മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിനെ മുന്‍നിര്‍ത്തി ചാനലിന്റെ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരെ ഹീനമായ ഭാഷയില്‍ സൈബര്‍ ആക്രമണം. വംശീയ വിരുദ്ധതയും ലൈംഗിക അധിക്ഷപവും നിറഞ്ഞ പോസ്റ്റുകളും അശ്ലീല പ്രചരണവുമായി ചില വെബ് സൈറ്റുകള്‍ ഉള്‍പ്പെടെ നല്‍കിയിരിക്കുന്നത്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സ്മൃതി പരുത്തിക്കാട് ദ ക്യുവിനോട് പ്രതികരിച്ചു. മീഡിയ വണ്‍ ചാനലും പരാതി നല്‍കുന്നുണ്ട്. തിങ്കളാഴ്ച പോലീസില്‍ പരാതി നല്‍കും.
വിമര്‍ശനമല്ല, വര്‍ഗ്ഗീയതയും അശ്ലീലവും
മാധ്യമ പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തിയുള്ള വിമര്‍ശനമല്ല, വൃത്തികെട്ട ഭാഷയിലുള്ള അധിക്ഷേപമാണ് നടക്കുന്നത്. വര്‍ഗ്ഗീയതയും അശ്ലീലവുമാണ് പറയുന്നത്. ഇത് സഹിക്കാനാവില്ല. ഇവരൊക്കെ ആരാണെന്ന് പോലും അറിയില്ല. എന്തും വിളിച്ച് പറയാനുള്ള സ്ഥലമാണോ യുട്യൂബ്?. ഇത്തരം ചാനലുകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല.
എന്റെ ഫോട്ടോ ഉപയോഗിച്ചാണ് അശ്ലീലവും അധിക്ഷേപ കമന്റുകളും ഇടുന്നത്. നേരത്തെയും എന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് കീഴെ കമന്റുകള്‍ ഇടാറുണ്ടെങ്കിലും അത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഇപ്പോള്‍ എല്ലാ പരിധിയും ലംഘിച്ചാണ് സൈബര്‍ ആക്രമണം. ഇക്കാര്യം അംഗീകരിക്കാനാവില്ല.