ഗുണ്ടകളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും തണലിൽ പ്രവർത്തിക്കുന്നതല്ല ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിക്കും സമൂഹത്തിനും അംഗീകരിക്കാനാവാത്ത പ്രശ്നങ്ങളിൽ ഭാഗമാകുന്നവരെ സംരക്ഷിക്കുന്ന നിലപാട് പാർട്ടിക്കില്ല. തിരുത്താൻ ശ്രമിക്കും. അതിന് ഫലമില്ലാതെ വരുമ്പോൾ നടപടിയിലേക്ക് കടക്കും. തെറ്റുകൾ മറച്ചുവെച്ച് സംരക്ഷിക്കുന്ന രീതി പാർട്ടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രിമിനലുകളെന്നും കള്ളക്കടത്തുകാരെന്നും ക്വട്ടേഷൻകാരെന്നും വിളിക്കപ്പെട്ടവരുടെ വാക്കുകൾ മഹത്വവൽക്കരിച്ച് അതിന്റെ പങ്ക് ചേർന്ന്, ചാരിനിന്ന് സർക്കാരിനെ ആക്രമിക്കാനുള്ള വ്യഗ്രത കാണിക്കുന്നത് അംഗീകരിക്കാനാകില്ല. രക്തദാഹികളായ അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യാനാവശ്യമായ എല്ലാ നിയമനടപടികളും സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ടി.സിദ്ദിഖിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മറുപടിയുടെ പൂർണ്ണരൂപം
ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനങ്ങളും അവർ ഉയർത്തുന്ന വെല്ലുവിളികളും ഒരു തരത്തിലും കുറച്ച് കാണുന്നില്ല. പൊതുജീവിതത്തിന്റെ സ്വസ്ഥതയ്ക്കുമേൽ ഭീതിയുടെ ചിറകുകൾ വിരിച്ച് സ്വച്ഛന്ദം വിഹരിക്കുന്ന രക്തദാഹികളായ അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യണമെന്നു തന്നെയാണ് സർക്കാരിന്റെ നിലപാട്. അതിനാവശ്യമായ എല്ലാ നിയമനടപടികളും സർക്കാർ സ്വീകരിക്കും. 12.02.2018 ല്‍ കണ്ണൂരില്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവം സംബന്ധിച്ച് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ക്രൈം നം. 202/2018 ആയി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
പൊലീസ് നടത്തിയ അന്വേഷണം നിഷ്പക്ഷവും സ്വതന്ത്രവും നീതിയുക്തവുമാണ്. ഒരുലക്ഷത്തിലധികം ഫോണ്‍കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റകൃത്യത്തിലെ പ്രതികളെയും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട പ്രതികളെയും, പ്രതികള്‍ക്കു സഹായം നല്‍കിയവരെയും പൊലീസ് പിടികൂടിയത്. കേസിലാകെ 17 പ്രതികളാണുള്ളത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ, ഗൂഢാലോചന ഉള്‍പ്പെടെയുള്ള ഐ.പി.സി 120(ബി) ബന്ധപ്പെട്ട വകുപ്പുകളും എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകളും ഇന്ത്യന്‍ ആംസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകളും അനുസരിച്ചുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പ്രസ്തുത കേസ് ബഹു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.
ഈ കേസിന്റെ അന്വേഷണ ഘട്ടത്തില്‍ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട വ്യക്തിയുടെ മാതാപിതാക്കള്‍ ബഹു. ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് കേസ് അവര്‍ക്ക് അനുകൂലമായി 07.03.2018 ല്‍ ഉത്തരവായി.
കേരള പൊലീസ് നടത്തിയ അന്വേഷണം സ്വതന്ത്രവും ആത്മാര്‍ത്ഥവും നിഷ്പക്ഷവും നീതിയുക്തവുമാണെന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. സി.ബി.ഐക്ക് കൈമാറുന്നതിന് ആവശ്യമായ വസ്തുതകളൊന്നും കണക്കിലെടുത്തില്ല എന്ന് വിലയിരുത്തി സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു.
ആ അവസരത്തില്‍ മാതാപിതാക്കള്‍ ബഹു. സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും കോടതി അനുകൂല നിലപാട് സ്വീകരിക്കാത്തതിനാല്‍ ഹര്‍ജി പിന്‍വലിക്കുകയാണുണ്ടായത്. പൊലീസ് അന്വേഷണത്തിനായി 12 അംഗ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുകയും കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് മേല്‍നോട്ട ചുമതല നല്‍കുകയും ചെയ്തു.
സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ക്കു പുറമെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നടന്നതായി വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചനയ്ക്കുള്ള വകുപ്പുകളും കൂട്ടിച്ചേര്‍ത്ത് അന്വേഷണം നടത്തുകയാണുണ്ടായത്. ഒന്നു മുതല്‍ 11 വരെയുള്ള പ്രതികള്‍ക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കി 14.05.2018 ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. 12 മുതല്‍ 17 വരെയുള്ള പ്രതികള്‍ക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കി 21.01.2019 ല്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കേസ് സി.ബി.ഐക്ക് കൈമാറണമെന്ന 07.03.2018ലെ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീല്‍ ബഹു. ഡിവിഷന്‍ ബഞ്ച് 02-08-2019ല്‍ അനുവദിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലെ പോരായ്മ സംബന്ധിച്ച പരാതിയുമായി കേസന്വേഷണ ഘട്ടത്തിലോ, അന്തിമ റിപ്പോര്‍ട്ട് നല്‍കിയ അവസരത്തിലോ, ഹര്‍ജിക്കാര്‍ മജിസ്‌ട്രേറ്റ് കോടതിയെയോ ഹൈക്കോടതിയെയോ സമീപിച്ചിരുന്നില്ല. അതോടൊപ്പം ''കേസന്വേഷണം സുതാര്യമല്ല'' എന്ന വാദം നിലനില്‍ക്കുന്നതല്ലായെന്നു കൂടി വിലയിരുത്തിയിരുന്നു. ബഹു. ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ ഹര്‍ജിക്കാര്‍ ബഹു. സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
ഇക്കാര്യം നിഷ്പക്ഷവും നീതിയുക്തവും സമയബന്ധിതവുമായ അന്വേഷണം നടത്തി, ഗൂഢാലോചനയില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും അറസ്റ്റുചെയ്ത്, പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിഗണിക്കാതെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് പൊലീസിന് കഴിഞ്ഞിട്ടുണ്ട്. കേസിലെ ഒന്നു മുതല്‍ നാലുവരെ പ്രതികള്‍ ഒരു വര്‍ഷക്കാലത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞിരുന്നവരാണ്. ബഹു. ഹൈക്കോടതി ഇവര്‍ക്ക് കര്‍ശന വ്യവസ്ഥകളോടെ 2019 ഏപ്രിലിലാണ് ജാമ്യം അനുവദിച്ചത്.
മേല്‍ കേസിലെ ജാമ്യവ്യവസ്ഥയില്‍ 'കേസ് പരിഗണനയിലിരിക്കവെ മറ്റൊരു ക്രൈം കേസില്‍ ഉള്‍പ്പെടാന്‍ പാടില്ല' എന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നാം പ്രതി ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് മറ്റൊരു കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ജാമ്യം റദ്ദുചെയ്യുന്നതിനായി പൊലീസ് 17.02.2023 ല്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. മേല്‍ കേസിന്റെ അന്വേഷണത്തില്‍ ഏതെങ്കിലും തെളിവുകള്‍ സ്വീകരിച്ചില്ലെന്നോ, അന്വേഷണത്തില്‍ പോരായ്മയുണ്ടെന്നോ ചൂണ്ടിക്കാട്ടി യാതൊരു പരാതിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ടില്ല. ബഹു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ 02.08.2019 ലെ ഉത്തരവില്‍ വ്യക്തമാക്കിയ കാര്യം ഇവിടെ ഏറെ പ്രസക്തമാണ്.
'The writ petitioners did not, at any stage of the said investigation, approach the Magistrate concerned for any direction under Section 156(3). The said inaction of the writ petitioners impinges upon the bona fides of their claim that there was no fair investigation of the case.'
പ്രമേയത്തില്‍ പരാമര്‍ശിച്ച വിഷയം നിലവില്‍ ബഹു. സുപ്രീംകോടതിയുടെയും തലശ്ശേരി അഡീഷണല്‍ സെക്ഷന്‍സ് കോടതിയുടെയും പരിഗണനയിലിരിക്കുന്ന സംഗതിയാണ്. അക്കാരണത്താല്‍ ഇത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ല. ഇവിടെ ഒരു വലിയ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നത്. ദുരൂഹതകളുടെയും ഗൂഢാലോചനാസിദ്ധാന്തങ്ങളുടെയും ആ പുകമറ നീക്കിയാൽ ഇവിടെ അവതരിപ്പിച്ച പ്രമേയ നോട്ടീസിൽ കാതലായ ഒന്നും ഇല്ലെന്ന് വ്യക്തമാകും.
ഗുണ്ടകളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും തണലിൽ പ്രവർത്തിക്കുന്നതല്ല ഇടതുപക്ഷം. പ്രത്യേകിച്ച് സിപിഐഎം. ഇവിടെ പ്രതിപാദിച്ച വ്യക്തി സമൂഹത്തിനും പരാമർശിച്ച പാർട്ടിക്കും അംഗീകരിക്കാനാവാത്ത പ്രശ്നങ്ങളിൽ പങ്കാളിയാകുമ്പോൾ അത് അതേപോലെ വകവച്ചുകൊടുക്കുന്ന ശീലമല്ല ഞങ്ങൾക്കുള്ളത്. അത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടും സാധാരണ രീതിയിൽ സ്വീകരിക്കാറില്ല. തിരുത്താൻ ശ്രമിക്കും. അതിന് ഫലമില്ലാതെ വരുമ്പോൾ നടപടിയിലേക്ക് കടക്കും. അതാണ് ഞങ്ങളുടെ രീതി.
ഞങ്ങളുടെ പാർട്ടിക്കകത്ത് വരുന്ന എല്ലാവരും എല്ലാ തെറ്റുകൾക്കും അതീതരായവരെന്ന് അവകാശപ്പെടാനാവില്ല. എല്ലാവരും മനുഷ്യരാണ്. മനുഷ്യർക്കുള്ള ദൗർബല്യങ്ങൾ അവർക്കുമുണ്ടാകാം. അതിൽ തിരുത്താൻ പറ്റുന്നവ തിരുത്തും. അല്ലാത്തവയിൽ നടപടിയിലേക്ക് കടക്കും. തെറ്റുകൾ മറച്ചുവെച്ച് സംരക്ഷിക്കുന്ന രീതി ഞങ്ങൾക്കില്ല. അതിനോട് ഒരു തരത്തിലും പൊറുക്കാറില്ല. പാർട്ടി വിരുദ്ധനിലപാടുകൾ കണ്ടാൽ സ്വാഭാവികമായും പാർട്ടിക്ക് പുറത്താകും. അത്തരം ചിലർ ചിലപ്പോൾ വല്ലാത്ത ശത്രുതയോടെ പാർട്ടിയോട് പെരുമാറുന്നുണ്ട്. അതിൽ വല്ലാത്ത മനഃസുഖം അനുഭവിക്കേണ്ട. അതൊന്നും ഞങ്ങളെ വല്ലാതെ കണ്ട് ബാധിക്കുന്ന കാര്യമല്ല. അതിന്റെ ഭാഗമായി തെറ്റു ചെയ്തവരെ മഹത്വവൽക്കരിക്കരുത്.
കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിധി കൽപിക്കേണ്ടത് നീതിന്യായ സംവിധാനമാണ്: നാട്ടിൽ നിലനിൽക്കുന്ന നിയമങ്ങളാണ്. ഇവിടെ, പ്രമേയാവതാരകൻ പരാമർശിക്കുന്ന വ്യക്തിക്കോ വ്യക്തികൾക്കോ എതിരെ ചില സുപ്രധാന നിയമപ്രശ്നങ്ങൾ നിലനിൽക്കുന്നു. നിയമം അതിന്റെ വഴിക്കാണ് പോകേണ്ടത്. നിയമപരമായ നടപടികൾ സ്വാഭാവികമായും സ്വീകരിക്കും. അത് ആരുടേയും മുഖം നോക്കാതെ തന്നെ സ്വീകരിക്കും. അതിൽ ആർക്കും സംശയമോ ആശങ്കയോ വേണ്ടതില്ല.
ഇവിടെ പരാമർശിച്ച വിഷയത്തിൽ അതിവേഗത്തിൽ കാര്യക്ഷമമായി തന്നെ പൊലീസ് ഇടപെട്ടിട്ടുണ്ട്. നൂറു ശതമാനം നിയമപരമായി നടന്ന പൊലീസ് നടപടിയാണുണ്ടായത്. ഗുണ്ടാത്തലവന്മാർക്ക് രക്ഷപ്പെടാൻ പഴുതൊരുക്കൽ ഞങ്ങളുടെ സംസ്കാരത്തിൽപ്പെട്ടതല്ല. അത്തരക്കാരെ ഞങ്ങൾക്ക് സംരക്ഷിക്കേണ്ട ആവശ്യമില്ല. ഒരു ഘട്ടത്തിലും അത്തരത്തിൽ ഒരു നടപടി എൽഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. അത്തരം കാര്യങ്ങളിൽ നിയമപരമായ നടപടിയെടുക്കാൻ പൊലീസിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. അതിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ സർക്കാർ ഇടപെടാറില്ല.
ക്രിമിനലുകളെന്നും കള്ളക്കടത്തുകാരെന്നും ക്വട്ടേഷൻകാരെന്നും വിശേഷിപ്പിക്കപ്പെട്ടവർ ഒരു പ്രത്യേക ഘട്ടത്തിൽ എങ്ങനെയാണ് നിങ്ങൾക്ക് പ്രിയങ്കരർ ആകുന്നത്? അവരുടെ വാക്കുകൾ വല്ലാതെ മഹത്വവൽക്കരിച്ച് അതിന്റെ പങ്ക് ചേർന്ന്, ചാരിനിന്ന് സർക്കാരിനെയും മറ്റും ആക്രമിക്കാനുള്ള വ്യഗ്രതയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.