ഗവര്‍ണര്‍ വിലപേശിയത് ശരിയായില്ല; സര്‍ക്കാര്‍ വഴങ്ങിയ രീതിയും ശരിയായില്ലെന്ന് കാനം

കാനം രാജേന്ദ്രന്‍
കാനം രാജേന്ദ്രന്‍
Published on

നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടുന്നതിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിലപേശിയത് ശരിയായില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവര്‍ണറുടെ ഉപാധികള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങിയ രീതിയും ശരിയായില്ലെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിനെ സ്ഥാനത്ത് നിന്നും മാറ്റിയാണ് സര്‍ക്കാര്‍ ഇടഞ്ഞുനിന്ന ഗവര്‍ണറെ അനുനയിപ്പിച്ചത്. ഇതിനെതിരെയായിരുന്നു കാനം രാജേന്ദ്രന്റെ വിമര്‍ശനം.

സര്‍ക്കാര്‍ വഴങ്ങേണ്ടതില്ലായിരുന്നു എന്നത് കൊണ്ട് ഉദ്യോഗസ്ഥനെ മാറ്റേണ്ടതില്ലെന്നാണോ ഉദ്ദേശിച്ചതെന്ന ചോദ്യത്തിന് താന്‍ പറഞ്ഞതില്‍ എല്ലാമുണ്ടെന്നും മാധ്യമങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. തന്റെ കൈയില്‍ നിന്നും ഇത്രമാത്രമേ കിട്ടുകയുള്ളു.

ലോകായുക്ത ഓര്‍ഡിനന്‍സില്‍ സി.പി.ഐക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. അത് പറയേണ്ട സമയങ്ങളില്‍ പറയും. ഇനിയും പറയുമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

ഗവര്‍ണറെ സി.പി.ഐ മുഖപത്രമായ ജനയുഗം എഡിറ്റോറിയലിലൂടെ വിമര്‍ശിച്ചിരുന്നു. ഫെഡറലിസം സംരക്ഷിക്കാന്‍ ഗവര്‍ണറെ നിലയ്ക്കുനിര്‍ത്തണം. സംസ്ഥാനങ്ങളുടെ ഭരണത്തിലും നയപരിപാടികളിലും മോദി സര്‍ക്കാര്‍ കൈകടത്തുന്നു. ഇത് ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയുമാണെന്ന് ജനയുഗം വിമര്‍ശിക്കുന്നു. സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശത്തിന് മേലുള്ള കടന്നാക്രമണങ്ങള്‍ക്കുള്ള ആയുധമാണ് ഗവര്‍ണര്‍ പദവി മാറിയെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in