ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ചീഫ് കോര്‍ഡിനേറ്റര്‍ സാബു.എം.ജേക്കബ് ഉള്‍പ്പെടെ 1000 പേര്‍ക്കെതിരെ കേസ്. ആളുകളെ തിരിച്ചറിയുന്നതിന് അനുസകിച്ച് നോട്ടീസ് അയക്കുമെന്ന് പോലീസ് അറിയിച്ചു. നിയമവിരുദ്ധമായി ചടങ്ങ് സംഘടിപ്പിച്ചു, ഗതാഗതം തടസ്സപ്പെടുത്തി എന്നിവയാണ് ട്വന്റി ട്വന്റിക്കെതിരെ കേസെടുക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ട്വന്റി ട്വന്റി പ്രവര്‍ത്തകനായ ദീപു വെള്ളിയാഴ്ചയാണ് മരിച്ചത്. വിളക്കണക്കല്‍ സമരവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ദീപുവിന് തലയ്ക്ക മര്‍ദ്ദനമേറ്റിരുന്നു. നാല് സി.പി.എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബഷീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്‌മാന്‍, അബ്ദുല്‍ അസീസ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
ദീപുവിന്റെ മരണവുമായി ബന്ധപ്പെട്ട് ട്വന്റി ട്വന്റിയും സ്ഥലം എം.എല്‍.എ പി.എ ശ്രീനിജനും പരസ്പരം ആരോപണം ഉന്നയിക്കുകയാണ്. ലിവര്‍ സിറോസിസ് കാരണമാണ് ദീപു മരിച്ചതെന്നായിരുന്നു ശ്രീനിജനും സി.പി.എം നേതൃത്വവും ആരോപിച്ചത്.
കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാണ് സാബു.എം.ജേക്കബ് ആവശ്യപ്പെടുന്നത്. ദീപു കരള്‍ രോഗിയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രീനിജന്‍ ശ്രമിച്ചുവെന്നും സാബു.എം.ജേക്കബ് ആരോപിച്ചിരുന്നു.