റ് എന്ന സിനിമ സംവിധാനം ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നു. ഇതിന്റെ കഥയും തിരക്കഥയും റാഫിയായിരുന്നു. നടി അക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് മനസിലായതോടെയാണ് സിനിമയില്‍ നിന്നും താന്‍ പിന്‍മാറിയതെന്നാണ് ബാലചന്ദ്രകുമാറിന്റെ വാദം. എന്നാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ സിനിമയില്‍ നിന്നും താന്‍ പിന്‍മാറയതോടെ ബാലചന്ദ്രകുമാര്‍ ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നുവെന്ന് ആരോപിക്കുന്നു. കേസില്‍ ജാമ്യം കിട്ടുന്നതിനായി നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടീക്കാമെന്നും പറഞ്ഞ് സമീപിച്ചിരുന്നുവെന്നും ദിലീപ് പറയുന്നു.
ബാലചന്ദ്രകുമാറിന്റെ ഓഡിയോയില്‍ പറയുന്നവരെ തിരിച്ചറിയുന്നതിനാണ് സംവിധായകരെ വിളിച്ച് വരുത്തിയതെന്ന് എസ്.പി മോഹനചന്ദ്രന്‍ പ്രതികരിച്ചു. ശാസ്ത്രീയമായി തെളിയിക്കുന്നതിന് മുമ്പായി ശബ്ദം തിരിച്ചറിയുന്നതിനാണ് വിളിച്ചത്.
സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നല്‍കിയ ഓഡിയോ റെക്കോര്‍ഡില്‍ സംവിധായകന്‍ റാഫിയുടെയും ശബ്ദമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു റാഫിയുടെ മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരെ ദിലീപ് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ റാഫിയില്‍ നിന്നും വിവരങ്ങള്‍ തേടി.