പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ചേരുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് പരിശോധിക്കാന്‍ ആളെ വിട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഇന്നലെ രാത്രിയാണ് കെ.സുധാകരന്‍ കെ.പി.സി.സി സംഘത്തെ കന്റോണ്‍മെന്റ് ഹൗസിലേക്ക് അയച്ചത്. വി.ഡി സതീശനും പ്രമുഖ നേതാക്കളും ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നു.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി, വി.എസ് ശിവകുമാര്‍, കെ.എസ് ശബരീനാഥ്, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എം.എം വഹീദ്, കെ.പി ശ്രീകുമാര്‍, യൂജിന്‍ തോമസ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍, കെ.സുധാകരന്റെ സെക്രട്ടറി വിപിന്‍മോഹന്‍ എന്നിവരെയാണ് പരിശോധനയ്ക്ക് അയച്ചത്. ഗ്രൂപ്പ് യോഗമല്ല നടക്കുന്നതെന്ന് നേതാക്കള്‍ കെ.പി.സി.സി സംഘത്തോട് പറഞ്ഞു.
പുനഃസംഘടനയുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ യോഗം ചേര്‍ന്നതെന്നാണ് കെ.സുധാകരനോട് അടുപ്പമുള്ളവര്‍ പറയുന്നത്. കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പ് വേണ്ടെന്ന് തീരുമാനിച്ചവര്‍ തന്നെ യോഗം ചേര്‍ന്നതാണ് കെ.സുധാകരനെ ചൊടിപ്പിച്ചിരിക്കുന്നത്.
ഗ്രൂപ്പ് യോഗത്തിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്നാണ് സൂചന. ഗ്രൂപ്പുകള്‍ സജീവമാകുന്നത് ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്.